ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു; ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം; പ്രതിയുടെ പെരുമാറ്റ ദൂഷ്യം വിശദീകരിച്ച് എഫ്‌ഐആര്‍; ബോചെയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
ബോചെയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.
ബോബിയുടെ അറസ്റ്റ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയില്‍ വ്യവസായി ബോബിക്കെതിരെ കൂടുതല്‍ വിവരങ്ങളുണ്ടോ? നിലവില്‍ എടുത്തിരിക്കുന്ന കേസില്‍ ബോബി ചെമ്മണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ടോ എന്നതില്‍ നിര്‍ണായകമാവുക ഈ രഹസ്യമൊഴിയായിരിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നല്‍കിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തില്‍ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിലുള്ളത്.
പിന്നീട് മറ്റൊരു ചടങ്ങില്‍ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാന്‍ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. തുടര്‍ന്ന് സമാനമായ പരാമര്‍ശങ്ങള്‍ ജാങ്കോ സ്‌പേയ്‌സ് എന്ന യൂട്യൂബ് ചാനല്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.
ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.
അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു പ്രതികരണം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും.
അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.
വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ഫാംഹൗസില്‍നിന്ന് കാറില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന പോലീസ് സംഘം കാര്‍ വളഞ്ഞ് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോകുകയോ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് തടയാനായിരുന്നു പോലീസിന്റെ ഈ അതിവേഗനീക്കം. ഫാംഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പിന്നീട് എ.ആര്‍. ക്യാംപിലേക്കാണ് കൊണ്ടുപോയത്. അവിടെന്ന് പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.
ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് സംഘം കൊച്ചിയിലെത്തിയത്. ബോബിയെ കൊണ്ടുവരുന്നതറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും ജനങ്ങളും സ്റ്റേഷന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് തിരക്കിനിടയിലൂടെ പോലീസ് പ്രതിയെ പുറത്തിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചോദ്യംചെയ്തുവരികയാണ്.
നേരത്തേ താന്‍ ബോബി ചെമ്മണൂരില്‍നിന്ന് നേരിട്ട ദ്വയാര്‍ഥം കലര്‍ന്ന ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും അടക്കമുള്ളവ വ്യക്തമാക്കിയാണ് ഹണി റോസ് പൊലീസിനു പരാതി നല്‍കിയത്. കണ്ണൂര്‍ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയില്‍ വിശദമായി പ്രതിപാദിച്ചിരുന്നു.
അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലര്‍ന്ന പരാമര്‍ശങ്ങളുടെയും മറ്റും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി തംപ്‌നെയില്‍ സൃഷ്ടിച്ച് ഈ പരാമര്‍ശങ്ങള്‍ക്ക് പ്രചാരം നല്‍കിയ ഇരുപതോളം യുട്യൂബ് ചാനലുകള്‍ക്കെതിരെയും ഹണി റോസ് പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ ഹണിറോസിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മാജിസ്ട്രേറ്റ് കോടതിയില്‍ എത്തി ആണ് ഹണി മൊഴി നല്‍കിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.