കോൺട്രാക്ടർ ലൈസൻസ് ലഭിക്കാനായി കൈക്കൂലി നൽകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ; ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടത് 15,000 രൂപ; പരാതി ലഭിച്ചതോടെ വല വിരിച്ച് വിജിലൻസ്; തുടർച്ചയായ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകൾ; അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വിജിലൻസിന് ചരിത്ര നേട്ടം
തിരുവനന്തപുരം: സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങവേ അങ്കമാലി ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെ കൈയ്യോടെ പിടികൂടി വിജിലൻസ്. അങ്കമാലി സ്വദേശിയായ വിൽസൺ.പി.എം ആണ് വിജിലൻസിന്റെ പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. തുടർച്ചയായ നാല് പ്രവർത്തി ദിവസത്തിൽ നാല് ട്രാപ്പ് കേസ്സുകളിലായി നാല് സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങവേ വിജിലൻസ് കൈയ്യോടെ പിടികൂടിയത്. തുടർച്ചയായ ട്രാപ്പ് കേസ്സുകളുടെ എണ്ണത്തിൽ ഇത് വിജിലൻസിൻ്റെ ചരിത്ര നേട്ടമാണ്.
എറണാകുളം അങ്കമാലി സ്വദേശിയായ പരാതിക്കാരൻ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിൽ വരുന്ന കോൺട്രാക്ട് ജോലികൾ ചെയ്യുന്നതിനുള്ള സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് അങ്കമാലി ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് പരാതിക്കാരൻ ഓഫീസിലെത്തി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിൽസൺ നെ നേരിൽ കണ്ടിരുന്നു. ഈ സമയം കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലിയായി നൽകണമെന്നും, 15,000 രൂപ ഓഫീസിൽ നേരിട്ട് എത്തിച്ച് നൽകണമെന്നും വിൽസൺ ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.35 മണിക്ക് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവെ വിൽസണിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഭൂമി തരം മാറ്റുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കെ.ആർ നെയും, പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റ വേങ്ങൂർ സ്വദേശിയുമായ ജിബി മാത്യു.എംനെയും, ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ശ്രീ. ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറുമായ ശ്രീനിവാസനെയും തുടർച്ചയായ ദിവസങ്ങളിൽ വിജിലൻസ് കൈയ്യോടെ പിടികൂടിയിരുന്നു.
ഈ വർഷം 53 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 71 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിൽ 19 കേസുകളുള്ള റവന്യൂ വകുപ്പും, 10 കേസുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും 6 കേസുകൾ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 12 കേസുകളുമാണ് 2025-ൽ വിജിലൻസ് പിടിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥരെ ജയിലിലടച്ച വിജിലൻസ് നീക്കം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കുള്ള താക്കീതാണെന്നും അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ നടപ്പിലാക്കാൻ ഈ നേട്ടം വിജിലൻസിന് കൂടുതൽ പ്രചോദനം നൽകുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അറിയിച്ചു. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനും, പൊതു ജനങ്ങൾക്ക് വിജിലൻസ് സംവിധാനത്തിൽ വിശ്വാസം വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.
