ചെലാനുകള്‍ വ്യാജമായുണ്ടാക്കി മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ ചാവറ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനെ പറ്റിച്ചു; ആ കേസില്‍ ആരോ പണമടച്ചത് കേസൊഴിവാക്കാന്‍; ആ വ്യക്തിയെ കണ്ടെത്തിയത് നിര്‍ണ്ണായകമായി; ഒടുവില്‍ 'വെണ്ടര്‍ ഡാനിയല്‍' കുടുങ്ങി; ഡിസിസിയെ നയിക്കാന്‍ ശക്തനെത്തിയപ്പോള്‍ അനന്തപുരി മണികണ്ഠന്‍ എത്തുന്നത് അഴിക്കുള്ളില്‍; കവടിയാറിലെ പ്രതിയെ മുന്‍ മന്ത്രിയും കൈവിട്ടു; മേയറാകന്‍ കൊതിച്ച നേതാവ് അകത്തായ കഥ

Update: 2025-07-29 05:48 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാറിലെ ഭൂമി തട്ടിപ്പ് കേസില്‍ ഡിസിസി അംഗമായ അനന്തപുരി മണികണ്ഠന്‍ പിടിയിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളിലൂടെ. ബെംഗളൂരിവില്‍ വെച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് മണികണ്ഠന്‍ എന്നാണ് പൊലീസ് പറയുന്നത്. കോണ്‍ഗ്രസില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് നിര്‍ണ്ണായകമായത്. മുന്‍ മന്ത്രിയാണ് അനന്തപുരി മണികണ്ഠനെ സംരക്ഷിക്കുന്നതെന്ന വാദം സജീവമായിരുന്നു. ഈ നേതാവിനെ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളിലൂടെയാണ് ബംഗ്ലൂരുവിലെ ഒളിത്താവളം പോലീസ് കണ്ടെത്തുന്നത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പാലോട് രവിയെ മാറ്റിയപ്പോള്‍ ഡിസിസി അധ്യക്ഷനാകാന്‍ ഈ നേതാവും ചരടു വലികള്‍ നടത്തിയിരുന്നു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് എന്‍ ശക്തന്‍ ഡിസിസി ചുമതലയില്‍ എത്തി. ഇതിന് പിന്നാലെയാണ് ഡിസിസി അംഗത്തെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അനന്തപുരി മണികണ്ഠനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുമെന്നും സൂചനയുണ്ട്.

ആസൂത്രിതമായ തട്ടിപ്പായിരുന്നു കവടിയാറിലെ ജവഹര്‍ നഗറില്‍ നടന്ന ഭൂമി തട്ടിപ്പില്‍ നടന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകള്‍ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസില്‍ രണ്ട് പേരെയും കൂടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. കേസില്‍ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവരെ മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടന്നത്. ഈ നീക്കത്തിന്റെയെല്ലാം ആസൂത്രകന്‍ മണികണ്ഠനാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. നിരവധി നേതാക്കളുടെ പ്രമാണം രജിസ്റ്റര്‍ ചെയ്തത് വെണ്ടര്‍ ഡാനിയല്‍ എന്നറിയപ്പെടുന്ന അനന്തപുരി മണികണ്ഠന്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ബിനാമി ഭൂമി ഇടപാടുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനെ കൈവിടാതെ നോക്കിയത്. എന്നാല്‍ വാര്‍ത്തകള്‍ നേതാവിലേക്കും വിരല്‍ ചൂണ്ടിയപ്പോള്‍ അനന്തപുരി മണികണ്ഠനെ കൈവിടേണ്ട സാഹചര്യമുണ്ടായി എന്നും സൂചനകളുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണികണ്ഠന്‍ മത്സരിച്ചിരുന്നു. ഇത്തവണ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച് കോണ്‍ഗ്രസിന്റെ മേയറാകാനായിരുന്നു ശ്രമം. ഇതിനിടെയാണ് കേസ് വരുന്നത്. മണികണ്ഠന്റെ സഹോദരന്‍ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാംപ് എടുത്തതും റജിസ്ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്. സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ സഹോദരന്റെ ലൈസന്‍സ് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. ജവഹര്‍ നഗറിലെ ഒന്നരക്കോടി രൂപയുടെ വസ്തു തട്ടിപ്പ് കേസില്‍ മുഖ്യ സൂത്രധാരനാണ് മണികണ്ഠന്‍. തിരുവനന്തപുരം ഡി സി സി അംഗമാണ്. തട്ടിപ്പ് നടത്തിയ മെറിന്‍ ജേക്കബ് എന്ന സ്ത്രീക്ക് ആവശ്യമായ രേഖകള്‍ നല്‍കിയത് മണികണ്ഠന്‍ ആണെന്നാണ് പൊലീസ് കണ്ടെത്തല്‍. മണികഠന്‍ പറഞ്ഞതിനനുസരിച്ചാണ് രേഖകളില്‍ ഒപ്പിട്ടതെന്നാണ് റിമാന്‍ഡില്‍ കഴിയുന്ന മെറിന്‍ ജേക്കബ് മൊഴി നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ തട്ടിയെടുത്തത്. കേസില്‍ പിടിയിലായ കൊല്ലം സ്വദേശി മെറിന്റെയും വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാര്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെത്തിച്ചു. ക്യാന്‍സര്‍ രോഗിയാണ് വസന്ത. വ്യാജരേഖയുണ്ടാക്കി വസ്തു വാങ്ങിയ കേസിലെ നാലാം പ്രതിയായ ചന്ദ്രസേനന്‍ വെള്ളിയാഴ്ച മ്യൂസിയം പൊലീസില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് അറിവില്ലായിരുന്നെന്നും മണികണ്ഠന്റെ അ ക്കൗണ്ടിലേക്ക് വീട് വാങ്ങിയ വകയായി ഒന്നേകാല്‍ കോടി രൂപ നല്‍കുകയായിരുന്നെന്നുമാണ് ചന്ദ്രസേനന്‍ പറഞ്ഞത്. വസ്തു ഇടപാട് നടത്തിയത് മകളുടെ ഭര്‍ത്താവും വ്യവസായിയുമായ അനില്‍ തമ്പിയും മണികണ്ഠനും തമ്മിലാണെന്നും ചന്ദ്രസേനന്‍ പറഞ്ഞു. വസ്തുവിന്റെ വിലയാധാരം അനില്‍ തമ്പിയുടെ കൈവശമാണെന്നും മൊഴിയിലുണ്ട്. ചന്ദ്രസേനന്റെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അനില്‍ തമ്പിയെയും സംശയത്തില്‍ കാണുന്നുണ്ട്. വ്യാജ പ്രമാണത്തില്‍ സാക്ഷിയായി ഒപ്പുവച്ചതും അയല്‍ക്കാരെ ഭീഷണിപ്പെടുത്തി വീട് കൈയേറിയതും അനില്‍ തമ്പിയാണ്. ജവഹര്‍ നഗറിലുള്ള ഫ്‌ലാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇയാളുടെ ഇടപാടുകള്‍ ദുരൂഹമാണെന്ന് പൊലീസ് പറയുന്നു.

കേസിലെ ഒന്നാം പ്രതി പുനലൂര്‍ ചണ്ണപ്പേട്ട മണക്കാട് പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27), രണ്ടാം പ്രതി വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട് വീട്ടില്‍ വസന്ത (75) എന്നിവരെ ബന്ധപ്പെട്ടതും ഇവരുടെ വ്യാജരേഖകള്‍ നിര്‍മിച്ചതും മണികണ്ഠനാണ്. ആള്‍മാറാട്ടത്തിന് പണം ലഭിച്ചെന്നും മണികണ്ഠന്‍ പറഞ്ഞതനുസരിച്ച് ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നുമാണ് ഇവരുടെ മൊഴി. ചെലാനുകള്‍ വ്യാജമായുണ്ടാക്കി മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ ചാവറ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനെയും മണികണ്ഠന്‍ പറ്റിച്ചതായി പരാതിയുണ്ട്. ഏഴ് വസ്തുക്കളുടെ രജിസ്ട്രേഷനായാണ് ട്രസ്റ്റ് ആധാരമെഴുത്തുകാരനായ മണികണ്ഠനെ സമീപിച്ചത്. 29,285 രൂപവെച്ചുള്ള മാറനല്ലൂര്‍ ട്രഷറിയിലെ ഏഴ് ചെലാന്‍ മണികണ്ഠന്‍ വ്യാജമായുണ്ടാക്കി നല്‍കുകയായിരുന്നുവെന്നാണ് പരാതി. ട്രസ്റ്റിന്റെ ഓഡിറ്റ് വിഭാഗമാണ് ട്രഷറി രസീതുകള്‍ വ്യാജമാണെന്നു സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മാറനല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഫീസുകള്‍ രജിസ്ട്രാര്‍ ഓഫീസിന്റെ രേഖകളില്‍ വന്നിട്ടില്ലായെന്ന് കണ്ടെത്തി. മാറനല്ലൂരിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കായി ഏഴു പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളിലായി 21,04,525 രൂപയാണ് ആകെ ചെലവായതെന്ന് ഓഡിറ്റില്‍ കണ്ടെത്തി. എന്നാല്‍, മണികണ്ഠന്‍ 32,90,000 രൂപ കൈപ്പറ്റി. അധികമായി വാങ്ങിയ 11,85,475 രൂപ തിരിച്ചുവാങ്ങണമെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചു. മേയ് 27-ന് ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മണികണ്ഠന്‍ 918,750 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.

ബാക്കി തുക പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഇതിനിടയിലാണ് ജവഹര്‍നഗറിലെ തട്ടിപ്പ് പുറത്തുവരുന്നത്. ഇതോടെ ട്രസ്റ്റ് ഭാരവാഹി ഫാ. സോജന്‍ സിറിയക് ആന്റണി മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് രണ്ടു ദിവസത്തിനകം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ബാക്കി തുക മണികണ്ഠന്റെ പേരില്‍ ആരോ അടയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി പിന്‍വലിച്ചതായി ഫാ. സോജന്‍ പറഞ്ഞു. അതേസമയം വ്യാജ ചെലാന്‍ നിര്‍മിച്ചതിനെടുത്ത കേസില്‍ നിയമനടപടികള്‍ തുടരുകയാണ്. ചാവറ ട്രസ്റ്റില്‍ പണം അടച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ നിരീക്ഷിച്ചതില്‍ നിന്നാണ് മണികണ്ഠനിലേക്കുള്ള തുമ്പ് കണ്ടെത്തിയതെന്നാണ് സൂചന.

Tags:    

Similar News