ഡല്‍ഹി സ്ഫോടന വാര്‍ത്തയില്‍ നടുങ്ങിയിരിക്കെ ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ഏര്‍പ്പെടുത്തി അധികൃതര്‍; വിധിയെഴുതാന്‍ 3.7 കോടി വോട്ടര്‍മാര്‍
പട്ന: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. 3.7 കോടിയിലധികം വോട്ടർമാരാണ് ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. വൈകുന്നേരം 5 മണി വരെയാണ് പോളിംഗ് നീണ്ടുനിൽക്കുന്നത്.
1302 സ്ഥാനാർത്ഥികളാണ് അവസാനഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിനോടകം 45,339 പോളിംഗ് സ്റ്റേഷനുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ മികച്ച പോളിംഗ് ശതമാനം (64.66%) അവസാനഘട്ടത്തിലും ആവർത്തിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിൽ അടുത്തിടെയുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ബിഹാർ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ, വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിനെതിരായുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികൾക്ക്മേൽ ഇന്ന് വാദം കേൾക്കുന്നത്.
ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ എഴുതി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും സമാനമായ ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിത്. മുസ്‌ലിം ജനസംഖ്യ കൂടിയ സീമാഞ്ചല്‍ മേഖലയിലാണ് ഈ ജില്ലകളില്‍ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ സഖ്യത്തിന് ഏറെ നിര്‍ണായകമാണ് ഈ ഘട്ടം.