ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണതിന്റെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍; അന്വേഷണത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഉദ്യേഗസ്ഥര്‍; പൈലറ്റിന്റെ അവസാന സംഭാഷണം കണ്ടെത്താന്‍ ശ്രമം
വാഷിങ്ടണ്‍: അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അന്വേഷണം തുടങ്ങി. എന്താണ് വിമാന അപകടത്തിന് കാരണമെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിമാനത്തേക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും യാത്രാ പാതയും പരിശോധിച്ച് ദുരന്തത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാണ് അധികൃതരുടെ ശ്രമം.
ഈ അപകടം ഒരു സാങ്കേതിക തകരാര്‍ മൂലമാണോ കാലാവസ്ഥയുടെ സ്വഭാവം കാരണമാണോ അല്ലെങ്കില്‍ പൈലറ്റിന്റെ പിഴവാണോ എന്നതും അന്വേഷിക്കും. ഫിലഡല്‍ഫിയയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ഈ ദുരന്തം, വിമാനയാന സുരക്ഷയുടെ പ്രധാന്യം വീണ്ടും ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വാവദങ്ങളിടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നത്.
വിമാനാപകടത്തിന് യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന അധികൃതരും അന്വേഷണ സംഘങ്ങളും ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡാറ്റ, പൈലറ്റിന്റെ അവസാന സംഭാഷണങ്ങള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍, സാങ്കേതിക തകരാര്‍ എന്നിവയെക്കുറിച്ചുള്ള എല്ലാ സാധ്യതകളും പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, അപകടത്തിന് പിന്നിലെ സഞ്ചിതമായ കാരണം വ്യക്തമാകുന്നതിനായി കൂടുതല്‍ സമയം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ ആറ് പേര് മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെകിസികോ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. രണ്ട് എഞ്ചിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വിമാനത്തിന്റെ ചിലവ് വഹിച്ചത് ഒരു ജീവകാരുണ്യ സംഘടനയാണെന്നാണ് വിവരം. ഫിലഡല്‍ഫിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് രോഗിയായ പെണ്‍കുട്ടിയുമായി മിസ്സോറി വഴി മെക്‌സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനം. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും, അമ്മയുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള വീടുകളില്‍ തീ പടര്‍ന്ന് പിടിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ആറ് മരണം. വിമാനം തകര്‍ന്ന് വീണ പ്രദേശത്തെ 19 പേര്‍ക്ക് പരിക്കേറ്റു. ജനുവരി 30ന് വാഷിങ്ങ്ടണില്‍ ഹെലികോപ്റ്ററും വിമാനവും ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 64 പേര്‍ മരിച്ചതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയെ നടുക്കി മറ്റൊരു വിമാന അപകടം കൂടി സംഭവിച്ചത്.