ബി ഉണ്ണികൃഷ്ണനെതിരെ പടയൊരുക്കം; മാക്ടയെ തകര്‍ത്തു, ഫെഫ്കയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി; നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണമെന്ന് ആഷിഖ് അബു

ബി ഉണ്ണികൃഷ്ണനെതിരെ പടയൊരുക്കം

Update: 2024-08-28 09:30 GMT

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ പടയൊരുക്കവുമായി സിനിമയില്‍ ഒരു വിഭാഗം. ആഷിഖ് അബു തുറന്ന വിമര്‍ശനവുമായി രംഗത്തുവന്നു. ഉണ്ണികൃഷ്ണന്‍ നടത്തുന്നത് കാപട്യമായ പ്രവര്‍ത്തനമാണെന്ന വിമര്‍ശനമാണ് സംവിധായകന്‍ ഉയര്‍ത്തിയത്. ഫെഫ്കയിലെ 21 യൂണിയനുകളും ഇത് തുറന്ന് ചര്‍ച്ച ചെയ്യണം. ഇവിടെ നടന്ന ക്രിമിനല്‍ ആക്ടിവിറ്റികളോടും തൊഴില്‍ നിഷേധങ്ങളോടും കൂട്ടുനിന്ന ആളാണ് ബി. ഉണ്ണികൃഷ്ണന്‍.

സര്‍ക്കാര്‍ ഇത് തിരിച്ചറിയണം. മാക്ടയെ തകര്‍ത്തത് ബി. ഉണ്ണികൃഷ്ണനാണെന്നും ആഷിക് അബു വിമര്‍ശിച്ചു. ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമദ്ധ്യത്തില്‍ പ്രതികരിക്കട്ടെ. അയാളുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കരുത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണം.ബി. ഉണ്ണികൃഷ്ണന്‍ ഇല്ലെങ്കില്‍ തൊഴിലാളികളുടെ കാര്യങ്ങള്‍ ഇവിടെ നടക്കും.

കേരളം പരിഷ്‌കൃത സമൂഹമാണ്. ഫെഫ്കയുടെതെന്ന രീതിയില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് യൂണിയന്റെ നിലപാടല്ലെന്നും ആഷിക് അബു പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് സംവിധായകന്‍ വിനയന്‍ നേരത്തെ രംഗത്തുവന്നിരുന്നു. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.

നീതിപരമല്ലാത്ത, നിഷ്പക്ഷത ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി നയരൂപീകരണത്തിലിരുന്നാല്‍ എന്തായിരിക്കുമുണ്ടാകുകയെന്ന് വിനയന്‍ പ്രതികരിച്ചു. ബി ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ നേതൃത്വത്തില്‍ വരികയാണെങ്കില്‍ തങ്ങളെ പോലെ, ചെറിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന ആളുകളുടെ അവസ്ഥയെന്താകമെന്നും വിനയന്‍ ചോദിച്ചു. റിപ്പോര്‍ട്ടറിനോടായിരുന്നു വിനയന്റെ പ്രതികരണം.

‘കോംപറ്റീഷന്‍ കമ്മീഷന്റെ ശിക്ഷ ശരി വെച്ച് കൊണ്ട് സുപ്രീം കോടതി 2020ലിറക്കിയ വിധി ന്യായത്തിന്റെ പകര്‍പ്പ് ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെ പേജുകളില്‍ ഇത് വളരെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നെ 12 വര്‍ഷത്തോളം സിനിമ ചെയ്യാന്‍ അനുവദിക്കാതെ വിലക്കിയ, എന്റെ ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കിയ ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറിക്കും ഫൈന്‍ അടക്കേണ്ടി വന്നു. നീതിപരമല്ലാത്ത, നിഷ്പക്ഷത ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി നയരൂപീകരണത്തിലിരുന്നാല്‍ എന്തായിരിക്കുമുണ്ടാകുക. അത് ഞാന്‍ ചൂണ്ടിക്കാട്ടി,’ വിനയന്‍ പറഞ്ഞു.

2020ല്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ തൊഴില്‍ നിഷേധനത്തിനെതിരെ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും അന്ന് സര്‍ക്കാര്‍ വിളിച്ച് ചോദിച്ചില്ലെന്നും വിനയന്‍ പറഞ്ഞു. വലിയ സംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും വലിയ തുക ഫൈന്‍ വന്ന കേസാണിത്. ആരും അന്വേഷിച്ചില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

‘ഫെഫ്കയില്‍ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. 16 വര്‍ഷമായി ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇതിന്റെ അധ്യക്ഷനായി തുടരുന്നത്. പക്ഷേ അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരെ വിലക്കുകയും അവര്‍ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു. എന്നെ പറ്റി മോശമായി പറയണമെന്ന് പറയും. അദ്ദേഹം നയരൂപീകരണത്തില്‍ വന്നാല്‍ നീതിയുക്തമാകില്ല,’ അദ്ദേഹം പറഞ്ഞു.

പവര്‍ ഗ്രൂപ്പ് ബി ഉണ്ണികൃഷ്ണനെ ഉപയോഗിക്കുകയാണെന്നും പവര്‍ ഗ്രൂപ്പിന്റെ ആഗ്രഹത്തിനൊപ്പം നിന്ന് തന്നെ പോലെയുള്ള ആളുകള്‍ക്കൊക്കെ തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫെഫ്ക നല്ലൊരു സംഘടനയാണ്, താനുണ്ടാക്കിയ മാക്ട എന്ന യൂണിയനെ ഒന്നര വര്‍ഷം കൊണ്ട് തകര്‍ത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി യൂണിയനുണ്ടാക്കിവരല്ലേ, നോക്കി കാണാമെന്നും വിനയന്‍ പരിഹസിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേരുകള്‍ പുറത്തുവരണമെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലെന്തെങ്കിലും പറയുന്നത് ഉചിതമാകില്ലെന്നും ഫെഫ്ക അറിയിച്ചു.സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു.

അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവര്‍ക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ തുടങ്ങിവയ്ക്കാനുമുള്ള അതിജീവിതകളുടെ ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ദ്ധമായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

താരസംഘടന ‘അമ്മ’ യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും ഫെഫ്ക വ്യക്തമാക്കി. ഫെഫ്ക കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍സംഭവങ്ങളിലും ഇതര സിനിമ സംഘടനകളുമായി ആശയ വിനിമയം നടത്താനും, ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു പൊതുനിലപാടിലേക്ക് എല്ലാ സംഘടനകളും ഒരുമിച്ച് എത്തിച്ചേരേണ്ടതിന്റെ അനിവാര്യത അവരെ ബോദ്ധ്യപ്പെടുത്താനും ഫെഫ്ക ജനറല്‍ സെക്രട്ടറിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News