ജീവനൊടുക്കുന്നതിന്റെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്; 'എന്റെ ഭൗതികശീരം പോലും ആര്‍എസ്എസുകാരെ കാണിക്കരുതെ' ന്ന് ആത്മഹത്യാ സന്ദേശത്തില്‍; ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ആരോപണം ബിജെപി തള്ളിയപ്പോള്‍ ഏറ്റുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും
ജീവനൊടുക്കുന്നതിനിടെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ മരണത്തിനു തലേന്ന്, വെളളിയാഴ്ച ശിവസേന (യുബിടി)യില്‍ അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്തുനിന്ന് മത്സരിക്കുന്നതിനിടെ ഭീഷണിയുണ്ടായെന്നും, ഇത് മറികടക്കാനാണ് ശിവസേനയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.
ശനിയാഴ്ച വൈകിട്ടോടെയാണ് ആനന്ദിനെ വീടിന് പുറകിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം ശിവസേന (യുബിടി) സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമലയില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തൃക്കണ്ണാപുരം വാര്‍ഡില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും തിങ്കളാഴ്ച വാര്‍ഡ് കണ്‍വെന്‍ഷന്‍ വിളിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷിക്കാതെ ആനന്ദ് ജീവനൊടുക്കുകയായിരുന്നു.ആനന്ദിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും.
സ്വയം ജീവനൊടുക്കുന്നതിന് മുമ്പ് എഴുതിയ ആത്മഹത്യാകുറിപ്പില്‍, ബിജെപിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ ആനന്ദ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍ (ഉദയകുമാര്‍), നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസ് നഗര്‍ കാര്യവാഹക് രാജേഷ് എന്നിവര്‍ 'മണ്ണ് മാഫിയ'യാണെന്നും, അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയ വിനോദ് കുമാര്‍ (അനി) യെ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആനന്ദ് കുറിപ്പില്‍ ആരോപിക്കുന്നു. 'ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനന്ദിന്റെ ആരോപണങ്ങള്‍
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താത്പര്യം താന്‍ ആര്‍.എസ്.എസ് ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണു മാഫിയാ സംഘം ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ തനിക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആകാന്‍ സാധിച്ചില്ല. അതിനാല്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ആനന്ദ് ആത്മഹത്യാ സന്ദേശത്തില്‍ പറയുന്നത്.
എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതോടെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ദം തനിക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും എന്നില്‍ നിന്ന് അകന്നുപോവുകയാണെന്നും ആനന്ദ് പറയുന്നുണ്ട്. എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല,പക്ഷേ ബി.ജെ.പി പ്രവര്‍ത്തകരെയും ആര്‍.എസ്,എസ് പ്രവര്‍ത്തകരെയും ആ ഭൗതിക ശരീരം കാണാന്‍് പോലും അനുവദിക്കരുതെന്നും ആനന്ദ് അഭ്യര്‍ത്ഥിച്ചു. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്.
ഈ മരണത്തിന് തൊട്ടുമുമ്പു വരെയും ഞാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു വിധി ഉണ്ടാകരുതെന്നും ആനന്ദ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.
അതേസമയം ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ ആനന്ദിന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കരമന ജയനും ഇതേ നിലപാട് ആവര്‍ത്തിച്ചു.
ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ പാര്‍ട്ടിക്കെതിരായ ആരോപണം തള്ളി ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ വി വി രാജേഷ്. സംഭവം ദുഃഖകരമാണെന്ന് വി വി രാജേഷ് പറഞ്ഞു. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ ബിജെപി പങ്കുചേരുന്നു.
വാര്‍ഡില്‍ നിന്നും മൂന്നു പേരുകളാണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടികയിലേക്ക് ലഭിച്ചത്. ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരിക്കാം, സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്ന് മനസിലാക്കുന്നു. എന്നാല്‍ പാര്‍ട്ടിക്ക് മുന്‍പില്‍ വന്ന പട്ടികയില്‍ പേരുണ്ടായിരുന്നില്ല.
ഇത്തരം മരണങ്ങള്‍ ഇടത് വലത് മുന്നണികള്‍ രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയല്ല. സംഭവം പാര്‍ട്ടി പ്രാദേശിക ഘടകവും പോലീസും അന്വേഷിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.
വിവിധ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍:
ഈ സംഭവം ഗുരുതരമായ സാഹചര്യമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് പ്രതികരിച്ചു. ആര്‍എസ്എസും ബിജെപിയും ഭീകരസംഘടനകളായി മാറിയെന്നും, ബിജെപി-ആര്‍എസ്എസ് മാഫിയകള്‍ക്കൊപ്പമാണെന്നും അദ്ദേഹം ആരോപിച്ചു. രാജീവ് ചന്ദ്രശേഖര്‍ വന്നശേഷമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവരും വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും വ്യക്തമാക്കി.
ബിജെപിയിലെ ഉള്‍പ്പോര് ജീവനെടുക്കുന്ന ഗൗരവതരമായ സാഹചര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. ബിജെപി നേതൃത്വം ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പൊലീസ് വീട്ടിലെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
