സ്വഭാവവും ശീലവും കാരണം വന്നുപോയ ടെന്‍ഷന്‍; മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദ്ദം മാത്രമെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛന്‍; മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു, ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് സുഹൃത്ത് ഷൈജു; ബി എല്‍ ഒയുടെ മരണത്തില്‍ കളക്ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രതിഷേധ സൂചകമായി നാളെ ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്‌കരിക്കും
മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദ്ദം മാത്രമെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛന്‍
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സ്‌കൂള്‍ ജീവനക്കാരന്റെ ആത്മഹത്യയില്‍ പയ്യന്നൂര്‍ കാങ്കോലി നടുത്തെ ഏറ്റുകുടുക്ക ഗ്രാമം നടുങ്ങി. കാങ്കോല്‍ ഏറ്റുകുടുക്കയില്‍ എസ്.ഐ.ആര്‍ ചുമതലയുണ്ടായിരുന്ന ബിഎല്‍ഒയെയാണ് ദൂരുഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കാങ്കോല്‍ ഏറ്റുകുടുക്കയില്‍ പയ്യന്നൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലെ ബൂത്തില്‍ എസ്.ഐ.ആര്‍ ചുമതലയുളള ബിഎല്‍ഒയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്തളി കുന്നരു എ.യു.പി.സ്‌കൂളിലെ പ്യൂണ്‍ ഏറ്റു കുടുക്കയിലെ അനീഷ് ജോര്‍ജാ (45) ണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ഞായറാഴ്ച രാവിലെ രാവിലെ 11 മണിയോടെയാണ് സംഭവം.
മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദം മാത്രമാണെന്ന് അനീഷ് ജോര്‍ജിന്റെ പിതാവ്. എസ്‌ഐആറുമായി ബന്ധപ്പെട്ട് മകന്‍ കുറേ ദിവസങ്ങളായി ടെന്‍ഷനില്‍ നടക്കുകയായിരുന്നെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനീഷിന്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെന്‍ഷന്‍ കൊണ്ടാണ് ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു. എസ്‌ഐആര്‍ ഫോം വിതരണം അനീഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് ഷൈജു പ്രതികരിച്ചു. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു.
ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോര്‍ജ്ജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴികളിലൂടെ പുറത്തു വരുന്ന വിവരം. ഏറ്റു കുടുക്കയിലെ ജോര്‍ജ് മാഷിന്റെയും മേരി ടീച്ചറുടെയും മകനാണ് അനീഷ്.
ഭാര്യ: ഫാബില. മക്കള്‍ : ലിവിയ , ജുവാന്‍. ഞായറാഴ്ച്ച രാവിലെ പത്തിന് കുടുംബത്തെ പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ കാറില്‍കൊണ്ടു വിട്ടതിന് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.വിനോദ് കുമാര്‍, പെരിങ്ങോം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജോലി സമ്മര്‍ദ്ദമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഈ കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തസംഭവം സര്‍ക്കാര്‍ തലത്തില്‍ തന്നെ വിവാദമുണ്ടാക്കിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം തേടി. അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു.
നാളെ ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്‌കരിക്കും
പയ്യന്നൂര്‍ നിയോജക മണ്ഡലം 18 ആം നമ്പര്‍ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറും കുന്നരു എ യു പി സ്‌കൂളിലെ ഓഫീസ് അറ്റന്റന്റ് മായ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മിഷനാണെന്ന് സംയുക്ത സമര സമിതി ആരോപിച്ചു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബി എല്‍ ഒ മാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് ബി എല്‍ ഒമാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും എസ്.ഐ.ആര്‍. നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതല്‍ ടാര്‍ജറ്റ് നല്‍കി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പിക്കുകയാണ്. ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ സംസ്ഥാനത്ത് ബി എല്‍ ഓ മാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കും. അതോടൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും (കലക്ട്രേറ്റ്) പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു.
