505 പേരില്‍ 110 പേരും നോമിനേഷന്‍ വാങ്ങി...! താര സംഘടനയുടെ ചരിത്രത്തിലെ തീപാറും പോരാട്ടത്തിന് സാധ്യത; ജഗദീഷ് പ്രത്യക്ഷ മത്സരത്തിന് ഇറങ്ങുമ്പോള്‍ ചരടു വലികളിലൂടെ സംഘടനയെ കൈയ്യിലൊതുക്കാന്‍ മന്ത്രി ഗണേഷ് എത്തുമോ? എംഎല്‍എയായ മുകേഷ് മത്സരത്തിനില്ല; മോഹന്‍ലാലിന്റെ പിന്തുണയ്ക്കായി എല്ലാവരും നെട്ടോട്ടം; ജഗദീഷും ശ്വേതയും രവീന്ദ്രനും ജോയ് മാത്യുവും ബാബു രാജും അമ്മയില്‍ പോരിന്
കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് കുഞ്ചാക്കോ ബോബനും വിജയരാഘവനും മത്സരിക്കാന്‍ സാധ്യതയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതാ മേനോനും മത്സരിക്കാനാണ് സാധ്യത. ഇന്ന് വൈകിട്ടോടെ മത്സരത്തിന്റെ ആദ്യ ചിത്രം തെളിയും. തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാമനിര്‍ദ്ദശ പത്രിക പിന്‍വലിക്കുമ്പോഴാകും യഥാര്‍ത്ഥ ചിത്രം കിട്ടു. 505 അംഗങ്ങളാണ് അമ്മയ്ക്കുള്ളത്. ഇതില്‍ 110 പേരും പത്രിക വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്. മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്. ജഗദീഷും ശ്വേതാ മേനോനും ജോയ് മാത്യുവും ബാബുരാജും രവീന്ദ്രനും പത്രിക വാങ്ങിയിട്ടുണ്ട്. ഇതില്‍ ജഗദീഷും ശ്വേതാ മേനോനും രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനാണ് ആലോചിക്കുന്നത്. ജോയ് മാത്യുവും ബാബുരാജും ജനറല്‍ സെക്രട്ടറിയായും മത്സരിച്ചേക്കും. പത്രിക വാങ്ങിയെങ്കിലും ഇടവേള ബാബു മത്സരിക്കുന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മോഹന്‍ലാല്‍ നോ പറഞ്ഞാല്‍ ഇടവേള ബാബു മത്സരിക്കില്ല. അതിനിടെ സംഘടനയില്‍ പിടിമുറുക്കാന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ ശ്രമിക്കുന്നുണ്ട്. മത്സരിച്ചില്ലെങ്കിലും തനിക്ക് വേണ്ടപ്പെട്ടവരെ ജയിപ്പിക്കാനുള്ള കരുക്കള്‍ ഗണേഷ് നടത്തുന്നുണ്ട്. സിപിഎം എംഎല്‍എയായ മുകേഷും വോട്ടെടുപ്പില്‍ പങ്കെടുക്കില്ല.
താര സംഘടന 'അമ്മ'യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന് നടക്കും. മോഹന്‍ലാല്‍ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ആഗസ്റ്റ് 27ന് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുളള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന പൊതുയോഗം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി വീണ്ടും തുടരണമെന്ന് അഭിപ്രായം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കമ്മിറ്റിയില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്നും തനിക്ക് ഭാരവാഹി ആകാന്‍ താല്പര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടന്നത്. നിലവില്‍ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ഓണ്‍ലൈനായി ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു പിരിച്ചുവിടാനുള്ള തീരുമാനം. തിരഞ്ഞെടുപ്പ് വരെ ബാബുരാജിനാണ് സംഘടനയുടെ ചുമതല. തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള താല്‍പ്പര്യക്കുറവ് കാരണമാണ് വാട്‌സാപ്പ് ഗ്രൂപ്പ് ഇല്ലാതെയാക്കിയത്. മോഹന്‍ലാലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇതെല്ലാം. അമ്മയുടെ ഒരു ചുമതലയിലേക്കും ഇനി താനില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.
നടിയാക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മലയാള സിനിമാ രം?ഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. 2017 ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടുകയായിരുന്നു. മോഹന്‍ലാല്‍, സിദ്ദിഖ്, ബാബു രാജ്, ഉണ്ണി മുകുന്ദന്‍, ജയന്‍ ചേര്‍ത്തല, ജഗദീഷ്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സരയു, ടൊവിനോ, അനന്യ, ജോമോള്‍, അന്‍സിബ, ജോയ് മാത്യു, വിനു മോഹന്‍, സുരേഷ് കൃഷ്ണ എന്നിവരായിരുന്നു ഭാരവാഹികള്‍. ഇതില്‍ പലരും വീണ്ടും മത്സരിക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ടൊവിനോയും മത്സരിക്കാതെ മാറി നിന്നേക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ പ്രമുഖരൊന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല. പ്രധാനസ്ഥാനങ്ങളിലേക്ക് മുന്‍നിര താരങ്ങളുണ്ടായിരുന്ന മുന്‍കാല തെരഞ്ഞെടുപ്പുകളിലെ ആവേശം, അവരുടെ അഭാവത്തില്‍ ഇല്ലാതായെന്ന് മത്സരരംഗത്തുള്ളവര്‍ പറഞ്ഞു.
ാെമമ്മൂട്ടിയും മോഹന്‍ലാലും എല്ലാക്കാലത്തും അമ്മ ഭരണസമിതിയുടെ പ്രധാനസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. അവരാരും ഇക്കുറി മത്സരരംഗത്തില്ല. സോമനും മധുവും ഇന്നസെന്റുമൊക്കെ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഇവര്‍ വഹിച്ചിരുന്നു. ഇന്നസെന്റിനൊപ്പം തുടര്‍ച്ചയായ നാല് ടേമില്‍ മോഹന്‍ലാലാണ് ജനറല്‍ സെക്രട്ടറിയായിരുന്നത്. ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന് ടേമിലും പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഹേമ കമ്മിറ്റി വിവാദത്തെ തുടര്‍ന്ന് രാജിവച്ച് ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന അഡ്ഹോക് കമ്മിറ്റിയുടെ അഭ്യര്‍ഥന നിരസിച്ചാണ് അദ്ദേഹം തീരുമാനമറിയിച്ചത്. പേരിനെങ്കിലും അമ്മ ഭരണസമിതിയുടെ ഭാഗമാകുമായിരുന്ന മമ്മൂട്ടിയും ഇക്കുറി ഉണ്ടാകില്ല. സുരേഷ്ഗോപി ആദ്യഘട്ടത്തില്‍ താല്‍പ്പര്യം കാണിച്ചെങ്കിലും ഇപ്പോള്‍ പിന്‍വലിഞ്ഞുനില്‍ക്കുകയാണ്. ഹേമ കമ്മിറ്റി വിവാദത്തില്‍ രാജിവച്ച സിദ്ദിഖും മത്സരിക്കാനിടയില്ല. പ്രധാനതാരങ്ങള്‍ വിട്ടുനിന്നാല്‍ സംഘടനയുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്ന അഭിപ്രായമാണ് അമ്മ അംഗങ്ങളില്‍ പലര്‍ക്കുമുള്ളത്. ഇതിനിടെയാണ് സംഘടനയില്‍ പിടിമുറുക്കാന്‍ പരോക്ഷ ഇടപെടലിലൂടെ ജഗദീഷ് ശ്രമിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ പേര് പ്രധാന സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അവരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബാബുരാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ പത്രിക വാങ്ങുകയും ചെയ്തു. പത്രിക സമര്‍പ്പിച്ചവര്‍ പലരും ഏതുസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല. വിവിധ സ്ഥാനങ്ങളിലേക്കാണ് പലരും പത്രിക നല്‍കിയിട്ടുള്ളത്. 31 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. അന്ന് മാത്രമേ യഥാര്‍ത്ഥ ചിത്രം തെളിയൂ.