മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നു; സിസ്റ്റത്തെയും നിയമത്തെയും ദുരുപയോഗം ചെയ്യുന്നു; എട്ട് വര്‍ഷം മുമ്പെ നടന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്; ബാലയ്ക്ക് കുഞ്ഞിനോട് നല്ല സ്നേഹമാണ്; ആരോഗ്യനില മോശമാണെന്നും നടന്റെ അഭിഭാഷക
മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നു
കൊച്ചി: നടന്‍ ബാലയ്ക്കെതിരെയുള്ള പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്ന് നടന്റെ അഭിഭാഷക. അറസ്റ്റിലെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷക ഫാത്തിമ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ബാലക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും ഫാത്തിമ വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുന്ന ഒരാളാണ് ബാലയെന്നും 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
'നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജുവനൈല്‍ നിയമത്തിലെ സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പാണ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നടന്ന കാര്യങ്ങളല്ല. എട്ട് വര്‍ഷം മുമ്പെ നടന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്. ചാനലുകളില്‍ വന്ന വാര്‍ത്തകളുടെയു സമൂഹ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് പരാതി. ബാലയെ ഇതിന് മുമ്പേ ചോദ്യം ചെയ്തിട്ടില്ല. ഇന്ന് രാവിലെ അഞ്ച് മണിക്ക് വന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു', ഫാത്തിമ പറഞ്ഞു.
ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇരുവരും പരസ്പരം സോഷ്യല്‍ മീഡിയയില്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് തേജോവധം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയായെ കണക്കാക്കേണ്ടതുള്ളുവെന്നും ഫാത്തിമ പറഞ്ഞു. 'മകള്‍ക്ക് എന്നെ വേണ്ടെങ്കില്‍ എനിക്കും മകളെ വേണ്ട, പ്രശ്നത്തിനൊന്നും പോകില്ല എന്നാണ് അവസാന വീഡിയോയില്‍ ബാല സങ്കപ്പെട്ട് പറഞ്ഞത്. ബാലക്ക് കുഞ്ഞിനോട് നല്ല സ്നേഹമുണ്ട്. അതിന് ശേഷം അദ്ദേഹം യാതൊരു നിയമലംഘനം നടത്തിയതായും എനിക്ക് അറിവില്ല. ബാലയുടെ ആരോഗ്യ നില മോശമാണ്. അടിയന്തര സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഇങ്ങനൊരു പരാതി ലഭിച്ചാല്‍ മാനുഷിക പരിഗണനയനുസരിച്ച് നല്‍കുന്ന 41 എ നോട്ടീസ് നല്‍കിയില്ല', അഭിഭാഷക പറഞ്ഞു.
മുന്‍ ഭാര്യ ഒരു സാധാരണ സ്ത്രീയല്ലെന്നും, അത്യാവശ്യം നിയമകാര്യങ്ങളറിയുന്ന സമൂഹത്തിലിടപ്പെടുന്ന സ്ത്രീയാണെന്നും പറഞ്ഞ ഫാത്തിമ അവര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. നിയമസഹായം ലഭിക്കാന്‍ മുന്‍ ഭാര്യക്ക് ബുദ്ധിമുട്ടില്ലെന്നും സിസ്റ്റത്തെയും നിയമത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ സഹകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബാലയും മുന്‍ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മുന്‍ഭാര്യയ്ക്കെതിരെ ഇടയ്ക്കിടെ ആരോപണങ്ങളുമായി ബാല സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ബാലയുടെ ഇത്തരം വീഡിയോകള്‍ കാരണം കടുത്ത സൈബര്‍ ആക്രമണമാണ് മുന്‍ ഭാര്യ നേരിട്ടിരുന്നത്. മകളെ കാണിക്കാന്‍ മുന്‍ഭാര്യ തയ്യാറാകുന്നില്ല എന്നടക്കം ബാല ആരോപിച്ചു. അടുത്തിടെ മകളുടെ പിറന്നാളിന് പിന്നാലെയും മുന്‍ ഭാര്യയെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോയുമായി താരം രംഗത്ത് എത്തിയിരുന്നു. ഇതോടെ കടുത്ത സൈബര്‍ ആക്രമണമാണ് ഈ അമ്മയും മകളും നേരിട്ടത്.
ഇതിനുപിന്നാലെ ബാലയ്ക്കെതിരേ സ്വന്തം മകളും മുന്‍ഭാര്യയും രംഗത്തെത്തി. അച്ഛന്റെ ക്രൂരതകള്‍ ഒന്നൊന്നായി എണ്ണി പറഞ്ഞാണ് 12 വയസ്സുകാരിയായ മകള്‍ ബാലയ്ക്കെതിരെ രംഗത്ത് എത്തിയത്. പിന്നാലെ മുന്‍ഭാര്യയും ബാലയ്ക്കെതിരെ രംഗത്തെത്തി. ഇരുവരും നടത്തിയ വെളിപ്പെടുത്തലുകള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളുടെതായിരുന്നു. ഒരു അച്ഛനും മകളോട് ചെയ്യാത്ത ക്രൂരതകളുടെ വെളിപ്പെടുത്തലുകളായിരുന്നു ആ കുഞ്ഞിന്റേത്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നെന്നാണ് മകള്‍ വീഡിയോയില്‍ പറഞ്ഞു.
അതേസമയം താന്‍ അനുഭവിച്ചതിന്റെ ഒരു തരിമാത്രമാണ് വീഡിയോയിലൂടെ പറഞ്ഞതെന്നായിരുന്നു ബാലയ്ക്കെതിരേ മുന്‍ഭാര്യ പറഞ്ഞത്. മകളെ ഇനിയും ഉപദ്രവിക്കരുതെന്നും കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ്, ഇപ്പോള്‍ കടവന്ത്ര പോലീസ് ബാലയെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ബാലയ്ക്കെതിരെ മകള്‍ രംഗത്തെത്തിയത്. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുട്ടി ബാലക്കെതിരേ വീഡിയോയുമായി രംഗത്ത് എത്തിയത്.