റിയാസിന്റെ 'കാരവാന്‍ ടൂറിസം' അടക്കം എല്ലാത്തിനും പിന്തുണ നല്‍കി; എന്നിട്ടും മുന്‍കൂര്‍ ജാമ്യത്തിന് പോലും അവസരില്ലാതെ കൊടും ക്രിമിനലിനെ പോലെ കാര്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ജാമ്യം കിട്ടുമോ എന്ന ആശങ്കയില്‍ രാത്രിയില്‍ മജിസ്‌ട്രേട്ടിന് മുന്നിലും എത്തിച്ചില്ല; 'പ്രതിച്ഛായ കൂട്ടാന്‍ ബോച്ചെ ഓപ്പറേഷന്‍'; ബോബി ചെമ്മണ്ണൂര്‍ കടുത്ത നിരാശയില്‍
കൊച്ചി: ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ചേര്‍ന്ന് വിനോദ സഞ്ചാര മേഖലയ്ക്കായി സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചിട്ടും തന്നെ ഒരു രാത്രി പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിയതില്‍ ബോബി ചെമ്മണ്ണൂര്‍ കടുത്ത നിരാശയില്‍. ടൂറിസം വികസനത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വലിയ പിന്തുണ നല്‍കി. ടൂറിസം കാരവാന്‍ പോലുള്ള പദ്ധതികള്‍ക്ക് ചാലക ശക്തിയായി. എന്നിട്ടും മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാന്‍ പിണറായി സര്‍ക്കാര്‍ അവസരം നല്‍കിയില്ല. അറസ്റ്റ് ചെയ്തിട്ട് അന്ന് മജിസ്‌ട്രേട്ടിന് മുന്നിലും ഹാജരാക്കിയില്ല. മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചാല്‍ പുറത്തിറങ്ങുമെന്ന വിലയിരുത്തലിലാണ് പരമാവധി കസ്റ്റഡി സമയമായ 24 മണിക്കൂര്‍ സ്റ്റേഷനില്‍ വച്ചതെന്നാണ് ബോബിയുടെ വിലയിരുത്തല്‍. അതിനിടെ നടിക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി ബോബി ചെമ്മണ്ണൂര്‍ രംഗത്തു വരികയും ചെയ്തു. കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ഫാംഹൗസില്‍നിന്ന് കാറില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന പോലീസ് സംഘം കാര്‍ വളഞ്ഞ് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോകുകയോ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് തടയാനായിരുന്നു ഈ നീക്കം. ഫാംഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പിന്നീട് എ.ആര്‍. ക്യാംപിലേക്കാണ് കൊണ്ടുപോയത്. അവിടെന്ന് പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. നോട്ടീസ് നല്‍കിയാല്‍ താന്‍ പോലീസിന് മുന്നില്‍ എത്തുമായിരുന്നു. പക്ഷേ കൊടു ക്രിമിനലിനെ അറസ്റ്റു ചെയ്തത് പോലെയായി കാര്യങ്ങള്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായി എന്ന നിലയില്‍ എല്ലാ പിന്തുണയും നല്‍കിയ തന്നോട് ഇത് വേണ്ടായിരുന്നുവെന്ന പക്ഷമാണ് ബോബി ചെമ്മണ്ണൂരിന്റേത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി തന്നെ ജയിലില്‍ അടയ്ക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ തിരിച്ചറിയുന്നു.
ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് സംഘം കൊച്ചിയിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയോടെ മജിസ്‌ട്രേട്ടിന്റെ അടുത്ത് കൊണ്ടു പോകാമായിരുന്നു. പക്ഷേ അത് ചെയ്തില്ല. പകരം പോലീസ് കസ്റ്റഡിയില്‍ വച്ചു. തുറന്ന കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് ഇത്. അങ്ങനെ ഒരു ക്രിമിനലിനെ പോലെ കോടതി മുറിയിലേക്ക് പോലീസ് ബോബി ചെമ്മണ്ണൂരിനെ എത്തിക്കുന്നു. ഇതിലെല്ലാം കടുത്ത വേദനയിലാണ് ബോബി. തന്നെ ബന്ധപ്പെട്ട അടുപ്പക്കാരോട് ഇക്കാര്യം ബോബി വിശദീകരിച്ചിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം.
പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്. കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരിക്കാനാണ് പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചിരുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. ബോബി ചെമ്മണൂരിനെതിരായ പോലീസ് നടപടിക്ക് കരുത്തു പകര്‍ന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പച്ചക്കൊടി തന്നെയാണ്. ഇതിനൊപ്പം പോലീസ് മേധാവിയുടെ ചുമതലയുള്ള എ.ഡി.ജി.പി: മനോജ് എബ്രഹാമും ചടുലമായി നീങ്ങി.
നടി ഹണി റോസിന്റെ പരാതിയില്‍ അതിവേഗ നടപടികള്‍ അനിവാര്യമാണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയത് മനോജ് എബ്രഹാമാണ്. സര്‍ക്കാരിന് എല്ലാ അര്‍ഥത്തിലും പിന്തുണ നല്‍കുന്ന പോലീസായി സേനയെ മാറ്റാനുള്ള നീക്കത്തിന്റെ തുടക്കമാണ് ബോബി ചെമ്മണൂരിനെതിരായ നീക്കം. പൊതുസമൂഹത്തില്‍ ഏറെ അവമതിപ്പുണ്ടാക്കിയ നടപടികളും പ്രതികരണങ്ങളുമാണ് ഹണി റോസിനെതിരേ ബോബി ചെമ്മണൂര്‍ നല്‍കിയത്. ഇതേക്കുറിച്ച് ഹണി റോസ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത് നിര്‍ണായകമായി. നടിയുമായി ക്രമസമാധാന ചുമതയുള്ള മനോജ് എബ്രഹാമും ആശയവിനിമയം നടത്തി.
ബോബി ചെമ്മണൂരിന്റെ പോസ്റ്റുകളും സോഷ്യല്‍ മീഡിയ പ്രതികരണവുമെല്ലാം എ.ഡി.ജി.പി പരിശോധിച്ചു. വയനാട്ടിലേക്കുള്ള പോലീസ് നീക്കം വളരെ കുറച്ചുപേര്‍ മാത്രമേ അറിഞ്ഞുള്ളൂ. രഹസ്യാത്മകത നിലനിര്‍ത്തണമെന്ന് കൊച്ചി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.