599 ന്റെ പ്ലാന്‍ അവതരിപ്പിച്ച് ഞെട്ടിച്ച് ബിഎസ്എന്‍എല്‍; ഡാറ്റയുടെ വേഗത വര്‍ധിപ്പിച്ച് ചെക്ക് വച്ച് ജിയോ; പോര് കടുക്കുമ്പോള്‍ കോളടിച്ച് ഉപഭോക്താക്കള്‍
പോരാട്ടം നടക്കുന്നത് ബിഎസ്എന്‍എലും ജിയോയും തമ്മില്‍
മുംബൈ: മറ്റെല്ലാ മേഖലയിലെ പോലെ തന്നെ ടെലികോം രംഗത്തും ഇപ്പോള്‍ കമ്പനികള്‍ തമ്മില്‍ വാശിയേറിയ മത്സരത്തിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പോരാട്ടം നടക്കുന്നതാകട്ടെ ബിഎസ്എന്‍എല്‍-ജിയോ തമ്മിലാണ്. അടുത്തിടെ പ്രഖ്യാപിച്ച നിരക്കു വര്‍ധന അംബാനിക്ക് സൃഷ്ടിച്ച തലവേദന ചെറുതല്ല. ഈ അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ബിഎസ്എന്‍എല്ലിനും സാധിച്ചു. ഇതോടെയാണ് ഇരു കമ്പനികളും തമ്മില്‍ കടുത്ത മത്സരം തുടങ്ങിയത്.
4ജി, 5ജി നെറ്റ്വര്‍ക്കുകളിലെ സാധ്യത വിപുലപ്പെടുത്താനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നത്. ജിയോ ആകട്ടെ വിലവര്‍ധനവിലുണ്ടായ ക്ഷീണം ഡാറ്റയുടെ സ്പീഡ് വര്‍ധിപ്പിച്ച് പരിഹരിക്കാനാണ് ശ്രമിക്കുന്നത്.ഇതോടെ നഷ്ടമായ ഉപയോക്താക്കളെ തിരിച്ചെത്തിക്കാനുമെന്ന വിശ്വാസത്തിലാണ് ജിയോ.കമ്പനികള്‍ തമ്മില്‍ പോര് കടുക്കുമ്പോള്‍ ശരിക്കും കോളടിക്കുന്നത് ഉപഭോക്താക്കള്‍ക്കാണ്.കാരണം ഓഫറുകളുടെ പെരുമഴയാണ് ഇരുവരും തീര്‍ക്കുന്നത്.
അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം ഉയര്‍ന്ന ഡാറ്റ, എഐ സേവനങ്ങള്‍ തുടങ്ങി, അപ്രഖ്യാപിത വിലയുദ്ധം വരെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളും പുതിയ ഓഫറുകളും വ്യക്തമാക്കുന്നത്.ഈ രണ്ടു കമ്പനികളുടെയും പ്രധാന ഓഫറുകള്‍ പരിചയപ്പെടാം.
ബിഎസ്എന്‍എല്‍ പ്ലാന്‍
ബിഎസ്എന്‍എല്ലിലേയ്ക്ക് തന്നെ വരാം. കമ്പനി പ്രഖ്യാപിച്ച് 599 രൂപയുടെ പ്ലാന്‍ മറ്റു ടെലികോം കമ്പനികളെ അമ്പരപ്പിക്കുന്നതാണ്. 84 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. അതായത് മാസച്ചെലവ് ഏകദേശം 214 രൂപ മാത്രം. ഇവിടെ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 3 ജിബി 4ജി ഡാറ്റ കിട്ടും. കൂടാതെ 100 പ്രതിദിന എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിംഗ് എന്നിവ സവിശേഷതകളാണ്. പ്ലാനിന് കീഴില്‍ മൊത്തം 252 ജിബി ഡാറ്റ ഉള്‍ക്കൊള്ളുന്നു.
ബിഎസ്എന്‍എല്‍ 4ജി സര്‍വീസുകള്‍ വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്.നിലവില്‍ രാജ്യത്താകെ 4 ജി സര്‍വീസുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നില്ല.ജിയോ, എയര്‍ടെല്‍ തുടങ്ങിയ സര്‍വീസ് പ്രൊവൈഡര്‍മാര്‍ വ്യാപകമായി 5 ജി വരെ നല്‍കിത്തുടങ്ങിയതോടെ 4 ജി എങ്കിലും ലഭ്യമാകാതെ പിടിച്ചുനില്‍ക്കാനാകില്ല എന്ന അവസ്ഥയായിരുന്നു ബിഎസ്എന്‍എല്ലിന്.ഇതിനിടയിലാണ് താങ്ങാനാവുന്ന പ്ലാനുകളില്‍ സ്പീഡ് വര്‍ധിപ്പിച്ച് മാര്‍ക്കറ്റിലേക്കെത്താനുള്ള ബിഎസ്എന്‍എലിന്റെ നീക്കം നടക്കുന്നത്.
കൂടാതെ സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് ബജറ്റ് ഫ്രണ്ടലി പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.സമീപകാലത്ത് അവതരിപ്പിച്ച പല പ്ലാനുകള്‍ക്കും വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.ഇതിനു പുറമെയാണ് ബിഎസ്എന്‍എല്‍ യൂണിവേഴ്സല്‍ സിം അവതരിപ്പിക്കുന്നത്.4ജി, 5 ജി സേവനങ്ങള്‍ക്കായാണ് യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോമുകള്‍ കമ്പനി അവതരിപ്പിച്ചത്.രാജ്യമെമ്പാടുമായി 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് യൂണിവേഴ്സല്‍ സിം പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. നിലവിലെ സിം കാര്‍ഡ് മാറ്റാതെ 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യമാണിതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് എക്‌സില്‍ അറിയിച്ചു. ഓവര്‍ ദ എയര്‍ സാങ്കേതികവിദ്യയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.
ജിയോ പ്ലാനുകള്‍
8-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത മൂന്നു പ്ലാനുകള്‍ക്കൊപ്പം 700 രൂപതുടെ സൗജന്യ ആനുകൂല്യങ്ങളാണ് ഏറ്റവും പുതിയ പ്രഖ്യാപനം. പ്ലാനുകളിലേയ്ക്ക് വരുമ്പോള്‍ 249 രൂപ, 209 രൂപയുടെ വാഗ്ദാനങ്ങള്‍ ശ്രദ്ധനേടുന്നു. ദിവസം 1 ജിബി ഡാറ്റ കിട്ടും. ഹൈ സ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവ ഭാഗമാണ്. പ്ലാന്‍ വാലിഡിറ്റി യഥാക്രമം 28 ദിവസവും, 22 ദിവസവും ആണ്.
198 രൂപയുടെ പ്ലാനില്‍ ്രപതിദിനം 2 ജിബി ഡാറ്റ കിട്ടും. അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ റോമിംഗ്, 300 എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സേവനങ്ങളും 14 ദിവസത്തേയ്ക്ക് കിട്ടും. 319 രൂപയുടെ പ്ലാന്‍ 30 ദിവസത്തെ വാലിഡിറ്റി നല്‍കുന്നു. പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍, ദിവസം 1.5 ജിബി ഡാറ്റ എന്നിവ പ്ലാനിന്റെ ഭാഗമാണ്.
അടുത്തിടെ വാര്‍ഷികയോഗത്തില്‍ കമ്പനി പ്രഖ്യാപിച്ച് എഐ ഫീച്ചറുകളും, സേവനങ്ങളും അധികം വൈകാതെ ഉപയോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങുമെന്നാണ് വിവരം.