'ഞാന്‍ കാണുമ്പോള്‍ അവന്‍ വൈദ്യുതിക്കമ്പിയില്‍ കിടക്കുകയായിരുന്നു; വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു; എല്ലാവരും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു'; ഇപ്പോഴും നടുക്കം മാറാതെ സഹപാഠി; സ്‌കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Update: 2025-07-17 11:50 GMT

കൊല്ലം: ശാസ്താംകോട്ട തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ സഹപാഠികള്‍. കാല്‍ തെന്നിയപ്പോള്‍ മിഥുന്‍ താഴ്ന്ന് കിടക്കുന്ന വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. എല്ലാവരും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

'രാവിലെ ഏതാണ്ട് എട്ടരയോടെയാണ് സംഭവം. മിഥുന്‍ ഇവിടെ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. അതിനിടെ ചെരുപ്പ് ഷെഡിനു മുകളില്‍ വീണു. അതെടുക്കാന്‍ കയറിയപ്പോള്‍ ഷോക്കടിക്കുകയായിരുന്നു. ഞാന്‍ കാണുമ്പോള്‍ അവന്‍ വൈദ്യുതിക്കമ്പിയില്‍ കിടക്കുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു. എല്ലാവരും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു' തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേല്‍ക്കുന്നത് കണ്ട പത്താം ക്ലാസ് വിദ്യാര്‍ഥി പറഞ്ഞു.

''രാവിലെ ട്യൂഷന്‍ കഴിഞ്ഞ് ബസ് കയറി പോയതാണ്. സമയം പോയി എന്നു പറഞ്ഞാ അവന്‍ പോയത്. ഇപ്പോ ദേ പോയെന്നു പറയുന്നു.. എന്തു പറയാനാ. എങ്ങനെ സംഭവിച്ചെന്നൊന്നും അറിയില്ല.'' മിഥുന്റെ പിതാവിന്റെ സഹോദരന്‍ കണ്ണീരോടെ പറഞ്ഞു.

സ്‌കൂള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥുന് ഷോക്കേറ്റതെന്നാണ് വിവരം. വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കു ശേഷമാണ്. അതിനു മുന്‍പു കുട്ടികള്‍ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ മിഥുന്റെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക് വീണു. അതെടുക്കാന്‍ കയറിയപ്പോഴാണ് ഷോക്കേറ്റത്. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മിഥുന്‍ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. തെന്നിവീഴാന്‍ പോകുന്ന സമയത്ത് മിഥുന്‍ വൈദ്യുത കമ്പിയില്‍ പിടിക്കുന്നു. തുടര്‍ന്നാണ് ഷോക്കേല്‍ക്കുന്നത്. കെട്ടിടത്തിന് മുകളില്‍ കയറിയ ചെരിപ്പെടുക്കാന്‍ കയറിയതായിരുന്നു മിഥുന്‍.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് സൈക്കിള്‍ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുന്‍. കാല്‍ തെന്നിപ്പോയപ്പോള്‍ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.

തേവലക്കരയിലെ അപകടമരണം ബാലാവകാശ കമ്മീഷന്‍ അപകടത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി.

Tags:    

Similar News