വീടിന്റെ പോർച്ചിൽ നിന്ന് കാർ സ്റ്റാർട്ട് ചെയ്ത മകൻ; അതെ സമയത്ത് ഗേറ്റ് തുറക്കാനെത്തി അമ്മയും; 'ഹാൻഡ് ബ്രേക്ക്' ഇടാതെ വൻ അബദ്ധം; നിമിഷനേരം കൊണ്ട് വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നോവായി അന്നമ്മയുടെ വിയോഗം

Update: 2025-10-14 07:43 GMT

കോട്ടയം: മീനടത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ പിന്നോട്ട് ഉരുണ്ട് വീട്ടമ്മ മരിച്ചു. അപകടത്തിൽ മകന് പരിക്കേൽക്കുകയും ചെയ്തു. കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ദാരുണമായ സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനം മകൻ ഷിജിൻ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. അപ്പോഴാണ് അന്നമ്മ തോമസ് വീടിന്റെ ഗേറ്റ് തുറക്കാനെത്തിയത്. വാഹനം സ്റ്റാർട്ട് ചെയ്ത ഉടൻ തന്നെ അന്നമ്മ ഗേറ്റിനടുത്തേക്ക് എത്തുകയും പിന്നാലെ ഷിജിനും കാറിൽ നിന്നിറങ്ങിവരികയും ചെയ്തു. ഇതിനിടെ, ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതിനാൽ വാഹനം പിന്നോട്ടെടുത്ത് ഇരുവരുടെയും ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു.

അപകടത്തെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി ഏറെ പണിപ്പെട്ടാണ് വാഹനത്തിനടിയിൽപ്പെട്ട അമ്മയെയും മകനെയും പുറത്തെടുത്തത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്നമ്മ തോമസ് മരണപ്പെടുകയായിരുന്നു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്നമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടത്തും.

ഈ സംഭവം നാടിന് തീരാ ദുഃഖം സമ്മാനിച്ചിരിക്കുകയാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനം പാർക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. വാഹനങ്ങളിൽ ഹാൻഡ് ബ്രേക്ക് കൃത്യമായി ഇടുക, ഗിയർ ഇടുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ അപകടം ഓർമ്മിപ്പിക്കുന്നു.

Tags:    

Similar News