നാസര്‍ ലത്തീഫ് ജയന്‍ ചേര്‍ത്തലക്ക് അയച്ച അശ്ലീല സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചോര്‍ത്തി വഷളാക്കിയത് വിനു മോഹനോ? ജയന്‍ ചേര്‍ത്തലയും നാസര്‍ ലത്തീഫും വിവാദത്തില്‍ ചാടിയത് ലക്ഷ്മി പ്രിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നു; അമ്മയുടെ രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേര് മത്സരിക്കുമ്പോള്‍ സംഭവിക്കുന്നത്
നാസര്‍ ലത്തീഫ് ജയന്‍ ചേര്‍ത്തലക്ക് അയച്ച അശ്ലീല സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചോര്‍ത്തി വഷളാക്കിയത് വിനു മോഹനോ?
കൊച്ചി: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. കളങ്കിതരും ആരോപണ വിധേയരായവരും മത്സരരംഗത്തു നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ബാബുരാജിന് അടക്കം പിന്‍മാറേണ്ടി വന്നു. എന്നാല്‍, കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബാബുരാജും സംഘവും. അതിന് വേണ്ടി പലവിധ തന്ത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഇവര്‍ പുറത്തെടുക്കുന്നത്. ഇതോടെ ആകെ വിവാദ കോലാഹലങ്ങള്‍ക്കിടയിലാണ് അമ്മ തിരഞ്ഞെടുപ്പു കടന്നുപോകുന്നത്.
വനിതകള്‍ താരസംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം അമ്മക്കുള്ളിലുണ്ട്. ഇത് വ്യക്തമാക്കുന്ന ഒരു സന്ദേശവും പുറത്തുവന്നിരുന്നു. നാസര്‍ ലത്തീഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. നാസര്‍ ലത്തീഫ് ജയന്‍ ചേര്‍ത്തലക്ക് അയച്ച ഓഡിയോ ക്ലിപ്പാണ് വിവാദത്തിന് ഇടയാക്കിയത്. അമ്മയുടെ വനിതകളെ അധിക്ഷേപിച്ചു കൊണ്ടുള്ള ഈ ഓഡിയോ ചോര്‍ത്തിയത് ജയന്‍ ചേര്‍ത്തലയാണെന്നാണ് നാസര്‍ ആരോപിച്ചത്. എന്നാല്‍, താനല്ല ചോര്‍ത്തലുകാരന്‍ എന്നാണ് ജയന്‍ പറഞ്ഞതും.
നാസര്‍ ലത്തീഫ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതോടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്ന് ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു. ഇതു താനാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞാല്‍ ആ നിമിഷം തിരഞ്ഞെടുപ്പില്‍ നിന്നു മാറി നില്‍ക്കാമെന്നും നടന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ജയാ എന്ന് വിളിച്ചിട്ടാണ് പുള്ളി സംസാരിച്ചിത്. അതിനകത്തെ വിഷയം ഒന്നും ഞാന്‍ പറയുന്നില്ല. ഇത് ഒരു വര്‍ഷം മുമ്പ് പുള്ളി പറഞ്ഞതാണെന്ന് പുള്ളി തന്നെ വേറൊരു വീഡിയോയില്‍ പറഞ്ഞതായി ഞാന്‍ കണ്ടു. സത്യം പറയുകയാണ് ഞാന്‍ ഇതിനെക്കുറിച്ച് നിരപരാധിയാണ്. ഞാന്‍ അത് ആര്‍ക്കും ഇട്ടുകൊടുത്തിട്ടില്ല. ഇത് വൈറല്‍ ആക്കാന്‍ വേണ്ടിയിട്ടോ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കാനോ എന്റെ മൊബൈലില്‍ ആ ക്ലിപ്പ് പോലും ഇല്ല.
ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് എന്റെ അമ്മയാണ്. ഞാന്‍ അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാന്‍ ആ വൃത്തികേട് ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അത് കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ് നിങ്ങള്‍ക്ക് അയച്ചു തന്ന നമ്പര്‍ ഏതാണെന്ന് നോക്കിയിട്ട് നിങ്ങള്‍ക്ക് കൃത്യമായിട്ട് സ്‌പോട്ട് ചെയ്യാന്‍ പറ്റും അത് ആരാണ് അപ്ലോഡ് ചെയ്തത് എന്നുള്ളത്. ഞാനാണ് ഇത് വൈറല്‍ ആക്കിയത് എന്നു പറഞ്ഞ് എന്റെ പേരില്‍ ആരോപണം വരുന്നുണ്ട്. പലരും എന്നോട് സംശയത്തിന്റെ പേരിലും ചോദിച്ചു, അത് വളരെ ദുഃഖകരമാണ്. ഞാന്‍ ഒന്ന് നിങ്ങളെ സാക്ഷി നിര്‍ത്തി സത്യം പറയുകയാണ്. ഇത് ഞാനാണ് ഇട്ടത്, ഞാനാണ് വൈറല്‍ ആക്കിയത് എന്ന് എവിടെയെങ്കിലും ഒരു രേഖ ആരെങ്കിലും ഹാജരാക്കാന്നുണ്ടെങ്കില്‍ ഞാന്‍ അന്ന് ഈ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ജയന്‍ ചേര്‍ത്തല വിശദീകരിച്ചിരുന്നു.
അതേസമയം ജയന്‍ ചേര്‍ത്തലയ്ക്ക് അയച്ച അതേ ഓഡിയോ നാസര്‍ ലത്തീഫ് വിനു മോഹന് അയച്ചിരുന്നു. വിനു മോഹന്റെ കൈയില്‍ നിന്നാണ് ഈ ഓഡിയോ കൈമറിഞ്ഞത് എന്നാണ് ഒരു വിഭാഗം സിനിമാക്കാര്‍ കരുതുന്നത്. ജോയ് മാത്യുവിന്റെ പാനലില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാന്‍ ഇറങ്ങിയ വിനു മോഹന്‍ അന്‍സിബ ഹസന് വേണ്ടി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. വിനു മോഹന്റെ ചാഞ്ചാട്ടം അടക്കം സജീവമായി ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെയാണ് വിവാദ ഓഡിയോ ക്ലിപ്പും പുറത്തായത്.
ജയന്‍ ചേര്‍ത്തലയും നാസര്‍ ലത്തീഫും ഓഡിയോ വിവാദത്തില്‍ കുരുങ്ങിയത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലക്ഷ്മിപ്രിയയുടെ സാധ്യതകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് പിന്മാറിയതോടെ അന്‍സിബ എതിരില്ലാതെ ഭാരവാഹിത്തത്തിലെത്തി. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി.
ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും അവശേഷിക്കുന്നു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജഗദീഷ് പിന്‍വാങ്ങിയത്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്.
ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായര്‍, ആശാ അരവിന്ദ് തുടങ്ങിയവര്‍ പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അങ്ങിനെ ഏറ്റുമുട്ടുന്നവരും പിന്‍വാങ്ങിയവരും റെക്കോഡിട്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.