പുലർച്ചെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാർ കത്തിച്ചാമ്പലാകുന്ന കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് പാഞ്ഞെത്തിയപ്പോൾ ഞെട്ടൽ; നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം; തീ പടരാനുള്ള കാരണം വ്യക്തമല്ല
തിരുവനന്തപുരം: നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് രണ്ട് സർക്കാർ വാഹനങ്ങൾ കത്തിനശിച്ചു. തദ്ദേശവകുപ്പ് ഡയറക്ടറേറ്റ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന ഒരു കാറും പുതിയൊരു കാറുമാണ് തീപിടിത്തത്തിൽ പൂർണ്ണമായി കത്തിനശിച്ചത്. സമീപം നിർത്തിയിട്ടിരുന്ന മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിനു മുൻപുതന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കി.
മാലിന്യം കത്തുന്നത് കണ്ട സമീപവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. മാലിന്യത്തിൽ നിന്ന് അതിവേഗം തീ സമീപത്തുണ്ടായിരുന്ന കാറുകളിലേക്ക് പടരുകയായിരുന്നു. തലേദിവസം വൈകുന്നേരം സ്ഥലത്ത് മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ശ്രമമാണോ തീപിടിത്തത്തിന് കാരണമായതെന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.