ഐക്യരാഷ്ട്രസഭയില്‍ സ്വതന്ത്ര പലസ്തീനെ എതിര്‍ത്ത് വോട്ടു ചെയ്ത് അര്‍ജന്റീന; യുഎന്നിലെ വോട്ടിന്റെ പ്രതിഫലനം ഇങ്ങ് കേരളത്തിലും; അന്‍ജന്റീനയുടെ നിലപാടില്‍ മെസ്സിക്കെതിരെ സൈബറിടത്തില്‍ വിമര്‍ശനം; 'ഫുട്‌ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതില്‍ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക' എന്ന് ഫേസ്ബുക്ക് കുറിപ്പ്

'ഫുട്‌ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതില്‍ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക'

Update: 2025-09-14 10:57 GMT

കോഴിക്കോട്: സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചു ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം. അങ്ങനയുള്ള കേരളത്തില്‍ പലസ്തീന്‍ വിഷയവും എക്കാലവും രാഷ്ട്രീയ വിഷയമായി മാറാറുണ്ട്. ഇപ്പോഴിതാ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളാ സന്ദര്‍ശനവും ഒരു രാഷ്ട്രീയ വിഷയമായ മാറുകയാണ്. ഇതിന് കാരണം ആകട്ടെ ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന്‍ രാഷ്ട്രത്തിന് എതിരായി അര്‍ജന്റീന വോട്ടു ചെയ്തതാണ്.

ഇസ്രായേല്‍ ഫലസ്തീന്‍ ദ്വിരാഷ്ട്ര പരിയാഹാരത്തിന് വേണ്ടിയുള്ള 'ന്യൂയോര്‍ക്ക് പ്രഖ്യാപന പ്രമേയം' ഐക്യരാഷ്ട്രസഭയില്‍ പാസായിരുന്നു. ഇന്ത്യയുള്‍പ്പെടെ 142 രാഷ്ട്രങ്ങളാണ് സ്വതന്ത്ര ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തത്. 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 10 രാജ്യങ്ങള്‍ പ്രമേയത്തിന് എതിര്‍ത്ത് വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തതിന്റെ പേരിലാണ് മെസ്സി കേരളത്തില്‍ വിമര്‍ശനം നേരിടുന്ന്.

ലോകവ്യാപകമായി വലിയ ആരാധന പിന്തുണയുള്ള ഫുട്‌ബോള്‍ ടീമാണ് അര്‍ജന്റീന. മാത്രമല്ല ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോടുള്ള ആരാധനയും അര്‍ജന്റീന ടീമിന് കേരളത്തിലടക്കം വലിയ ആരാധക വൃന്ദത്തെ നേടികൊടുത്തിട്ടുണ്ട്. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടരാജ്യമായ അര്‍ജന്റീന പലസ്തീന് എതിരെ വോട്ട് ചെയ്തതില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കാന്തപുരം വിഭാഗം മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദലി കിനാലൂര്‍.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്ന പ്രമേയത്തെ അര്‍ജന്റീന എതിര്‍ത്ത വിവരം കേരളത്തില്‍ വന്‍ചര്‍ച്ചയായകതോടയാണ് കിനാലൂരിനെ പോലുള്ളഴര്‍ അഭിപ്രായവുമായി രംഗത്തുവന്നത്. ലയണല്‍ മെസിയുടെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും വരവിനായി കേരളം കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎന്നിലെ നിലപാട് ഇവിടെ വിവാദമായത്.

പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന് പിന്തുണ നല്‍കുന്ന അര്‍ജന്റീനയ്ക്കുവേണ്ടി ലോകകപ്പ് കാലങ്ങളില്‍ എത്ര ബാനറുകളാണ് കേരളത്തില്‍ ഉയര്‍ന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദലി കിനാലൂര്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു. മെസിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളികളുടെ കൂട്ടത്തില്‍ താനില്ലെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'ഐക്യരാഷ്ട്ര സഭയില്‍ സ്വതന്ത്ര ഫലസ്തീനെ എതിര്‍ത്ത് വോട്ട് ചെയ്തത് പത്ത് രാജ്യങ്ങളാണ്. അമേരിക്കയും ഇസ്രയേലും അതിലുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശേഷിക്കുന്ന എട്ട് രാജ്യങ്ങളിലൊന്ന് അര്‍ജന്റീനയാണ്. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടരാജ്യം. ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനു പിന്തുണ നല്‍കുന്ന ആ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമിന് വേണ്ടി എത്ര ബാനറുകളാണ്/ബോര്‍ഡുകളാണ് ലോകകപ്പ് കാലത്ത് കേരളത്തിന്റെ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും മെസ്സിയുടെ വരവിനായി കാത്തിരിപ്പല്ലേ മലയാളികള്‍ (അക്കൂട്ടത്തില്‍ ഞാനില്ല). ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയില്‍ ചവിട്ടി നില്‍ക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്‌ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതില്‍ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക. യു എന്നില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനു അനുകൂലമായാണ് നമ്മുടെ രാജ്യം വോട്ട് ചെയ്തത്. ഫലസ്തീനികളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഇസ്രയേല്‍, യുഎസ് തന്ത്രത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് എടുത്തു. പക്ഷേ ഫുട്‌ബോള്‍ പ്രേമികളുടെ രാജ്യം സയണിസ്റ്റ് രാഷ്ട്രത്തിനൊപ്പമാണ് നിലകൊണ്ടത്.'

ആയിരത്തിലേറെപ്പേരാണ് ഈ ഒറ്റ പോസ്റ്റ് ലൈക്ക് ചെയ്തതത്. നൂറുകണക്കിന് കമന്റുകളും വന്നുകഴിഞ്ഞു. 'ഒരുത്തനും ഒരു മിശിഹായും ഇങ്ങോട്ട് വരേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോള്‍ കേരളം സ്വീകരിക്കേണ്ടത്' എന്നാണ് ഒരു കമന്റ്. എന്നാല്‍ 'ഒരു രാജ്യത്തിന്റെ നിലപാടിനെ അവിടെത്തെ ജനങ്ങള്‍ അംഗീകരിച്ച് കൊള്ളണം എന്നില്ല' എന്നാണ് ഫുട്‌ബോള്‍ പ്രേമിയായ ഹബീബ് റഹ്‌മാന്റെ കമന്റ്. ഇത്തരത്തില്‍ ഫുട്‌ബോളിനോടുള്ള ആരാധനയും മെസിയോടുള്ള സ്‌നേഹും പലസ്തീനുള്ള പിന്തുണയുമെല്ലാം കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പത്തിലായവരും ഏറെ.

സ്വതന്ത്രപലസ്തീന്‍ രൂപവല്‍കരിക്കാന്‍ പ്രകടവും സമയബന്ധിതവും മാറ്റാന്‍ കഴിയാത്തതുമായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസഭ പ്രമേയം ആവശ്യപ്പെടുന്നത്. ദ്വിരാഷ്ട്ര ആശയത്തിലൂന്നി ജൂലൈയില്‍ സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര ഉച്ചകോടിയുടെ ഫലമാണ് യുഎന്‍ പ്രമേയം.

ഈമാസം 22ന് യുഎന്‍ പൊതുസമ്മേളനത്തോടനുബന്ധിച്ച് ഈ വിഷയത്തില്‍ ലോകനേതാക്കളുടെ ചര്‍ച്ചകളുണ്ടാകും. ആ സമയത്ത് ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ പലസ്തീനെ സ്വ തന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Similar News