'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെ

അരുണിന് എതിരെ ചാണ്ടി ഉമ്മന്‍

Update: 2025-07-23 19:09 GMT

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ തല്‍സമയ വിവരണത്തിനിടെ, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ അംഗവും അവതാരകനുമായ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം. വിഎസ് ഒരു പുണ്യാളനായി ഉയിര്‍ക്കുകയും മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല എന്ന പരാമര്‍ശം വ്യംഗ്യമായി ഉമ്മന്‍ ചാണ്ടിയെ താഴ്ത്തി കെട്ടുന്നതെന്നാണ് ആരോപണം. മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ തന്നെ അരുണ്‍കുമാറിന് എതിരെ പോസ്റ്റിട്ടു. അതുകൂടാതെ, ഓര്‍ത്തഡോക്സ് യാക്കോബായ കത്തോലിക്ക സഭാ വിശ്വാസികള്‍ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനെ കരിവാരിത്തേക്കുന്ന പ്രസ്താവനയാണ് അരുണ്‍ കുമാര്‍ നടത്തിയതെന്ന് ചിലര്‍ കമന്റ് ചെയ്തു.

ആദ്യം അരുണ്‍കുമാറിന്റെ വാക്കുകള്‍

'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല. മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല. പകരം തെരുവുകളില്‍ ആ മനുഷ്യന്‍ ഉയര്‍ത്തിയ സമര മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയരും. മണ്ണും വിണ്ണും വിഷം തീണ്ടുന്ന നേരം പോര്‍മുഖങ്ങളില്‍ പടര്‍ന്ന ആ സമരവീര്യം ജനതയില്‍ വീണ്ടും ആവേശിക്കും.

പുതിയ ആകാശവും പുതിയ ഭൂമിയും പിറക്കുന്ന മഹാദ്ഭുതം സംഭവിക്കുക തന്നെ ചെയ്യും. മനുഷ്യമോചനത്തിന്റെ മഹത്വം അറിഞ്ഞ കമ്യൂണിസ്റ്റ് ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന മഹാദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കു...പ്രിയപ്പെട്ട പ്രേക്ഷകരെ...ഒരുപുണ്യാളനായി സ്വയം അടയാളപ്പെടുത്തിയല്ല വിഎസ് വിട വാങ്ങുന്നത്. വിഎസ് നമ്മുടെയൊക്കെ ഇടനെഞ്ചിലേക്ക് ഒരുതീ കോരിയിട്ട്...ഞാന്‍ കൊളുത്തിയ തീ കെടാതെ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് യാത്രയാകുന്നത്.'

അതേസമയം, ജനമനസുകളില്‍ ജീവിക്കുന്ന തന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ അരുണ്‍കുമാറിന്റെ വാക്കുകള്‍ക്ക് ആവില്ലെന്ന് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിനായകന്‍ തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ അത് അയാളുടെ സ്വാതന്ത്ര്യം ആണെന്നായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുണ്‍ കുമാര്‍ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ശ്രീ അരുണ്‍ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് .ജന മനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ ഇത്തരം വാക്കുകള്‍ക്ക് ആവില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.


Full View

ഫെയ്സ്ബുക്കിലെ കമന്റ്

പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂല ആളുകളുടെ കമന്റുകളാണ് നിറയുന്നത്. ഓര്‍ത്തഡോക്സ് യാക്കോബായ കത്തോലിക്ക സഭാ വിശ്വാസികള്‍ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനെ കരിവാരിത്തേക്കുന്ന പ്രസ്താവനയാണ് അരുണ്‍ കുമാര്‍ നടത്തിയതെന്നും കമന്റുകള്‍ ചിലര്‍ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ കൂടി വായിക്കാം

ധനിത്‌ലാല്‍ എസ് നമ്പ്യാര്‍

ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യനെ പുണ്യാളന്‍ ആക്കിയത് അദ്ദേഹം ചെയ്ത കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് നിരവധി പേരുടെ കണ്ണീര്‍ അകറ്റാനും, നിരവധി പേര്‍ക്ക് ആശ്വാസം ലഭിക്കാനും കാരണമായിട്ടുണ്ട്. അവര്‍ ഉമ്മന്‍ ചാണ്ടിയെ പുണ്യാളനായി കരുതുന്നുവെങ്കില്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. . മരിച്ച വി എസിനെയും ഉമ്മന്‍ ചാണ്ടിയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള തന്റെ വാചക ഛര്‍ദ്ദില്‍ ഉണ്ടല്ലൊ അത് ഒരു മത വിശ്വാസികള്‍ക്കെതിരെ ആയി മാറി. താങ്കള്‍ വരും ദിവസം ഈ ഛര്‍ദ്ദിലിന് കേരളീയ പൊതു സമൂഹത്തോട് മറുപടി പറയേണ്ടി വരും.

സഭ വിശ്വാസം അനുസരിച്ച് ഉമ്മന്‍ ചാണ്ടി എന്നല്ല ഒരു സാധാരണക്കാരന്‍ മരിച്ചാലും ഇതൊക്കെ ചെയ്യുന്നതാണ്.. കല്ലറയിലെ പ്രാര്‍ത്ഥനയും മെഴുകുതിരി കത്തിക്കലും വര്‍ഷം തോറുമുള്ള ധൂപ പ്രാര്‍ത്ഥനയും ഒക്കെ....ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും കല്ലറയില്‍ പോയി പ്രാര്‍ത്ഥിക്കാം..ഇതൊക്കെ ആ സഭയുടെ ആചാരവും വിശ്വാസവും ആണ് അതിനെയാണ് താങ്കള്‍ അവഹേളിച്ചത്. താങ്കള്‍ ഒരു വര്‍ഗീയ വാദി ആണെന്ന് ഈ വാക്കുകളിലൂടെ തിരിച്ചറിയാന്‍ പറ്റി.വി എസ്സിന്റെ വിലാപയാത്രയും കാണിച്ച് ഈ വര്‍ഗീയ വിഷം താങ്കള്‍ ഛര്‍ദിക്കരുതായിരുന്നു.


Full View

ജിജോ മാത്യു

അദ്ദേഹത്തെ പുണ്യാളനായി കണ്ടാല്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ മെഴുകുതിരി കത്തിച്ചാല്‍ നിനക്കെന്താണ് പ്രശ്‌നം എന്തിനാണ് അരുണ്‍ കുമാര്‍. വിശുദ്ധനാണെന്ന് പറഞ്ഞാല്‍ മെഴുകുതിരി കത്തിച്ചാല്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന പോലെയാണല്ലോ നിന്റെ പറച്ചില്‍..

ഇത് ഞങ്ങളുടെ വിശുദ്ധന്മാരെയും ഞങ്ങളുടെ പ്രാര്‍ത്ഥന വിശ്വാസത്തെയും വളരെ മോശമായ രീതിയില്‍ അപമാനിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നത് ആണ്.. അരുണ്‍ കുമാറിന്റെ പ്രവര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല..


Full View

അനൂപ് വി ആര്‍

അതിനിടയില്‍ റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍ പറയുന്നത് കേട്ടു , ഈ കുഴിമാടത്തില്‍ ആരും മെഴുക് തിരി കത്തിക്കില്ലാ എന്ന്. അതെന്തിനാണ് എടുത്ത് പറയുന്നത്? ആദ്യം വിചാരിച്ചത് അനില്‍ നമ്പ്യാര്‍ ആണെന്നാണ്. 'അതെന്താടാ അങ്ങനെ ഒരു ടോക്ക് ? മെഴുക് തിരി കത്തിക്കുന്നത് അത്ര മോശം ആണോ? ഇവന്‍ ഉദ്ദേശിക്കുന്നത് ഉമ്മന്‍ ചാണ്ടിയെ ആണെന്ന് വ്യക്തം. പക്ഷേ, ഇത് ഉമ്മന്‍ ചാണ്ടിയെ മാത്രം റിലേറ്റ് ചെയ്യുന്ന ഒരു കാര്യം അല്ലാ. മരണാനന്തരം സെമിത്തേരിയില്‍ മെഴുക് തിരി കത്തിക്കുന്നത് പോലുള്ള മതപരമായ അനുഷ്ഠാനങ്ങള്‍ എന്തോ കുറഞ്ഞ ഏര്‍പ്പാട് ആണെന്നാണ് ഇവന്‍ പറയാതെ പറയുന്നത്. മെഴുക് തിരി കത്തിക്കുന്നത് ഒരു വിശ്വാസം ആണെങ്കില്‍, ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് ശാസ്ത്രീയം ആണോ? ഒന്ന് മറ്റൊന്നിനേക്കാള്‍ കുറഞ്ഞതോ കൂടിയതോ ആകുന്നതോ എങ്ങനെയാണ്? ഇവന്റെയൊക്കെ ഹിന്ദുത്വ യുക്തിവാദവും സെമിറ്റിക് വിരുദ്ധമാനസികാവസ്ഥയും ആണ് അറിയാതെ ഉള്ളില്‍ നിന്ന് പുറത്ത് വരുന്നത്. അത് തന്നെയാണ് അടിയന്തരമായി തുറന്ന് കാട്ടപ്പെടേണ്ടത്.


Full View

Tags:    

Similar News