പരാതി നല്കിയ പ്രമുഖ നടിക്കെതിരെ അമേരിക്കയില്‍ നിന്ന് തുടരെ അവമതിക്കുന്ന പോസ്റ്റുകള്‍; നടിയുടെ വിശദമായ മൊഴി എടുത്തതിന് പിന്നാലെ സനല്‍ കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; നടിക്കായി ഹാജരാകുന്നത് 'ദൃശ്യ'ത്തിലെ 'ജോര്‍ജ്ജുകുട്ടി'യുടെ വക്കീല്‍; സനലിനെ യുഎസില്‍ സഹായിക്കുന്നവരും കുടുങ്ങുമെന്ന് ശാന്തി മായാദേവി
സനല്‍കുമാര്‍ ശശിധരന് എതിരായ പരാതിയില്‍ നടിയുടെ മൊഴി എടുത്തു
കൊച്ചി: തനിക്കെതിരെ നിരന്തരം ഫേസ്ബുക്ക് കുറിപ്പുകളും വീഡിയോകളും ഇട്ട് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് കാട്ടി സംവിധായകന് സനല്‍ കുമാര്‍ ശശിധരന് എതിരെ നല്കിയ പരാതിയില്‍ പ്രമുഖ നടി ഇന്ന് വിശദമായ മൊഴി നല്കി. 2022 ല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ സനല്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ച സനല്‍ ഇപ്പോള്‍ അമേരിക്കയിലാണ്.
യുഎസില്‍ ഇരുന്ന് കൊണ്ട് സനല്‍ സമീപദിവസങ്ങളില്‍ നടി തന്നെ വിളിച്ചുവെന്നും, നടിയെ ആരോ തടഞ്ഞുവച്ചിരിക്കുന്നുവെന്നും മറ്റും ആരോപിച്ച് കുറിപ്പുകളും വീഡിയോയും മറ്റും ഫേസ്ബുക്കില്‍ ഇട്ടിരുന്നു. നടിയുടേത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ശബ്ദസന്ദേശവും ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സനലിന്റെ ജാമ്യം റദ്ദാക്കാന്‍ പുതിയ സംഭവികാസങ്ങള്‍ ഇടയാക്കിയേക്കും.
2022 ലേതിന് സമാനമായ കുറ്റകൃത്യമാണു സനല്‍ ചെയ്തിരിക്കുന്നത് എന്നതിനാലും പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്നതും ചൂണ്ടിക്കാട്ടി സനലിന്റെ ജാമ്യം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്. സംവിധായകന് എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ശ്രമിച്ചു വരികയാണ്. നയതന്ത്ര മേഖലകള്‍ വഴിയും സനലിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണ്. പൊലീസ് കേസെടുത്തതിന് എതിരെയും സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും പിന്നാലെ മറ്റൊരു ശബ്ദസന്ദേശം കൂടി പുറത്തുവിടുകയും ചെയ്തിരുന്നു.
അതിനിടെ, സനല്‍ കുമാര്‍ ശശിധരനെതിരായ പരാതിയില്‍ പ്രമുഖ നടിക്കുവേണ്ടി ഹാജരാകുന്നത് അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോംബോയിലെത്തിയ സിനിമയായ ദൃശ്യത്തിലെ വക്കീലിന്റെ വേഷത്തിലൂടെയാണ് ശാന്തി ശ്രദ്ധനേടിയത്. 'നേര്' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയും ശാന്തിയുടേതായിരുന്നു.
നടിയുടെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെതിരെ കഴിഞ്ഞദിവസം എറണാകുളം എളമക്കര പൊലീസ് കേസെടുത്തിരുന്നു. സനല്‍ കുമാറിനെതിരെ നടി 2022ല്‍ നല്കിയ പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ സനല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. ഈ കേസ് നിലനില്‍ക്കവേ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വീണ്ടും പരാതി നല്‍കിയത്. നടി നല്കിയ പരാതിയില്‍ എളമക്കര പൊലീസ് ജനുവരി 27ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സനല്‍ കുമാര്‍ ശശിധരന് നിലവില്‍ യു.എസിലെ വിര്‍ജിനിയയിലാണ് താമസമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. എംബസി മുഖാന്തിരം പ്രതിയ്ക്കെതിരായ നടപടികള്‍ക്കുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സനല്‍ കുമാര്‍ ശശിധരനെ യുഎസില്‍ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിലായിരിക്കും മുന്നോട്ടുള്ള നടപടികള്‍ എന്ന് ശാന്തി മായാദേവി പറഞ്ഞു.