ആക്‌സല്‍ റുഡാകുബാന നടത്തിയത് ഭീകരാക്രമണം തന്നെ; ആദ്യം പദ്ധതിയിട്ടത് സ്‌കൂളിലെത്തി കൂട്ടക്കൊല നടത്താന്‍; മൂന്നു തവണ മുന്‍പ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; സ്റ്റോക്പോര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ ജീവന്‍ എടുത്തതില്‍ പോലീസിനും വീഴ്ച്ച

ആക്‌സല്‍ റുഡാകുബാന നടത്തിയത് ഭീകരാക്രമണം തന്നെ

Update: 2025-01-21 00:56 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ഒരു വലിയ കലാപത്തിനു തന്നെ വഴിതെളിച്ച സൗത്ത്‌പോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഭീകര പ്രവര്‍ത്തനം എന്ന് റിപ്പോര്‍ട്ടുകള്‍. സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ഈ കൊലപാതകത്തിന് തുനിഞ്ഞിറങ്ങിയ ഇയാളെ സ്വന്തം പിതാവായിരുന്നു അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയൊരു കത്തിയും പച്ച നിറത്തിലുള്ള സ്വെറ്റ്ഷര്‍ട്ടും സര്‍ജിക്കല്‍ മാസ്‌കുമായി ഇറങ്ങിയ ഇയാളെ, ടാക്സിക്കായി കാത്തു നില്‍ക്കുന്നതിനിടയിലായിരുന്നത്രെ അച്ഛന്‍ വന്ന് തിരികെ കൂട്ടികൊണ്ടു പോയത്.

റുഡാകബാന ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് എന്താണെന്നതിനെ കുറിച്ച് അയാളുടെ പിതാവിന് അറിയാമായിരുന്നോ എന്നത് വ്യക്തമല്ല. എന്നാല്‍, റുഡകബാനയും പിതാവുമായി ഒരു വാക്കുതര്‍ക്കം നടന്നു എന്നും അതിന്റെ അവസാനത്തില്‍ അയാള്‍, ടാക്സിയില്‍ കയറാതെ തിരിച്ചു പോവുകയായിരുന്നു എന്നുംദൃക്സാക്ഷികള്‍ പറയുന്നു. സൗത്ത്‌പോര്‍ട്ടിലെ ഡാന്‍സ്‌കൂളില്‍ അതിക്രമിച്ചു കയറി മൂന്ന് കുട്ടികളെ കൊല്ലുകയും മറ്റ് പത്തോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതില്‍ ആക്സല്‍ റുഡാകബാന കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചതിന് പിറകെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.

ഒരുതരം ജൈവ വിഷം നിര്‍മ്മിക്കാറുണ്ടെന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകമായ പല വിവരങ്ങളും തനിക്കറിയാമെന്നും ഇയാള്‍ സമ്മതിച്ചു.ആക്രമണം നടത്തുന്ന സമയത്ത് 17 വയസ്സുണ്ടായിരുന്ന റുഡകബാന നേരത്തെ റേഞ്ച് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് മറ്റു കുട്ടികളെ ആക്രമിച്ചതിന് ഇയാളെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയായിരുന്നു. തന്റെ പതിമൂന്നാം വയസ്സില്‍ സ്‌കൂളിലേക്ക് കത്തി കൊണ്ടുവന്നതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്.

ഒരിക്കല്‍ ഇയാള്‍ ഒരു അധ്യാപികയെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടൂണ്ട്. സൗത്ത്‌പോര്‍ട്ട് സ്‌കൂളില്‍ ആക്രമണം നടത്തുന്നതിന് ഒരാഴ്ച മുന്‍പ് ഇയാള്‍ ഒരുങ്ങിയിറങ്ങിയത് റേഞ്ച് ഹൈസ്‌കൂള്‍ ആക്രമിക്കാനായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആക്രമണം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് വരെ പോലീസ് ഇയാളുടെ വീട്ടില്‍ സ്ഥിരമായി പോകുമായിരുന്നു. ചില സാമൂഹ്യ പൃവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അത്. ഹോക്കി സ്റ്റിക്കുമായി ആക്രമണം നടത്തിയ കുറ്റത്തിന് ഒരു യൂത്ത് കോടതി ഇയാള്‍ക്ക് പത്ത് മാസത്തെ റെഫറല്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

അതിനിടയില്‍, റുഡകബാനയെ മൂന്ന് തവണ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് റെഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത പുറത്തു വന്നതോടെ അധികാരികള്‍, കൊലപാതകിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി നെയ്ജല്‍ ഫരാജ് രംഗത്തെത്തി. ആക്സല്‍ റുഡകബാനയുടെ ലക്ഷ്യവും പശ്ചാത്തലവും പൊതുജനങ്ങളില്‍ നിന്നും മറച്ചു പിടിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതല്‍ തന്നെ, ഇയാളുടെ സ്‌കൂളുകള്‍ ആക്രമിക്കാനുള്ള പ്രവണത പോലീസിന് അറിയാമായിരുന്നു എന്നാണ് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറ്റവാളിക്കുള്ള തീവ്രവാദ ബന്ധം വെളിപ്പെടുത്താഞ്ഞത് എന്തെന്ന് പാര്‍ലമെന്റില്‍ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar News