'സിസിടിവിയില്‍ സത്യമുണ്ടെന്ന്' അന്നേ ഷൈമോള്‍ വിളിച്ചുപറഞ്ഞു; കുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെ ആ അമ്മയെ അടിച്ചു വീഴ്ത്തി; സ്റ്റേഷന്‍ ആക്രമിച്ചെന്നും സിഐയെ മാന്തി പരിക്കേല്‍പ്പിച്ചു എന്നും കള്ളക്കഥ; ഹൈക്കോടതി ഇടപെട്ടതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ ഗുണ്ടായിസം ഇനി നടക്കില്ല; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ ഗുണ്ടായിസം ഇനി നടക്കില്ല

Update: 2025-12-18 15:39 GMT

കൊച്ചി: നഗരത്തെ നടുക്കിയ ഒരു ക്രൂരതയുടെ പച്ചയായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമം സംരക്ഷിക്കേണ്ട പോലീസ് സ്റ്റേഷന്‍ എങ്ങനെ ഒരു ഗുണ്ടാ താവളമായി മാറുന്നു എന്നതിന്റെ കൃത്യമായ തെളിവാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഷൈമോള്‍ എന്ന വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം.

പോലീസ് ക്രൂരതയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും 'സത്യം ആ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന്' ഉറക്കെ വിളിച്ചുപറഞ്ഞ ഷൈമോളുടെ ആത്മവിശ്വാസത്തിന് മുന്നില്‍ കേരള പോലീസ് ഇന്ന് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയത് ചോദ്യം ചെയ്യാനെത്തിയ ഷൈമോളെ ഗര്‍ഭിണിയാണെന്ന് പോലും നോക്കാതെയാണ് അന്നത്തെ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചത്. ഷൈമോളുടെ നെഞ്ചത്ത് കൈവെച്ച് ആഞ്ഞുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് പുറത്തു വരാതിരിക്കാന്‍ ഒരു വര്‍ഷത്തിലേറെക്കാലം പോലീസ് കാണിച്ച കസര്‍ത്തുകള്‍ ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലോടെ തകരുകയായിരുന്നു.

സംഭവങ്ങളുടെ തുടക്കം പോലീസിന്റെ പകപോക്കലില്‍ നിന്നായിരുന്നു. വഴിയില്‍ വെച്ച് പോലീസ് മര്‍ദനം കണ്ട ഷൈമോളുടെ ഭര്‍ത്താവ് അത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതില്‍ കലിപൂണ്ട പോലീസ് അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അഞ്ച് ദിവസം കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്തു. ഭര്‍ത്താവിനെ തിരക്കി കൊച്ചു കുട്ടികളുമായി സ്റ്റേഷനിലെത്തിയ ഷൈമോള്‍ കണ്ടത് അവിടെ വെച്ചും പോലീസ് തന്റെ ഭര്‍ത്താവിനെ മര്‍ദിക്കുന്നതാണ്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഗര്‍ഭിണിയായിരുന്ന ഷൈമോളിനെ എസ്എച്ച്ഒ ക്രൂരമായി ആക്രമിച്ചത്. കരഞ്ഞ് നിലവിളിച്ച് ഉപദ്രവിക്കരുത് എന്ന് പറഞ്ഞുപ്പോള്‍ ഉദ്യോഗസ്ഥന്‍ നെഞ്ചത്ത് പിടിച്ച് തള്ളി, മുഖത്ത് അടിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തലയ്ക്കും അടിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പോയി. എന്നാല്‍ തനിക്കെതിരെ പൊലീസ് കള്ളക്കേസിട്ടു.

സ്റ്റേഷനിലെ ബഹളത്തില്‍ ഭയചകിതരായ കുഞ്ഞുങ്ങള്‍ ദിവസങ്ങളോളം ഉറങ്ങിയില്ല. തുടര്‍ന്നാണ് നിയമത്തിന്റെ വഴിയിലൂടെ നീതിതേടി ഷൈമോള്‍ ഇറങ്ങിയത്.

പാവപ്പെട്ട ഒരു കുടുംബത്തെ ഇല്ലാതാക്കാന്‍ പോലീസ് പിന്നീട് ചമച്ച തിരക്കഥകള്‍ ഞെട്ടിക്കുന്നതാണ്. ഷൈമോള്‍ സ്റ്റേഷന്‍ ആക്രമിച്ചു എന്നും സിഐയെ മാന്തി പരിക്കേല്‍പ്പിച്ചു എന്നും ആരോപിച്ച് കുടുംബത്തിനെതിരെ പോലീസ് കള്ളക്കേസുകളെടുത്തു. തന്റെ കുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെ മര്‍ദനമേറ്റ ആ അമ്മയ്ക്ക് നീതി കിട്ടാന്‍ പിന്നെ അലയേണ്ടി വന്നത് കോടതി വരാന്തകളിലായിരുന്നു.

അടിയന്തര നടപടിക്ക് ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഷൈമോള്‍ പറഞ്ഞതുപോലെ 2024 ജൂണ്‍ 20-ലെ ആ കറുത്ത സത്യങ്ങള്‍ ഇന്ന് ലോകത്തിന് മുന്നിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിനും പോലീസിനും മുഖം രക്ഷിക്കാന്‍ വഴിയില്ലാതായി. ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ഡിജിപിക്ക് അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിലവില്‍ അരൂര്‍ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇയാള്‍ നേരത്തെയും ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചതുള്‍പ്പെടെയുള്ള നിരവധി പരാതികളില്‍ ഉള്‍പ്പെട്ട ആളാണ്. പോലീസിന്റെ യൂണിഫോമിട്ട് എന്തുമാകാമെന്നു കരുതിയ ഒരു ഉദ്യോഗസ്ഥന്റെ ഗുണ്ടായിസത്തിന് ഒരു സാധാരണ വീട്ടമ്മ നല്‍കിയ മറുപടിയാണിത്.

Tags:    

Similar News