ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില്‍ ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്; അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ; സ്വന്തം കുട്ടിയെ ഇഷ്ടമില്ലാത്ത സൈക്കോ ഫാദര്‍; സതീഷ് ശങ്കര്‍ എന്തിനും മടിക്കാത്തവന്‍; മരുമകന്റെ ക്രൂരത അതുല്യയുടെ അമ്മ വെളിപ്പെടുത്തുമ്പോള്‍
കൊല്ലം: തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ അമ്മ പറയുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങള്‍. അതുല്യയുടെ ഭര്‍ത്താവ് സതീഷ് കടുത്ത മദ്യപാനിയായിരുന്നെന്നും മകളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അമ്മ തുളസീഭായി പറഞ്ഞു. ഫ്ളാറ്റ് പൂട്ടി താക്കോലുമായാണ് സതീഷ് പുറത്ത് പോകുന്നതെന്നും അവളെ നല്ലോണം മര്‍ദിക്കുമായിരുന്നെന്നും അതുല്യയുടെ പിതൃസഹോദരനും പറഞ്ഞു. അതുല്യയുടെ മരണം കുഞ്ഞിനെ അറിയിച്ചിട്ടില്ല. അച്ഛനെ കുട്ടിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. സതീഷ് ഒരു സംശയ രോഗിയായിരുന്നു. ഇതും അതുല്യയുടെ മരണത്തില്‍ നിറയുന്നുണ്ട്. അതുല്യയുടേത് കൊലപാതകമാകാമെന്ന നിഗമനത്തിലാണ് തേവലക്കരയിലെ ബന്ധുക്കള്‍.
'അവന്‍ നല്ലോണം മദ്യപിക്കും..നല്ലോണം ഉപദ്രവിക്കുകയും ചെയ്യും.നാട്ടില്‍ സതീഷിനെതിരെ പീഡനപരാതി നല്‍കിയതാണ്.എന്നാല്‍ രണ്ടു തവണ കൗണ്‍സിലിങ്ങ് നടത്തിയാണ് പരാതി ഒത്തുതീര്‍പ്പാക്കിയത്. ഇക്കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് അതുല്യ ഷാര്‍ജയിലേക്ക്. 30,000 രൂപക്ക് ഫ്‌ളാറ്റെടുത്താണ് അവളെ കൊണ്ടുപോയത്. ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില്‍ ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്'..അമ്മ പറഞ്ഞു.
ഇന്നലെയാണ് ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടുകാരുടെ പരാതിയില്‍ സതീശിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എഫ്. ഐ.ആര്‍. മകള്‍ ഒരു കാരണവശാലും ആത്മഹത്യചെയ്യില്ലെന്ന് അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.
12 വര്‍ഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവര്‍ഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാര്‍ജയിലെ ഒരു മാളില്‍ മാര്‍ക്കറ്റിങ് പ്രൊമോട്ടറായി ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് മരണം. ഇവരുടെ സഹോദരിയും ഭര്‍ത്താവും ഷാര്‍ജയിലുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദര്‍ശിച്ച് ജോലി ലഭിച്ച വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാര്‍ത്ത അറിയുന്നത്. പുലര്‍ച്ചെ മൂന്നോടെ അജ്മാനില്‍ നിന്ന് ഫ്‌ലാറ്റിലെത്തിയ ഭര്‍ത്താവാണ് ഷാര്‍ജ പൊലീസില്‍ മരണ വിവരമറിയിച്ചത്. ജോലി കിട്ടിയതു കൊണ്ട് തന്നെ അതുല്യ സന്തോഷത്തിലായിരുന്നു. ഇതും കൊലപാതകത്തിനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. തന്റെ മകള്‍ക്കാരുമില്ലെന്ന ചിന്ത അതുല്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ മകളെ കുറിച്ച് സതീഷ് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.
അതിനിടെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി അതുല്യയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കസേര കൊണ്ട് അതുല്യയെ അടിക്കാന്‍ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സതീഷ് ബഹളം വയ്ക്കുന്നതും അതുല്യ നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. ത്ത് വയസുകാരിയായ എക മകള്‍ ആരാധിക നാട്ടില്‍ അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ളയ്ക്കും അമ്മ തുളസീഭായിക്കുമൊപ്പമാണ് താമസിക്കുന്നത്. ശാസ്താംകോട്ട സ്വദേശിയും ദുബായിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എന്‍ജിനിയറുമായ സതീഷും അതുല്യയും തമ്മില്‍ വ്യാഴാഴ്ച വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ സതീഷ് അജ്മാനിലേക്ക് പോയി. അടുത്ത ദിവസം മടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്.
സതീഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ ചിത്രം അതുല്യ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിട്ടാണ് സതീഷ് ജോലിക്ക് പോയിരുന്നതെന്ന് അതുല്യയുടെ ഷാര്‍ജയിലുള്ള സുഹൃത്തുക്കള്‍ ആരോപിച്ചു. സഹോദരി അഖില ഗോകുല്‍ അതുല്യയുടെ ഫ്‌ലാറ്റിന് സമീപമാണ് താമസിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മൂന്ന് മാസം മുമ്പ് അതുല്യ നാട്ടില്‍ വന്നിരുന്നു.