ജാതി സെന്‍സസ് അവസാനമായി നടന്നത് ബ്രിട്ടീഷ് ഇന്ത്യയില്‍ 1931ല്‍; കാലങ്ങളായി ഉന്നയിച്ച ആവശ്യം സര്‍ക്കാറുകള്‍ നിരസിച്ചു; പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജാതി സെന്‍സസിലെ വിവരങ്ങള്‍ നിര്‍ണായകം; ജാതി സെന്‍സസ് നടത്തിയാല്‍ എന്തു സംഭവിക്കും?

എന്താണ് ജാതി സെന്‍സസ് നടത്തിയാല്‍ എന്തു സംഭവിക്കും?

Update: 2025-04-30 13:04 GMT

ന്യൂഡല്‍ഹി: ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021 ല്‍ നടത്തേണ്ട സെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ലല്ല താനും. ഇതിനിടെയണ് ജാതി സെന്‍സസ് നടപ്പിലാക്കുന്നതും.

പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാകും ജാതി സെന്‍സസിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍. സാമൂഹിക നീതി ഉറപ്പിലാക്കാന്‍ ജാതിസെന്‍സസിലെ ഡാറ്റകള്‍ സഹായകമാകുമെന്നാണ് കണക്കാക്കുന്നത്. ജാതിതിരിച്ച് ആളുകളുടെ എണ്ണമെടുക്കുകയാണ് ജാതി സെന്‍സസ്. കേവലം എണ്ണം എന്നതല്ല, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടിയാണ് അത്. ഇതോടെ കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ അടക്കം ഓരോ ജാതി വിഭാഗത്തിനും എത്രപ്രതിനിധികള്‍ വീതമുണ്ടാകുമെന്നത് അടക്കം കണക്കാക്കപ്പെടും.

ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴില്‍- വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കുമെന്നാണ് കരുതുന്നത്. പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ഥ അവസ്ഥ എന്താണ്, അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകും.

ഇതിന് മുമ്പ് സമ്പൂര്‍ണമായി ജാതി സെന്‍സസ് നടന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ 1931വരെ ജാതി സെന്‍സസ് നടന്നിട്ടുണ്ട്. 1955ലെ കാകാ കലേക്കര്‍ കമീഷന്‍ സര്‍ക്കാറിനു മുമ്പാകെവെച്ച ശിപാര്‍ശകളില്‍ ആദ്യേത്തത് 1961 മുതല്‍ ജാതി സെന്‍സസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എണ്‍പതുകളില്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷം ജാതി സെന്‍സസ് എന്നത് വീണ്ടും സജീവ ചര്‍ച്ചാവിഷയമായി. 2011ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് (എസ്.ഇ.സി.സി) എന്നപേരില്‍ അത് നടത്തിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തു കണ്ടിട്ടിലല്ല.

1955ലെ കാക്കാ-കലേല്‍ക്കര്‍ കമീഷന്‍ സര്‍ക്കാരിന് മുമ്പാകെ വെച്ച ശിപാര്‍ശകളില്‍ ആദ്യത്തേത് 1961 മുതല്‍ ജാതി സെന്‍സസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എണ്‍പതുകളില്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ജാതി സെന്‍സസ് എന്നത് വീണ്ടും സജീവ ചര്‍ച്ചാവിഷയമായി. 1990ല്‍ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാരായ വി.പി സിങ് സര്‍ക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്ന പുതിയ വിഭാഗത്തെ ഉള്‍പ്പെടുത്തി മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി. മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ് ദലിത്, ആദിവാസി സംവരണങ്ങള്‍ക്കൊപ്പം ഇന്ന് ഒ.ബി.സി സംവരണവും ഭരണഘടനാപരമായി സാധുതയുള്ള ഒരു സംവരണ വിഭാഗമാണ്.

മൊത്തം ജനസംഖ്യയില്‍ 25.2 ശതമാനം വരുന്ന പട്ടികജാതി/പട്ടിക്കവര്‍ഗത്തിന്റെ വിദ്യാഭ്യാസപരവും ഉദ്യോഗപരവും നിയമനിര്‍മാണ സഭകളിലെ പ്രാതിനിനിധ്യപരവുമായ സംവരണം ഭരണഘടനയുടെ ഖണ്ഡികകളിലൂടെ ഉറപ്പാക്കപ്പെട്ടിരിക്കെ അതിന്മേല്‍ തൊട്ടുകളിക്കുക തല്‍ക്കാലം നടപ്പുള്ള കാര്യമല്ല. കേരളത്തിലും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഓരോ സമുദായങ്ങളുടെയും പ്രാതിനിധ്യവും അതിനനുസരിച്ചുള്ള സംവരണ തോതും കണക്കാക്കാന്‍ സമുദായങ്ങളുടെ ജാതി തിരിച്ച കണക്ക് ലഭ്യമല്ല എന്നായിരുന്നു കേരളസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ഒന്നടങ്കം ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് വലിയ തോതില്‍ പ്രചാരണായുധമാക്കിയിരുന്നു. ജാതി സെന്‍സസ് എന്ന ആവശ്യം കണ്ണില്‍പ്പൊടിയിടലാണെന്നായിരുന്നു അന്നൊക്കെ ബിജെപിയുടെ പ്രതികരണം.

ഇത്തവണയും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് കോണ്‍ഗ്രസ് ശക്തമായ പ്രചാരണായുധമാക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കാന്‍ കാരണമായത് എന്ന വിലയിരുത്തലുകള്‍ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് വീണ്ടുമൊരു ജാതി സെന്‍സസിന് ബിജെപി സമ്മതം അറിയിച്ചതും. തെരഞ്ഞെടുപ്പു കാലത്തിന് ശേഷം എത്രവേഗത്തില്‍ സെന്‍സസ് നടപ്പിലാകുമെന്നതാണ് അറിയേണ്ട കാര്യം.

Tags:    

Similar News