ക്ഷേത്രോത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്; ആനയെഴുന്നള്ളത്ത് ആചാരത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മേല്‍ശാന്തി; 'ആനക്കലി' കൂടുന്ന കാലത്ത് പ്രദീപന്‍ നമ്പൂതിരിയുടെ ഈ വാക്കുകള്‍ ഏറെ പ്രസക്തം; ഉത്സവ എഴുന്നള്ളിപ്പിന് ആന വിലക്ക് വരുമോ? പൂരങ്ങള്‍ക്ക് മാത്രം മതിയോ ഇനി ആനച്ചന്തം! എല്ലാ കണ്ണുകളും നിയമ യുദ്ധങ്ങളിലേക്ക്
കോഴിക്കോട്: കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മണക്കുളങ്ങര ക്ഷേത്രം മേല്‍ ശാന്തി. ആന എഴുന്നള്ളിപ്പ് ആചാരമല്ലെന്നും, ആളപായം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആനയ്ക്ക് പകരം തേര് ഉള്‍പ്പെടെയുള്ളവയെ പറ്റി ചിന്തിക്കണമെന്നും മണക്കുളങ്ങര മേല്‍ശാന്തി പ്രദീപ് പെരുമ്പള്ളിയിടം പറഞ്ഞു. ഇതിന് സര്‍ക്കാരും കോടതിയും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആനപ്പുറത്ത് നിന്ന് താഴെ വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചിക്തതേടിയ മേല്‍ശാന്തി വീട്ടില്‍ തിരികെ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഒരു പുസ്തകത്തിലും ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനെ കുറിച്ച് പരാമര്‍ശമില്ല മേല്‍ശാന്തി വ്യക്തമാക്കി. എഴുന്നള്ളത്തിന് ആന തന്നെ ഉപയോഗിക്കണം എന്ന് ശാഠ്യം പിടിക്കരുത്. ആളപായം കൂടിവരുന്ന സാഹചര്യത്തില്‍ ആനകള്‍ക്ക് പകരം രഥം, തേര്, പ്രത്യേക വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി ആന എഴുന്നള്ളിക്കുന്നതിനെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. കോടതിയില്‍ ഈ കേസ് നിലനില്‍ക്കെ ഈ സാഹചര്യത്തില്‍ മേല്‍ശാന്തി നടത്തിയ പ്രതികരണം വളരെ നിര്‍ണായകമാണ്.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്നാണ് സുപ്രീം കോടതിയുടെ വാദം. മൂന്ന് മീറ്റര്‍ അകലം ആനകളോട് പാലിക്കാന്‍ എങ്ങനെ പറയുമെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് ഏറ്റ തിരിച്ചടിയാണ് കോഴിക്കോട് കെയ്‌ലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം. മേല്‍ശാന്തിയുടെ പ്രസ്താവനയിലൂടെ ഉത്സവ എഴുന്നള്ളിപ്പിന് ആന വിലക്ക് വരുമോ എന്നാണ് ചോദ്യം ഉയരുന്നത്. പൂരങ്ങള്‍ക്ക് മാത്രം മതിയോ ഇനി ആന. നിയമ യുദ്ധത്തിലേക്ക് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ബെഞ്ചിന്റെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സംഘം പരിശോധിക്കണമെന്നും ബെഞ്ച് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ്, അഭിഭാഷകന്‍ സി.ആര്‍. ജയസുകിന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചു.
എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എസ്.സി. ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2012-ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥചെയ്യാത്ത നിയന്ത്രണങ്ങള്‍ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനാലാണ് തങ്ങള്‍ ആ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍, ഈ കേസ് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അടിയന്തരമായി ഏതെങ്കിലും വിഷയത്തില്‍ ഇടപെടല്‍ ആവശ്യമെങ്കില്‍ പൂരപ്രേമികളുടെ സംഘടനയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് മൃഗസ്നേഹികളുടെ സംഘടന ആവശ്യപെട്ടിരുന്നുവെങ്കിലും ആ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല.