ലെബനന്‍ എയര്‍പോര്‍ട്ട് ഏത് നിമിഷവും അടച്ചേക്കും; കുടുങ്ങി കിടക്കുന്നവര്‍ ലക്ഷങ്ങള്‍ മുടക്കി പ്രൈവറ്റ് ജെറ്റ് പിടിച്ചും ആഡംബര യാച്ചില്‍ കയറിയും രക്ഷപ്പെടുന്നു; പശ്ചിമേഷ്യന്‍ യുദ്ധസാധ്യത മുറുകിയതോടെ എങ്ങും രക്ഷപ്പെടാനുള്ള നെട്ടോട്ടം
ലെബനന്‍ എയര്‍പോര്‍ട്ട് ഏത് നിമിഷവും അടച്ചേക്കും
ബെയ്‌റൂത്ത്: ലബനനില്‍ ഇസ്രയേല്‍ സൈന്യം കരയുദ്ധം ആരംഭിച്ചതോടെ എത്രയും വേഗം സ്ഥലം വിടാനുള്ള ഒരുക്കങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍. നിരവധി രാജ്യങ്ങളാണ് തങ്ങളുടെ പൗരന്‍മാരോട് എത്രയും വേഗം ലബനന്‍ വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ജോര്‍ദ്ദാന്‍, റഷ്യ, അയര്‍ലന്‍ഡ്, സൗദി അറേബ്യ, ഓസ്ട്രേലിയ, ഹോളണ്ട്, ജര്‍മ്മനി, കാനഡ, കുവൈറ്റ് , നോര്‍ത്ത് മാസിഡോണിയ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് അടിയന്തരമായി തങ്ങളുടെ പൗരന്‍മാരെ തിരികെ വിളിച്ചത്. ലബനനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ബ്രിട്ടന്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ ലബനനില്‍ ഉള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ തങ്ങളുടെ കുടുംബാംഗങ്ങളുമായി എത്രയും വേഗം രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. ഇതിനായി വന്‍ തുക മുടക്കി പ്രൈവറ്റ് ജെറ്റ് പിടിക്കാനും ആഡംബര നൗകകളില്‍ വരെ കയറാനും പലരും തയ്യാറായിരിക്കുകയാണ്. ബെയ്റൂട്ട് വിമാനത്താവളം ഏത് നിമിഷം വേണമെങ്കിലും അടച്ചുപൂട്ടാമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി മുന്നറിയിപ്പ് നല്‍കി. ലബനനില്‍ ഇനി അവശേഷിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വേണ്ടി ഒരു ചാര്‍ട്ടേര്‍ഡ് വിമാനം അയയ്ക്കുമെന്നും ലാമി അറിയിച്ചു.
പല പ്രാവശ്യം ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇപ്പോഴും ആറായിരത്തോളം ബ്രിട്ടീഷ് പൗരന്‍മാര്‍ ഇപ്പോഴും ലബനനില്‍ തുടരുകയാണ്. മാധ്യമങ്ങള്‍ ഇവരില്‍ പലരേും ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇപ്പോള്‍ നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂര്‍വ്വമായിരിക്കില്ല എന്നാണ്. ലബനനില്‍ ഒരു പക്ഷെ ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകാന്‍ സാധ്യത ഉളളതായും സൂചനയുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
അങ്ങനെ ഒരു സ്ഥിതി ഉണ്ടായാല്‍ ഹിസ്ബുള്ള ഭീകരര്‍ വിദേശികളെ ആക്രമിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ പലരും ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട് എങ്കിലും വിമാന സര്‍വ്വീസുകള്‍ പലതും റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ്. ധൃതഗതിയില്‍ എല്ലാ ബ്രിട്ടീഷ് പൗരന്‍മാരേയും ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ 18 വയസില്‍ താഴെയുളള മക്കള്‍ക്കും വേണ്ടിയാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തത്. ധനികരായ പലരും ആഡംബര നൗകകളില്‍ വന്‍ തുക നല്‍കി സൈപ്രസിലും തുര്‍ക്കിയിലും എത്താനാണ് ശ്രമിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ആയിരത്തോളം പേരാണ് ഇത്തരത്തില്‍ യാത്ര ചെയ്തതായി ഒരു പ്രമുഖ കമ്പനി അറിയിച്ചു. വന്‍ തുക മുടക്കി മാത്രമേ ഇത്തരം ആഡംബര നൗകകളില്‍ യാത്ര ചെയ്യാന്‍ കഴിയുകയുളളൂ എന്നതാണ് പ്രധാന പ്രശ്നം.
സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ പലരും യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നു എങ്കിലും ആകാശമാര്‍ഗ്ഗമുള്ള യാത്ര അപകടകരമാകും എന്നുള്ളതിനാല്‍ പല വിമാന കമ്പനികളും യാത്ര റദ്ദാക്കിയിരിക്കുകയാണ്. അതേസമയം ലെബനനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഹിസ്ബുല്ലയ്ക്ക് എതിരെ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
നിലവില്‍, ലെബനനില്‍ ഏകദേശം 4,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്ത്യക്കാര്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലുമാണ് കൂടുതലായി ജോലി ചെയ്യുന്നത്. ഇതിന് പുറമെ വിവിധ കമ്പനികളിലും നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. 'ലെബനനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ശക്തമായ നിര്‍ദ്ദേശം നല്‍കുന്നു. ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവരുണ്ടെങ്കില്‍ അതീവ ജാഗ്രത പാലിക്കാനും യാത്രകള്‍ നിയന്ത്രിക്കാനും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു'വെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനായി ഇ-മെയില്‍ ഐഡിയും (cons.beirut@mea.gov.in) എമര്‍ജന്‍സി ഫോണ്‍ നമ്പറും (+96176860128) ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്.