ചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് എത്താനായില്ല; മഞ്ജു വാര്യരും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കം വോട്ട് രേഖപ്പെടുത്താതെ പ്രമുഖര്‍; അമ്മയെ നയിക്കാന്‍ നാല് സത്രീകള്‍; ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവന്‍; പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്‍; സ്വാഗതം ചെയ്ത് ഡബ്ല്യുസിസി
പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്‍; സ്വാഗതം ചെയ്ത് ഡബ്ല്യുസിസി
കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രമുഖ താരങ്ങള്‍ എന്തുകൊണ്ട് വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നുവെന്ന ചര്‍ച്ചകള്‍ ഉടലെടുക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും താരസംഘടനയിലെ പൊട്ടിത്തെറികള്‍ക്കുമൊടുവിലാണ് 'അമ്മ'യുടെ തലപ്പത്തേക്ക് വനിതകളുടെ സംഘം എത്തുന്നത്. ശ്വേതാ മേനോന്‍ 159 വോട്ടുകളുടെ പിന്‍ബലത്തോടെ അമ്മയിലെ ആദ്യ വനിതാ പ്രസിഡന്റും 172 വോട്ടുകള്‍ നേടി കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും എത്തുമ്പോള്‍ ഇത് സിനിമാ സംഘടനാ ചരിത്രത്തില്‍ ആദ്യ സംഭവമാവുകയാണ്.
അതേ സമയം യുവതാരങ്ങള്‍ അടക്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ കഴിയില്ലെന്ന വിവരം നേരത്തെ വന്നിരുന്നു. മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് ആലി, ജയറാം, ഇന്ദ്രജിത്ത്, ഉര്‍വശി എന്നിവരാണ് വോട്ട് ചെയ്യാനെത്താത്ത പ്രമുഖ താരങ്ങള്‍. ആകെ 504 അംഗങ്ങളാണ് അമ്മയിലുളളത്. ഇത്തവണ പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
ജനറല്‍ സെക്രട്ടറി ആയി കുക്കു പരമേശ്വരന്‍ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയെയാണ് തിരഞ്ഞെടുത്തത്. ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് നടനും മത്സരാര്‍ത്ഥിയുമായിരുന്ന നടന്‍ ദേവനായിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്വേതയോടൊപ്പമുണ്ടാകുമെന്നും ദേവന്‍ പ്രതികരിച്ചു. ഇനി മുതല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ലെന്നും എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നുമാണ് വിജയിച്ചശേഷം ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞത്.തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതയ്ക്ക് വലിയ പിന്തുണയാണ് ദേവന്‍ നല്‍കിയത്. സംവരണമില്ലാതെ സ്ത്രീകള്‍ ജയിച്ചുമുന്നേറി വരട്ടെയെന്നാണ് അദ്ദേഹം മുന്‍പ് പ്രതികരിച്ചത്.
ശ്വേത അമ്മ സംഘടനയുടെ അമ്മയാണെങ്കില്‍ താന്‍ അമ്മ സംഘടനയുടെ അച്ഛനാണെന്നായിരുന്നു ദേവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. വൈകിട്ട് നാലുമണിയോടെ ഫലങ്ങളും പുറത്തുവന്നിരുന്നു.
അതേ സമയം 'അമ്മ' തെരഞ്ഞെടുപ്പില്‍ തലപ്പത്ത് വനിതകള്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി രംഗത്ത് വന്നു. ചരിത്രത്തില്‍ ആദ്യമായാണ് അമ്മ സംഘടയുടെ നേതൃ സ്ഥാനത്തേക്ക് വനിതകള്‍ എത്തുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നന്ദി, അമ്മ എന്ന പേരിന്റെ ഇടയ്ക്ക് വീണ കുത്തുകള്‍ മായ്ച്ചു കളയാനുള്ള കരുത്ത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകള്‍ക്കുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്ഥാപകാംഗം ദീദി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിത്. 'അമ്മ'യുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടതും, മുഖ്യ ഭാരവാഹികളായി പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമാ ലോകത്തിന് പ്രചോദനവുമാണ്. കലയും വനിതാ ശക്തിയും കൈകോര്‍ക്കുന്ന ഈ പുതിയ ടീമിന് ഹൃദയം നിറഞ്ഞ ആശംസകള്‍ -ഉമ തോമസ് കുറിച്ചു. ചീത്ത ശീലങ്ങള്‍ പ്രതിരോധിച്ച് പുതിയ മാറ്റങ്ങള്‍ വന്നു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പലരും ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് ഈ വിജയം. സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ സമീപനത്തിലും മാറ്റം വന്നു എന്ന് വ്യക്തമായെന്നും മാലാ പാര്‍വ്വതി പ്രതികരിച്ചു.