ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് 15 കോടി കണ്ടെത്തിയോ? ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി; ജസ്റ്റിസ് വര്‍മ്മയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തും; ജസ്റ്റിസ് വര്‍മ്മയ്ക്ക് എതിരായ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണം തണുത്തത് എങ്ങനെ?
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരായ ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരായ ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മിറ്റിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചു. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി മലയാളിയായ അനു ശിവരാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ജസ്റ്റിസ് വര്‍മ്മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കണക്കില്‍ കവിഞ്ഞ പണം അഗ്നിശമന സേന കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ആരോപണമുനയിലായത്. ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ നിന്ന് 15 കോടി കണ്ടെടുത്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഒരു ഹൈക്കോടതി ജഡ്ജിക്ക് എതിരെ ആരോപണം ഉയരുമ്പോള്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രാഥമികാന്വേഷണത്തിന് ശേഷം മൂന്നംഗ കമ്മിറ്റി രൂപീകരിക്കുകയും, ആരോപണവിധേയനില്‍ നിന്ന് വിശദീകരണം തേടുകയും വേണമെന്നാണ് സുപ്രീം കോടതിയുടെ ആഭ്യന്തരാന്വേഷണ ചട്ടത്തില്‍ പറയുന്നത്.
ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തും
അന്വേഷണം തീരും വരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡീഷ്യല്‍ ജോലി നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രതികരണം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ട്, മറ്റുരേഖകള്‍ എന്നിവ സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപേലോഡ് ചെയ്യും.
ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയം യോഗം ചേരുകയും, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാദ്ധ്യായയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാര്‍ച്ച് 21 ന് ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതിനിടെ, ജസ്റ്റിസ് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും അതിന് ആരോപണങ്ങളുമായി ബന്ധമില്ലെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
2018 ഫെബ്രുവരിയില്‍ സിംബോളി പഞ്ചസാര മില്‍ തട്ടിപ്പ് കേസില്‍ ജസ്റ്റിസ് വര്‍മ്മയുടെ പേര് സിബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തിരുന്നു. 97.85 കോടിയുടെ വായ്പാ ക്രമക്കേട് കേസായിരുന്നു അത്. അന്ന് ജസ്റ്റിസ് വര്‍മ്മ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സിബിഐ അന്വേഷണം നടത്തിയെങ്കിലും ആ കേസ് വൈകാതെ തണുത്തിരുന്നു. അന്വേഷണം തുടരാനുള്ള കീഴ്‌ക്കോടതി ഉത്തരവ് 2024 ല്‍ സുപ്രീം കോടതി
തള്ളിയതോടെ ഫലത്തില്‍ കേസ് അന്വേഷണം അവസാനിക്കുകയും ചെയ്തു.
കണക്കില്‍ പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണം
ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവുമായി അഭിഭാഷകസംഘടന അടക്കം രംഗത്തെത്തിയിരുന്നു. സംഭവം ഡല്‍ഹി ഹൈക്കോടതിയില്‍ ഉന്നയിച്ച് അഭിഭാഷകരോട് ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ കോടതിയില്‍ പറഞ്ഞിരുന്നു.
തീപിടിത്തം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തി തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത്.
നോട്ടുകെട്ടുകള്‍ കണക്കില്‍ പെടാത്തതാണ് എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചെന്നും തുടര്‍ന്ന് പൊലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട് വന്നത്. നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത അഗ്നിശമന സേനാ മേധാവി നിഷേധിച്ചെന്ന വാര്‍ത്ത ഇന്നലെ വന്നെങ്കിലും താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ശനിയാഴ്ച വിശദീകരിച്ചത്.
ഡല്‍ഹി ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയാണ്. 2014-ല്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ 2021-ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എഎന്‍ വര്‍മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ. നിലവില്‍ വില്‍പന നികുതി, ജിഎസ്ടി, കമ്പനി അപ്പീല്‍ എന്നീ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന്‍ ബഞ്ചിനെ നയിക്കുന്ന ജഡ്ജിയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ