അജിത് കുമാര്‍ എന്തിന് ഊഴം വച്ച് ആര്‍ എസ് എസ് നേതാക്കളെ കണ്ടെന്ന് വ്യക്തമാക്കണം; ആര്‍ എസ് എസ് പ്രകീര്‍ത്തനത്തില്‍ സ്പീക്കര്‍ക്കും വിമര്‍ശനം; കടുപ്പിച്ച് ബിനോയ് വിശ്വം; ഇടതു മുന്നണിയില്‍ പിണറായി ഒറ്റപ്പെടുമോ?
കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പല സംശയങ്ങള്‍ക്കും പിണറായി വിജയന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍ എസ് എസിനെ പ്രകീര്‍ത്തിച്ചുള്ള പരാമര്‍ശം ശരിയായില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്നും സി പി ഐ ആവശ്യപ്പെട്ടു. രണ്ടു വിഷയങ്ങളും അടുത്ത ഇടത് യോഗത്തില്‍ സിപിഐ ചര്‍ച്ചയാക്കും.
അജിത് കുമാര്‍ എന്തിന് ഊഴം വച്ച് ആര്‍ എസ് എസ് നേതാക്കളെ കണ്ടെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.എം ആര്‍ അജിത്കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ആര്‍ എസ് എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് എ ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇതാണ് ബിനോയ് വിശ്വം ചോദ്യം ചെയ്യുന്നത്.
സ്പീക്കറുടെ അഭിപ്രായത്തെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. ആര്‍ എസ്. എസിനെ നിരോധിച്ച കാലം ഓര്‍മ്മ വേണമെന്നാണ് ഇന്നലെ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.ആര്‍ എസ് എസ് ഉന്നത നേതാവ് റാം മാധവുമായി അജിത്കുമാര്‍ കോവളത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുവിനെ കൂടെക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനൊപ്പം കണ്ണൂരിലെ ബിസിനസ്സുകാരനും ഉണ്ടായിരുന്നു. ഇതെല്ലാം സംശയം കൂട്ടുകയാണ്.
ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനാവാതെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായതിനു കാരണം ഇതാണെന്നാണ് സൂചന. എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ സി പി എമ്മില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നും സമ്മര്‍ദം ഉയരുമ്പോഴും നടപടി എടുക്കാതെ മുഖ്യമന്ത്രി മൗനത്തിലാണ്.
ആര്‍ എസ് എസ് നേതാക്കളുമായി അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. സ്വകാര്യ സന്ദര്‍ശനം എന്ന അജിത് കുമാറിന്റെ വിശദീകരണം ഇടത് നേതാക്കള്‍ പോലും തള്ളിയിട്ടും മുഖ്യമന്ത്രി കൈ വിടാന്‍ മടിക്കുന്നു. ഇതിനിടെയാണ് സിപിഐ വീണ്ടും വിമര്‍ശനം ഉന്നയിക്കുന്നത്. ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുമോ എന്നതാണ് ഉയരുന്ന ചോദ്യം.
കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പല സംശയങ്ങള്‍ക്കും പിണറായി വിജയന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അജിത് കുമാറിനെ മാറ്റിക്കൊണ്ടുള്ള നിര്‍ണായക തീരുമാനത്തിന് മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല. അതേസമയം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയ്ക്ക് ഇനിയും മൗനം തുടരാനായേക്കില്ല. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിക്കാനും സാധ്യത ഉണ്ട്.