കോടികള്‍ തിരിമറി നടത്തി; കാര്‍ഡിഫില്‍ സ്വകാര്യ സിക്‌സ്ത് ഫോം കോളേജ് നടത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീയും ഭര്‍ത്താവും അറസ്റ്റില്‍; പ്രതി ചേര്‍ക്കപ്പെട്ട അക്കൗണ്ടന്റ് രഘു ശിവപാലന്‍ മലയാളിയെന്ന് സംശയം

കോടികള്‍ തിരിമറി നടത്തി

Update: 2025-03-25 01:13 GMT

ലണ്ടന്‍: ബ്രിട്ടനിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയായ വനിതയ്ക്കെതിരെ സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്തു. കെന്‍കോയ്ഡില്‍ നിന്നുള്ള യാസ്മിന്‍ സര്‍വാര്‍ എന്ന 43 കാരി 2004 ല്‍ ആയിരുന്നു കാര്‍ഡിഫ് സിക്സ്ത് ഫോം കോളേജ് ആരംഭിച്ചത്. ബ്രിട്ടനിലെ പല മുന്‍നിര യൂണിവേഴ്സിറ്റികളിലും പ്രവേശനം ലഭിക്കാന്‍ 800 ല്‍ അധികം വിദ്യാര്‍ത്ഥികളെ സഹായിച്ചിട്ടുണ്ട് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, 2012 നും 2016 നും ഇടയില്‍, സ്‌കൂളിന്റെ കണക്കുകളില്‍ തിരിമറികള്‍ ഉണ്ടാവുകയും തുടര്‍ന്ന് സൗത്ത് വെയ്ല്‍സ് പോലീസ് ഒരു ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോലീസും ചാരിറ്റി കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സര്‍വാറും മറ്റ് രണ്ട് പേരും 5 മില്യന്‍ പൗണ്ടിന്റെ തിരിമറി നടത്തിയതായി കണ്ടെത്തിയത്. കാര്‍ഡിഫ് പെന്റ്വിനിലുള്ള നദീം സര്‍വാര്‍, കാര്‍ഡിഫ് , പെനലാനില്‍ നിന്നുള്ള രഘു ശിവപാലന്‍ എന്നിവരാണ് മറ്റു പ്രതികള്‍.ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്, മോഷണം, തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങള്‍ ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയത് അംഗീകരിച്ചതോടെ ടൈഗര്‍ മാം എന്നറിയപ്പെട്ടിരുന്ന ഹെഡ് ടീച്ചര്‍ യാസ്മിന്‍ സര്‍വാറും കൂട്ടരും കാര്‍ഡിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും.

ചാരിറ്റി കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് നല്‍കിയ തന്ത്രപ്രധാനമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു എന്ന് കാര്‍ഡിഫ് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 2012 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും പോലീസ് പറയുന്നു. 2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ വ്യാജ അക്കൗണ്ട് രേഖകള്‍ ചമച്ചതിനും രഘു ശിവപാലന്റെ പേരില്‍ കേസുണ്ട്.

2017 ല്‍ സ്‌കൂളിന്റെ ഹെഡ് ടീച്ചര്‍ പദവിയില്‍ നിന്നും ഒഴിയുമ്പോള്‍ തന്റെ സ്‌കൂളിനെ ബ്രിട്ടനിലെ ഏറ്റവും മികച്ച എ ലെവല്‍ റിസള്‍ട്ടുള്ള സ്‌കൂളാക്കി യാസ്മിന്‍ സര്‍വാര്‍ മാറ്റിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എ ലെവല്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയിരുന്നു. താന്‍ വിദ്യാര്‍ത്ഥികളുടെ അമ്മയാണെന്നും, അവരുടെ ജീവിതത്തില്‍ വ്യത്യസ്തത കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നത് എന്നുമായിരുന്നു അന്ന് അവര്‍ അവകാശപ്പെട്ടിരുന്നത്. തന്റെ പതിനേഴാം വയസ്സില്‍ എ ലെവല്‍ പഠിക്കുന്നതിനായിട്ടായിരുന്നു അവര്‍ യു കെയില്‍ എത്തുന്നത്.

കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദമെടുത്തതിനു ശേഷം അവര്‍ എ ലെവല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തായിരുന്നു തന്റെ അധ്യാപന ജീവിതം ആരംഭിച്ചത്.. പത്ത് വര്‍ഷത്തിനു ശേഷമായിരുന്നു ഇവര്‍ സ്‌കൂള്‍ ആരംഭിച്ചത്. അല്‍ബേനിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഈ സ്‌കൂളില്‍ 300 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് റെജിസ്റ്ററില്‍ കാണിക്കുന്നത്.

Tags:    

Similar News