മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍; ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചതോടെ അയ്യപ്പ സംഗമത്തിന് തുടക്കമായി; കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും

മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍;

Update: 2025-09-20 04:51 GMT

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തുടങ്ങി. ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചതോടെയാണ് ആഗോള അയ്യപ്പ സംഗമത്തിന് തുടക്കമാത്. സംഗമത്തിനായ മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒരേ കാറിലാണ്.

മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് വെള്ളാപ്പള്ളി പമ്പയില്‍ എത്തിയത്. ദേവസ്വം മന്ത്രി വിഎന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും സ്വീകരിച്ചു. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി.

റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകല്‍ 12 മുതല്‍ വിവിധ വേദികളില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളില്‍ ഒരേസമയം ചര്‍ച്ചനടക്കും. പകല്‍ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.

മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. അയ്യപ്പ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പമ്പയില്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ആണ് സംഗമം നടത്തുകയെന്നും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യാവലി കൊടുക്കുമെന്നും എല്ലാവര്‍ക്കും അത് പൂരിപ്പിച്ചു നല്‍കാമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയില്‍ ഒരുക്കിയിട്ടുള്ള്. പാനല്‍ ചര്‍ച്ചകള്‍ക്കും, ഭക്ഷണശാലയ്ക്കും പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. 300ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമത്തെ ശക്തമായി എതിര്‍ക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നാണ് യുഡിഎഫ് പ്രഖ്യാപനം.

Tags:    

Similar News