അമ്മ തെരഞ്ഞെടുപ്പില്‍ പൊന്നമ്മ ബാബുവിനെ ഇറക്കി ബാബുരാജിന്റെ തറക്കളികള്‍; ഇതുവരെ ആരും കേള്‍ക്കാത്ത മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പു പ്രചരണത്തില്‍ കത്തുന്നു; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി ആകാതിരിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും; പൊന്നമ്മ ബാബുവിന്റെ മെമ്മറി കാര്‍ഡിന് തീപിടിക്കുമ്പോള്‍..

പൊന്നമ്മ ബാബുവിന്റെ മെമ്മറി കാര്‍ഡിന് തീപിടിക്കുമ്പോള്‍..

Update: 2025-08-05 02:38 GMT

കൊച്ചി: താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോള്‍ വ്യക്തിഹത്യയിലേക്കും കാര്യങ്ങള്‍ നടക്കുന്നു. അമ്മയില്‍ ഇക്കുറി വനിതാ ഭാരവാഹികള്‍ സ്ഥാനത്ത് എത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഇതിന് പിന്നില്‍ നടന്‍ ബാബുരാജാണ് എന്നതാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കാന്‍ നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാല്‍ നിരവധി കേസുകളില്‍ പ്രതിയായ വിവാദ നായകന്‍ മത്സരിക്കുന്നതിനോട് ശക്തമായ എതിര്‍പ്പുയര്‍ന്നു. ഇതോടെ ബാബുരാജ് പിന്‍മാറുകയാണ് ചെയ്തത്. സരിത എസ് നായര്‍ അടക്കം ബാബുരാജിനെതിരെ സാമ്പത്തിക ആരോപണം ഉയര്‍ത്തി രംഗത്തുവന്നിരുന്നു.താന്‍ മോഹിച്ച ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് പൊന്നമ്മ ബാബുവിനെ കളത്തില്‍ ഇറക്കിയത് ബാബുരാജാണെന്നാണ് മറ്റു സിനിമാക്കാര്‍ ആരോപിക്കുന്നത്.

ഇതുവരെ ആരും കേട്ടിട്ടില്ലാത്ത മെമ്മറി കാര്‍ഡ് വിവാദം ഉയര്‍ത്തുന്നതിന് പിന്നിലും ബാബുരാജിന്റെ തന്ത്രങ്ങളാണ്. ബാബുരാജ് മത്സരിക്കുന്നതിന് എതിരെ പരസ്യമായ മാല പാര്‍വതി അടക്കം രംഗത്തുവന്നിരുന്നു. ഇതോടെ മാലാ പാര്‍വതിക്കെതിരെയും ബാബുരാജ് പക്ഷം രംഗത്തുവന്നു. ഇപ്പോള്‍ ഒരു മെമ്മറി കാര്‍ഡിന്റെ പേരില്‍ വിഴുപ്പലക്കലാണ് അമ്മയില്‍ നടക്കുന്നത്. കുക്കു പരമേശ്വരനെതിരെ ലക്ഷ്യമിട്ട് കൂടുതല്‍ പേരെ ബാബുരാജ് കളത്തിലിറക്കിയിട്ടുണ്ട്.


Full View

സ്ത്രീകളുടെ ദുരനുഭവങ്ങള്‍ പങ്കുവെക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ പുറത്തുവിടണമെന്ന് കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടു. കുക്കൂവിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും നടക്കുന്നു. പ്രതികരണത്തിനില്ലെന്നും നടക്കുന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് കുക്കു പറയുന്ന്. അതേസമയം സിനിമാ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കുക്കു പരമേശ്വരനാണ് തന്നെ വിളിച്ചതെന്നും അവിടെ എത്തിയപ്പോള്‍ ക്യാമറ കണ്ടിരുന്നെന്നും പ്രിയങ്ക പറഞ്ഞു. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ ക്യാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ചിരുന്നു.

അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു? ആ ഹാര്‍ഡ് ഡിസ്‌ക് നമുക്ക് കിട്ടണമെന്നും പ്രിയങ്ക പറഞ്ഞു. കുക്കു പരമേശ്വരന് അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് അമ്മയിലെ സ്ത്രീകള്‍ ഒരുമിച്ചുകൂടി സിനിമ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുന്‍കൈയെടുത്തതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. യോഗം വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

അതിന്റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് ഈ മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോള്‍ മെമ്മറി കാര്‍ഡ് തങ്ങളുടെ കൈവശം ഇല്ലെന്നാണ് പറയുന്നത്. മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. മെമ്മറി കാര്‍ഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

ഒപ്പം നടി മാല പര്‍വതിയെയും പൊന്നമ്മ ബാബു വിമര്‍ശിച്ചിരുന്നു. മെമ്മറി കാര്‍ഡ് വിവാദത്തില്‍ മാല പാര്‍വതി എന്തിനാണ് ഇടയില്‍ നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു. ഇതെല്ലാം ഒരു കോമഡി ആയി ഫീല്‍ ചെയ്യുന്നു എന്നാണ് മാല പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സ്ത്രീകളുടെ പ്രശ്നം അവര്‍ക്ക് എങ്ങനെയാണ് കോമഡി ആയി തോന്നിയതെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു. മാലാ പാര്‍വതി സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളല്ല എന്നും പൊന്നമ്മ ബാബു പ്രതികരിച്ചു.

തനിക്കെതിരെ പൊന്നമ്മ പ്രതികരിച്ചതോടയാണ് മാല പാര്‍വതിയും രംഗത്തുവന്നത്. കാര്‍ഡ് വിവാദം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമണെനനാണ് മാലാ പാര്‍വതി പ്രതികരിച്ചത്. തങ്ങള്‍ക്ക് സിനിമാ മേഖലയില്‍നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചുള്ള 'അമ്മ' വനിതാ അംഗങ്ങളുടെ തുറന്നുപറച്ചില്‍ ചിത്രീകരിച്ചുവെന്ന് പറയുന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയം 2018 മുതല്‍ 2025 വരെ നടന്ന ജനറല്‍ ബോഡികളില്‍ ഒന്നിലും ഉന്നയിച്ചിട്ടില്ല. ആഭ്യന്തര പരിഹാരസമിതി അംഗമായിരുന്ന സമയത്ത് തനിക്കുമുന്നിലും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കുന്നു.

തനിക്കെതിരായി പൊന്നമ്മ ബാബു ഉന്നയിച്ച ആരോപണത്തിനും മാലാ പാര്‍വതി മറുപടി നല്‍കി. നടി ഉഷാ ഹസീനയ്ക്ക് അയച്ച വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു മറുപടി. ഹേമ കമ്മിറ്റിയിലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്നം മാധ്യമങ്ങളില്‍ കണ്ടതുമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് താന്‍ കാണുന്നതെന്നാണ് മാല പാര്‍വതി വ്യക്തമാക്കുന്നത്.

എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതില്‍നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാന്‍ അതിശയിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉഷ ഹസീനയ്ക്ക് ഞാന്‍ ദിവ്യ ഐയ്യര്‍ ഐഎസിന്റേയും മെറിന്‍ ജോസഫ് ഐപിഎസിന്റേയും നമ്പറുകള്‍ ഷെയര്‍ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവര്‍ പറയും എന്ന് പ്രതീക്ഷ എനിക്കില്ല. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യാം.

ബാബുരാജ് ഇലക്ഷന് നില്‍ക്കരുത്, എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ ഇലക്ഷനില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. നാമനിര്‍ദേശിക പിന്‍വലിച്ച് അദ്ദേഹം ഇട്ട പോസ്റ്റില്‍ തന്നെ വരാനിരിക്കുന്ന അറ്റാക്കിന്റെ സൂചന ഉണ്ടായിരുന്നുവെന്നും മാലാ പാര്‍വതി വ്യക്തമമാക്കുന്നു. ഓഗസ്റ്റ് 15 നാണ് താരസംഘടനയുടെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കമ്മറ്റി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം.

Tags:    

Similar News