എം എം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തനിക്കും മകനും സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു; ടൗണ്‍ ഹാളില്‍ തങ്ങളെ ആക്രമിക്കാന്‍ ആളെ ഒരുക്കി നിര്‍ത്തി; പൊലീസില്‍ പരാതി നല്‍കി ആശ ലോറന്‍സ്
പൊലീസില്‍ പരാതി നല്‍കി ആശ ലോറന്‍സ്
കൊച്ചി: കൊച്ചിയില്‍ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ചടങ്ങിനിടെ, തന്നെയും മകനെയും സിപിഎം റെഡ് വോളണ്ടിയര്‍മാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറന്‍സ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്കാണ് ആശ പരാതി നല്‍കിയത്.
സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം എല്‍ സജീവന്‍, സഹോദരീ ഭര്‍ത്താവായ ബോബന്‍ വര്‍ഗീസ് എന്നിവര്‍ തന്നെയും മകനെയും കയ്യേറ്റം ചെയ്തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇ മെയിലായാണ് പരാതി നല്‍കിയത്.
മകന്‍ മിലനോടൊപ്പം ടൗണ്‍ഹാളിലെത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആക്രമിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തിയിരുന്നെന്നാണ് ആശയുടെ പരാതിയില്‍ പറയുന്നത്. പൊലീസ് നിഷ്‌ക്രിയരായിരുന്നു. ബോബന്‍ വര്‍ഗീസും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി തന്റെ മകന്‍ മിലന്‍ ജോസഫിനെ നിലത്തിട്ട് ചവിട്ടിയെന്നും ആശയുടെ പരാതിയില്‍ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എം എം ലോറന്‍സ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു കൈയ്യാങ്കളിയിലേക്ക് നീങ്ങിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ടൗണ്‍ഹാളില്‍ എത്തിയ ആശയും മകനും മൃതദേഹം മാറ്റാന്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് കയ്യാങ്കളിയുണ്ടായത്. ആശയുടെ മകനെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്.
അതേസമയം, ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ലോറന്‍സിന്റെ മൂന്നു മക്കളോടും ഇന്ന് ഹാജരാകാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ് അഡ്വസൈറി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി കുടുംബം നിലപാട് അറിയിക്കുക.