അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥ
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി വരുമ്പോള്‍ നിര്‍ണ്ണായകമായത് മാധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍. വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ നടത്തിയ ഇടപെടലുകളാണ് കേസിന്റെ ഗതി മാറ്റിയത്. കേസില്‍ വഞ്ചനാക്കുറ്റം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അനില്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇത് കോടതി അംഗീകരിക്കുകയും ചെയ്തതോടെയാണ് ആന്റണി രാജുവിനെതിരെയുള്ള കുരുക്ക് മുറുകിയത്. മനോരമയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു അന്ന് അനില്‍. മനോരമയുമായി അകലം പാലിച്ചിരുന്ന കാലത്ത് ഫെയ്‌സ് ബുക്കിലൂടെയാണ് അനില്‍ വിവരങ്ങള്‍ പുറത്തു വിട്ടത്.
ഈ കേസിലെ ഓരോ ഘട്ടത്തിലുമുള്ള അട്ടിമറി ശ്രമങ്ങളും അജ്ഞാതമായിരുന്ന വിവരങ്ങളും പുറത്തുകൊണ്ടുവന്നത് അനിലിന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനമായിരുന്നു. 2006-ല്‍ കുറ്റപത്രം നല്‍കിയിട്ടും 16 വര്‍ഷത്തോളം വിചാരണയില്ലാതെ കേസ് കെട്ടിക്കിടന്നതും പ്രതികള്‍ കോടതിയില്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതും ഇദ്ദേഹമാണ് പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത്. നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചുകൊണ്ട് നടത്തിയ വഞ്ചന കൂടി കുറ്റപത്രത്തില്‍ ചേര്‍ത്തതോടെ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടഞ്ഞു. അങ്ങനെ ആ കേസ് വിധിയിലേക്കും എത്തി. തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ വാര്‍ത്തകള്‍ മനോരമ ന്യൂസ് മുക്കിയതില്‍ പ്രതിഷേധിച്ച് ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവല്‍ രാജിവച്ചതും വാര്‍ത്തയായി. ദീര്‍ഘകാലമായി മനോരമ ന്യൂസില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, സ്ഥാപനം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വാര്‍ത്തകള്‍ തമസ്‌കരിക്കുന്നു എന്നാരോപിച്ചാണ് പടിയിറങ്ങിയത്.
ആന്റണി രാജു കുറ്റക്കാരനാണെന്ന ഇപ്പോഴത്തെ കോടതി വിധിക്ക് പിന്നില്‍ അനില്‍ ഇമ്മാനുവല്‍ നടത്തിയ ഈ നിയമ-മാധ്യമ പോരാട്ടങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1990-ല്‍ തുടങ്ങിയ കേസ് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നും, അത് പുറത്തുകൊണ്ടുവന്നതില്‍ താന്‍ നേരിട്ട വെല്ലുവിളികളും അനില്‍ പറയുന്നത് ഇങ്ങനെയാണ്. 2022-ല്‍ ഒരു ചര്‍ച്ചയ്ക്കിടെ അഡ്വക്കേറ്റ് ജയശങ്കര്‍ ഈ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചതാണ് അനിലിന്റെ ശ്രദ്ധ ഇതിലേക്ക് തിരിക്കാന്‍ കാരണമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ അനില്‍ രേഖകള്‍ തേടിയിറങ്ങി. 2006-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് 16 വര്‍ഷമായി ഒരു വിചാരണയുമില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് അന്ന് അനില്‍ കണ്ടെത്തി. പ്രതികളായ ആന്റണി രാജുവും കോടതി ജീവനക്കാരന്‍ ജോസും തങ്ങള്‍ ആ കോടതിയില്‍ ഉള്ളവരാണെന്ന കാരണം പറഞ്ഞ് വിചാരണ പല കോടതികളിലേക്ക് മാറ്റുകയായിരുന്നു.
വിചാരണയില്ലാതെ 16 വര്‍ഷം കേസ് നീണ്ടുപോയിട്ടും പ്രതികള്‍ക്കെതിരെ ഒരു വാറണ്ട് പോലും പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല എന്നത് അസാധാരണമായിരുന്നു. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റ് പോലും എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ നിയമപരമായ അവകാശങ്ങള്‍ ഉപയോഗിച്ച് അനില്‍ നിര്‍ണ്ണായകമായ കോടതി രേഖകള്‍ കൈക്കലാക്കി. താന്‍ ജോലി ചെയ്തിരുന്ന മനോരമ ന്യൂസില്‍ ഈ വാര്‍ത്തകള്‍ പരമ്പരയായി നല്‍കാന്‍ അനില്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരിനെ ബാധിക്കുമെന്ന കാരണത്താല്‍ മാനേജ്‌മെന്റ് അത് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അനില്‍ മനോരമയില്‍ നിന്നും രാജിവയ്ക്കുകയും വാര്‍ത്തകള്‍ സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തു. ഇത് പിന്നീട് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് വഴിയൊരുക്കി.
ആദ്യഘട്ടത്തില്‍ കേസില്‍ ഉള്‍പ്പെടാതിരുന്ന ഐപിസി 409 (പൊതുസേവകന്റെ വിശ്വാസവഞ്ചന) എന്ന ഗുരുതര വകുപ്പ് പ്രതികള്‍ക്കെതിരെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ ഹൈക്കോടതിയെ സമീപിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആന്റണി രാജു നടത്തിയ ഇടപെടല്‍ ഗൗരവകരമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതോടെ ഈ വകുപ്പുകള്‍ കൂടി വിചാരണയില്‍ ഉള്‍പ്പെടുത്തി. ഇതാണ് പ്രതിക്ക് ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത ശിക്ഷയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
മനോരമയില്‍ നിന്നും രാജിവച്ച ശേഷം അനില്‍ ഇമാനുവല്‍ ഇട്ട പോസ്റ്റ് ചുവടെ
അനില്‍ ഇമ്മാനുവേല്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് നേരിട്ടൊരു യാത്ര പറച്ചിലിന് അവസരമില്ല, പടിയിറങ്ങുകയാണ്. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ പലരോടും ഉണ്ടായിട്ടുണ്ടെങ്കിലും മനോരമ എന്ന വലിയ കുടുംബത്തോട് ഇഷ്ടം മാത്രമേയുള്ളു. അതുകൊണ്ട് തന്നെയാണ് കയ്യില്‍ വന്ന തരക്കേടില്ലാത്ത ഒരു വാര്‍ത്ത ഇവിടെ കൊടുക്കാന്‍ കഴിയില്ലെന്ന് തീരുമാനം ഫൈനലായി എന്നെ അറിയിച്ചശേഷവും, അത് മറ്റൊരിടത്തും കൊണ്ടുപോയി കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്; പലരും ആവശ്യപ്പെട്ടെങ്കിലും. 3,4 മാസത്തോളം അതിനായി കൂടെ നിന്നവരോടുള്ള മര്യാദയെക്കരുതിയാണ്, നശിപ്പിച്ച് കളയാതെ ഒടുവിലത് എനിക്ക് അവയ്ലബിള്‍ ആയ, എന്റെ തന്നെയൊരു പ്ലാറ്റ്ഫോമില്‍ ഇട്ടത്.
കുലംകുത്തിയായി ഇറങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ടും, എന്നാലങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത് മനസിലാക്കുന്നതുകൊണ്ടും ചുരുക്കത്തില്‍ ഇത്രയും അറിയിച്ചെന്ന് മാത്രം. ഇനിയും സംശയമുള്ളവര്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കാം. തെളിവ് സഹിതം സംസാരിക്കാവുന്നതെയുള്ളൂ. ഒഫീഷ്യല്‍ ഫോണ്‍ മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡിസ്‌കണക്ട് ആക്കിയിട്ടുണ്ട്. അടുത്തത് എന്തെന്ന് തീരുമാനിച്ചിട്ടില്ല. ഈ ജോലി മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അന്തസ്സും ആത്മാഭിമാനവും അടിയറ വയ്ക്കാതെ നില്‍ക്കാന്‍ കഴിയണമെന്ന് മാത്രമാണ് നിര്‍ബന്ധമുള്ളത്.
