ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല; മന്നം പത്മനാഭനെ കാണാന്‍; കാരണവന്മാരെ ബഹുമാനിക്കണം; സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്; സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം; ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്; മുരാരിയെ വളര്‍ത്തിയവര്‍ ഇതിന് മറുപടി പറയുമോ?
ന്യൂഡല്‍ഹി: മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമാകുന്നു. ബംഗാളിലെ പ്രഥമ പൗരനായി ചുമതലേയല്‍ക്കുന്നതിന് മുമ്പ് ഗവര്‍ണ്ണര്‍ക്ക് മന്നം സമാധിയില്‍ പ്രവേശിക്കാന്‍ ഗേറ്റ്മാന്റെ അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വന്നു എന്ന പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ശബരിമല കൊള്ളയില്‍ അഴിക്കുളളിലാണ് മുരാരി ബാബു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെ പ്രധാനി. അയപ്പ ക്ഷേത്രത്തിലെ മോഷണത്തിന് കുട പിടിച്ചവരെ ഉയര്‍ത്തികൊണ്ടു നടന്നവരാണ് ആനന്ദബോസിന് പെരുന്നയില്‍ അനീതി നല്‍കിയത്. വിവാദത്തില്‍ എന്‍ എസ് എസ് മറുപടി നിര്‍ണ്ണായകമാണ്. ഏതായാലും കടന്നാക്രമണാണ് അനന്ദബോസ് നടത്തുന്നത്.
എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഡല്‍ഹി എന്‍.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പരസ്യമാക്കിയത്. അവകാശ ലംഘനം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും, ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗവര്‍ണറായി നിശ്ചയിച്ച വിവരം അറിയിച്ചതിന് പിന്നാലെ, ഈ വിവരം താന്‍ ആദ്യം പങ്കുവെച്ചവരിലൊരാള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരായിരുന്നു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
നേതൃത്വത്തിന്റെ സമീപനം: പെരുന്നയിലെത്തിയ തന്നെ സുകുമാരന്‍ നായര്‍ സ്വീകരിക്കുകയും ചായ നല്‍കുകയും കാറിന്റെ വാതില്‍ തുറന്ന് യാത്രയാക്കുകയും ചെയ്തു. എന്നാല്‍, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും അവിടെ പ്രവേശിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും ആനന്ദബോസ് വ്യക്തമാക്കി. താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്ന് പറഞ്ഞ അദ്ദേഹം, സമാധി പ്രവേശനം ഏതെങ്കിലും വ്യക്തിയുടെ അധികാരത്തിന് കീഴിലാകരുതെന്നും വിമര്‍ശിച്ചു. ഇതു സുകുമാരന്‍ നായര്‍ക്കെതിരെയുള്ള ഒളിയമ്പാണ്. ഡല്‍ഹിയിലെ എന്‍.എസ്.എസ് അംഗങ്ങള്‍ക്ക് ആദരവര്‍പ്പിക്കാനായി ഇന്ദ്രപ്രസ്ഥത്തില്‍ (ഡല്‍ഹിയില്‍) മന്നം പത്മനാഭന് ഒരു സ്മാരകം പണിയണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഈ പദ്ധതിക്കായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഞാനൊരു കരയോഗ നായരാണ്. എനിക്ക് ഐ.എ.എസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ ഞാന്‍ ഗവര്‍ണ്ണറായപ്പോള്‍ എന്നെ നിയമിച്ചത് ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് എന്റെ കരയോഗമാണ്. സമുദായത്തോടുള്ള കടപ്പാട് എനിക്ക് എപ്പോഴുമുണ്ട്.' 'ബംഗാള്‍ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെയാണ്. ഗവര്‍ണ്ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
'എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്. 'സാക്ഷാല്‍ യുധിഷ്ഠിരന്‍ ഭരിച്ച ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത കേസരി മന്നത്താചാര്യന്റെ ഒരു സ്മരണിക ഉയരണം. ഒരു സ്മാരകം ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതിനായി ഗവര്‍ണ്ണര്‍ എന്ന നിലയില്‍ എനിക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം ആദ്യ സംഭാവനയായി ഞാന്‍ നല്‍കുന്നു.' 'കാരണവന്മാരെ ബഹുമാനിക്കണം, പക്ഷേ സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്. സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം.'-ഇതാണ് ആനന്ദബോസിന്റെ വിമര്‍ശനം.
ഒരു സമുദായംഗത്തിന് സമാധിയില്‍ ആദരവര്‍പ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ സമുദായത്തിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിട്ടുണ്ട്. ഈ വിഷയത്തില്‍ എന്‍.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം രാഷ്ട്രീയ കേന്ദ്രങ്ങളും സമുദായംഗങ്ങളും ഉറ്റുനോക്കുകയാണ്.
