എലപ്പുള്ളി ബ്രൂവറിക്ക് സിപിഐയുടെ കടുംവെട്ട്; ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അപേക്ഷ തള്ളി പാലക്കാട് ആര്‍ഡിഒ; ഭൂമിയില്‍ നിര്‍മാണം പാടില്ല, കൃഷി ചെയ്യണമെന്ന് നിര്‍ദേശം; അനധികൃത നിര്‍മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ നടപടി എടുക്കണമെന്നും നിര്‍ദേശം; റവന്യൂ വകുപ്പ് ഉടക്കിട്ടത് മുന്നണിയില്‍ ചര്‍ച്ച കൂടാതെ സിപിഎം മുന്നോട്ടു പോയതോടെ

എലപ്പുള്ളി ബ്രൂവറിക്ക് സിപിഐയുടെ കടുംവെട്ട്

Update: 2025-02-07 09:09 GMT

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി ബ്രൂവറിയില്‍ കടുംവെട്ടുമായി സിപിഐ. മദ്യ നിര്‍മ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷ തള്ളി റെവന്യൂ വകുപ്പ് തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് തള്ളിയത്. പാലക്കാട് ആര്‍ഡിഒയാണ് ഒയാസിസ് കമ്പനിയുടെ അപേക്ഷ തള്ളിയത്. എലപ്പുള്ളിയില്‍ 24 ഏക്കര്‍ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതില്‍ നാല് ഏക്കര്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതോടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒയാസിസ് കമ്പനിക്ക് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. റവന്യൂവകുപ്പില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ആര്‍ഡിഒ നടപടി എന്നാണ് സൂചനകള്‍. ഭൂമിയില്‍ നിര്‍മാണം പാടില്ല, കൃഷി ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ നടപടി എടുക്കണമെന്നും നിര്‍ദേശിട്ടുണ്ട്.

ബ്രൂവറി വിഷയത്തില്‍ മുന്നണി തീരുമാനത്തേക്കാള്‍ ഉപരി സ്വന്തം നിലയിലാണ് സിപിഎം മുന്നോട്ടു പോയത്. ഇത് സിപിഐയെ ശരിക്കും ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ മുന്നണിയില്‍ തര്‍ക്കം ശക്തമായതോടെ ഉഭയകക്ഷി ചര്‍ച്ചക്ക് സി.പി.എം ശ്രമം നടത്തുന്നുണ്ട്. ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വെള്ളിയാഴ്ച തലസ്ഥാനത്ത് മടങ്ങിയെത്തും. തുടര്‍ന്ന്, സി.പി.ഐയുമായാണ് ആദ്യ ചര്‍ച്ച നടത്തും.

സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ് പരസ്യപ്പെടുത്തിയ ആര്‍.ജെ.ഡിയുമായും ആശയവിനിമയം നടത്തും. ശേഷമാകും മുന്നണി യോഗം. മന്ത്രിസഭ അജണ്ട മുന്‍കൂട്ടി അറിഞ്ഞിട്ടും ഗൗരവം തിരിച്ചറിയാതിരുന്ന സി.പി.ഐ നേതൃത്വവും മന്ത്രിമാരും പാര്‍ട്ടിക്കുള്ളില്‍ പ്രതിരോധത്തിലായിരുന്നു. എക്‌സീക്യൂട്ടിവ് യോഗത്തിലെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കുശേഷം നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായ നേതൃത്വം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയുമായിരുന്നു.

ആര്‍.ജെ.ഡി മന്ത്രിസഭ യോഗ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നയപരമായ തീരുമാനങ്ങള്‍ മുന്നണി യോഗം കൂടി അറിഞ്ഞുവേണമെന്ന നിലപാട് ശക്തമായി ആര്‍.ജെ.ഡി ഉന്നയിക്കുന്നതിനും കാരണമിതാണ്. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ പലതും മുന്നണിയില്‍ ചര്‍ച്ച ചെയ്യാറില്ലെന്ന വിമര്‍ശനവും എല്‍.ഡി.എഫില്‍ ശക്തമാണ്. എല്ലാ ഘടകകക്ഷികളെയും മാനിക്കുമെന്ന് സി.പി.എം ആവര്‍ത്തിക്കുമ്പോഴാണ് ഈ അതൃപ്തി നിഴലിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനവും മുന്നണിയില്‍ കൂടിയാലോചിച്ചിരുന്നില്ല. വെള്ളക്കരവും യാത്രാനിരക്ക് ഭേദഗതിയുമടക്കം ഭരണപരമായ തീരുമാനങ്ങള്‍ പോലും എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് ധാരണയായ ശേഷം മന്ത്രിസഭയിലേക്കെത്തുന്ന പതിവ് കീഴ്വവഴക്കങ്ങളില്‍ നിന്നാണ് ഈ വഴുതിമാറ്റം. മദ്യനിര്‍മാണശാലയില്‍ ജലലഭ്യതയും പരിസ്ഥിതി പ്രശ്‌നവുമാണ് സി.പി.ഐ ഉന്നയിക്കുന്നതെങ്കില്‍ ഇതിനൊപ്പം മദ്യം സാര്‍വത്രികമാകുന്നതിന്റെ വിപത്ത് കൂടി സോഷ്യലിസ്റ്റ് നിലപാടില്‍ ഊന്നി ആര്‍.ജെ.ഡി മുന്നോട്ടുവെക്കുന്നു.

തെരഞ്ഞെടുപ്പ് വര്‍ഷത്തിലാണ് കനത്ത പ്രതിഷേധവും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന തീരുമാനമെന്നതും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തിലെ ആശങ്ക ദൂരീകരിച്ച് സി.പി.ഐയെ അനുനയിപ്പിക്കാനാണ് സി.പി.എം ശ്രമം. അനുനയം സാധ്യമായാല്‍ എല്‍.ഡി.എഫ് യോഗത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് ഇപ്പോല്‍ റവന്യൂ വകുപ്പില്‍ നിന്നും കടുംവെട്ട് നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം ബ്രൂവറി സ്ഥാപിക്കുന്നതിന് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കുന്ന ഫയല്‍ മാസങ്ങളോളം തീരുമാനം എടുക്കാതെ എക്‌സൈസ് മന്ത്രിയുടെ കൈവശം ഇരുന്നതായി ഇ-ഫയല്‍ രേഖയും അടുത്തിടെ പുറത്തുവന്നിരുന്നു. പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടനെ ഫയലിന് അംഗീകാരം നല്‍കി എക്‌സൈസ് മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയും ഫയലില്‍ അംഗീകാരം കുറിച്ചു.

ഇ-ഫയല്‍ രേഖകള്‍ പ്രകാരം എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശയോടെ 2024 ഫെബ്രുവരി രണ്ടിന് ഫയല്‍ നികുതി എക്‌സൈസ് വകുപ്പില്‍ എത്തി. 14 ന് എക്‌സൈസ് മന്ത്രിക്ക് മുന്നിലേക്ക്. കൂടുതല്‍ വിശദാശങ്ങള്‍ തേടി മന്ത്രി ഫയല്‍ മടക്കി. ജൂണ്‍ 20 ന് വീണ്ടും ജോയിന്റ് സെക്രട്ടറിക്ക് മുന്നിലേക്ക്. ജൂലൈ 3 ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിന് ലഭിച്ച ഫയല്‍ അന്ന് തന്നെ ശരവേഗത്തില്‍ വീണ്ടും എക്‌സൈസ് മന്ത്രിക്ക് മുന്നിലെത്തി. പിന്നെ ഫയല്‍ മൂന്നര മാസത്തോളം അനങ്ങിയില്ല. മന്ത്രിയുടെ മേശപ്പുറത്ത് തുടര്‍ന്നു. ഒക്ടോബര്‍ 18 തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ 24 ന് ഫയല്‍ എം.ബി രാജേഷ് അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. നവംബര്‍ 11 ന് മുഖ്യമന്ത്രിയും ഫയലിന് അംഗീകാരം നല്‍കി.

Tags:    

Similar News