ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യം; പിള്ളേര് ഭയന്നാണ് സ്കൂളിൽ പോകുന്നത്; കൃഷിക്കാർക്ക് മനസമാധാനാമായി ജോലി ചെയ്യാനും സാധിക്കുന്നില്ല; ഇനി ജനവാസമേഖലയിൽ 'വന്യജീവി'കൾ ഇറങ്ങിയാൽ ഞങ്ങൾ വെടിവെച്ചുകൊല്ലും; നിലപാടെടുത്തത് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് തന്നെ; വേറിട്ടൊരു തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
കോഴിക്കോട്: ദിനംപ്രതി വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുകയാണ്. കേരളത്തിൽ കുറച്ച് മാസങ്ങളായി മൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലിറങ്ങി വ്യാപക നാശനഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്. അതുപോലെ നിരവധി ജീവനുകളും വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞു പോയതും നമ്മൾ കണ്ടതാണ്. ഇതിനെല്ലാം പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ പറയുമ്പോഴും സംസ്ഥാനത്ത് വന്യജീവി അക്രമണങ്ങൾ വർധിക്കുകയാണ്. ഇതിനിടെ, വേറിട്ട ഒരു തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഇനി ജനവാസമേഖലയിൽ 'വന്യജീവി'കൾ ഇറങ്ങിയാൽ വെടിവെച്ചുകൊല്ലുമെന്നാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാന്‍ തീരുമാനമെടുത്ത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വ്യക്തമാക്കി. പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോ സഹിതം അദ്ദേഹം പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഭൂവിസ്തൃതിയില്‍ കേരളത്തില്‍ മൂന്നാമത്തെ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനവും വനഭൂമിയാണ്. 10 വാര്‍ഡുകള്‍ വനഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് വന്യജീവി ആക്രമണം. കൃഷിക്കാര്‍ക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ അസംതൃപ്തരാണ്. ജനങ്ങള്‍ സ്‌ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുനില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. അതൊരു വൈകാരിക തീരുമാനമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം പറയുന്നു.