കേന്ദ്ര സര്‍ക്കര്‍ കേരളത്തോട് കനിയുമോ? കെ എന്‍ ബാലഗോപാലിന്റെ പ്ലാന്‍ കേന്ദ്രബജറ്റിനെയും ആശ്രയിച്ച്; കേരളത്തിന് കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; വയനാട്ടിലെങ്കിലും സഹായ പ്രഖ്യാപനമെന്ന് പ്രതീക്ഷ; നിര്‍മ്മലയുടെ ബജറ്റിനെ കേരളം കാത്തിരിക്കുമ്പോള്‍
കേന്ദ്ര സര്‍ക്കര്‍ കേരളത്തോട് കനിയുമോ?
തിരുവനന്തപുരം: കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങളെ കേരളവും കാത്തിരിക്കയാണ്. എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഉയരുന്ന ആകാംക്ഷ. കേന്ദ്ര ബജറ്റിനെ ആശ്രയിച്ചാകും സംസ്ഥാനത്തിന്റെ വരുന്ന ബജറ്റും. നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളം കേന്ദ്രബജറ്റിനെ ഉറ്റുനോക്കുകയാണ്. ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളം പ്രതീക്ഷിക്കുന്നത് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ്. ഇങ്ങനെ പാക്കേജ് വേണമെന്ന ആവശ്യം കെ എന്‍ ബാലഗോപാല്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.
വയനാടിന് 2000 കോടി, വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി, വന്യജീവി പ്രശ്നം പരിഹരിക്കാന്‍ 1000 കോടി, പ്രവാസി ക്ഷേമത്തിന് 300 കോടി, സ്‌കീം വര്‍ക്കേഴ്സ് കൂലി പുതുക്കി നിശ്ചയിക്കണം, ദേശീയപാതയ്ക്കായി ചെലവഴിച്ച 6000 കോടി കടമെടുക്കാന്‍ അനുവദിക്കണം എന്നിങ്ങനെ വിവിധ സുപ്രധാന ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്‍പില്‍ കേരളം അവതരിപ്പിച്ചു കഴിഞ്ഞു. വയനാടിന് വേണ്ടിയെങ്കിലും എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.
കഴിഞ്ഞ ബജറ്റില്‍ ആന്ധ്രപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഈ അനുകൂല മനോഭാവം കേരളത്തോട് കാണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. റവന്യൂ ചെലവിന്റെ 63 ശതമാനം കേരളം സ്വന്തം വരുമാനത്തില്‍നിന്നാണിപ്പോള്‍ കണ്ടെത്തുന്നത്. അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് 30 മുതല്‍ 40 ശതമാനംവരെ മാത്രമാണ് ചെലവിടേണ്ടി വരുന്നത്.
രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരിക്കയാണ്. വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ട 8500 കോടിയില്‍ 5500 കോടിയും കേരളത്തിന്റേതാണ്. കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം ചെലവിട്ട 6000 കോടിരൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യവും കേന്ദ്രത്തിനു മുന്നിലുണ്ട്.
പ്രവാസിക്ഷേമത്തിന് 300 കോടിരൂപയാണ് ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ പ്രവാസികള്‍വഴി എത്തുന്ന വിദേശ നാണ്യത്തിന്റെ 21 ശതമാനവും മലയാളികളുടെ സംഭാവനയാണ്. ഈ സാഹചര്യത്തിലാണ് 300 കോടി ആവശ്യപ്പെട്ടത്. ചുരുക്കത്തില്‍ കേരള സര്‍ക്കാറിന്റെ സുഗമമായ പോക്കിന് കേന്ദ്രബജറ്റില്‍ അകമഴിഞ്ഞ സഹായം വേണം. കേരളത്തിലെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു.