ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം; രാധാകൃഷ്ണനൊപ്പം ചെങ്കൊടി പിടിച്ച ചേലക്കര; നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ സിപിഎം; രമ്യാ ഹരിദാസിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്; കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു
ആലത്തൂരിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ കരുത്തില്‍ ബിജെപി
തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് മാറുകയാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഇടതുകോട്ടയായി തുടരുന്ന ചേലക്കരയില്‍ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു ആര്‍ പ്രതീപും രമ്യാ ഹരിദാസും കെ ബാലകൃഷ്ണനും മുന്നണി സ്ഥാനാര്‍ത്ഥികളായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു ആര്‍ പ്രദീപിലൂടെ മണ്ഡലം നിലനിര്‍ത്താമെന്നാണ് സിപിഎം കണക്കുകൂട്ടുന്നതെങ്കില്‍ രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രാദേശികമായി സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു ചേലക്കര. 96ല്‍ വിദ്യാര്‍ത്ഥി സംഘടന രംഗത്തെ യുവ നേതാവ് കെ രാധാകൃഷ്ണനിലൂടെ ചേലക്കര ഇടത്തേക്ക് ചാഞ്ഞു. രാധാകൃഷ്ണന്‍ പിന്നീട് ചേലക്കരക്കാരുടെ രാധേട്ടനായപ്പോള്‍ മണ്ഡലം ഇടതു കോട്ടയായി. 2016 ല്‍ രാധാകൃഷ്ണന് പകരക്കാരനായി യു ആര്‍ പ്രദീപ് കളത്തിലിറങ്ങി. പിന്നീട് രാധാകൃഷ്ണന് വേണ്ടി വഴിമാറി.
ചേലക്കര വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാധാകൃഷ്ണന് പകരക്കാരനായി യു ആര്‍ പ്രദീപിനെ തന്നെ എത്തിക്കാനാണ് സിപിഎമ്മിന്റെ നീക്കം. എന്നാല്‍ രമ്യാ ഹരിദാസിലൂടെ മണ്ഡലം തിരികെ പിടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ആലത്തൂരിലെ തോല്‍വിയിലുള്ള സഹതാപ തരംഗവും സര്‍ക്കാര്‍ വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടല്‍.
പാര്‍ലമെന്റെ തിരഞ്ഞെടുപ്പില്‍ ആലത്തൂരിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ കരുത്തിലാണ് ബിജെപി ചേലക്കരയില്‍ ഇറങ്ങുന്നത്. പ്രാദേശികമായി ഏറെ സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ ത്രികോണ മത്സരമാണ് ബിജെപിയുടെ ലക്ഷ്യം. കൂട്ടിയും കിഴിച്ചുമുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ചേലക്കരയുടെ അണിയറയില്‍ ഒരുങ്ങുകയാണ്.
1996 മുതല്‍ ചെങ്കൊടി മാത്രം കൈയേന്തിയ പാരമ്പര്യമാണ് ചേലക്കരയ്ക്കുള്ളത്. ഒരു മാസത്തിനിപ്പുറം ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ചേലക്കര. എന്നാല്‍ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധകൃഷ്ണനില്ലാതെയാണ് ഇത്തവണ സിപിഎം മത്സരത്തിനിറങ്ങുന്നത്.
മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന രാധാകൃഷ്ണന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1965 ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ട നാള്‍തൊട്ട് പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണനെ കൂടാതെ നാല് തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനേയും ചേലക്കര വിജയിപ്പിച്ചിട്ടുണ്ട്.
ഇതില്‍ നിന്ന് തന്നെ മണ്ഡലത്തിലെ കോണ്‍ഗ്രസ്-സിപിഎം ബലാബലം വ്യക്തമാണ്. എങ്കിലും കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇടതിനെ പുണര്‍ന്ന ചരിത്രമാണ് ചേലക്കരയ്ക്കുള്ളത്. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും കൂടുതല്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്ന് പഞ്ചായത്തിലൊഴികെ ആറിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്.
തീര്‍ന്നില്ല, ബ്ലോക്ക് പഞ്ചായത്തിലും മുഴുവന്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫ് തന്നെയാണ് അധികാരത്തില്‍ ആണ്. കോണ്‍ഗ്രസിന്റെ കെകെ ബാലകൃഷ്ണനാണ് മണ്ഡലത്തിലെ ആദ്യ എംഎല്‍എ. പിന്നീട് 1970, 1977, 1980 വര്‍ഷങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ 1982 ല്‍ സികെ ചക്രപാണിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 87 ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് ചേലക്കര മാറി.
1991 ലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. എന്നാല്‍ അതോടെ തീര്‍ന്നു കോണ്‍ഗ്രസിന്റെ ആവേശം. 1996 ല്‍ രാധാകൃഷ്ണന്‍ മണ്ഡലം പിടിച്ചെടുത്ത് സിപിഎമ്മിന് നല്‍കി. 2001, 2006, 2011, 2021 വര്‍ഷങ്ങളിലും രാധാകൃഷ്ണന്‍ തന്നെ ചേലക്കരയുടെ എംഎല്‍എയായി. 2016 ല്‍ രാധാകൃഷ്ണന്‍ മത്സരരംഗത്ത് പിന്‍മാറി യുആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായി. അപ്പോഴും മണ്ഡലം സിപിഎമ്മിനൊപ്പം തന്നെ നിന്നു.
ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും. ആലത്തൂരില്‍ കെ രാധാകൃഷ്ണനോട് ലോക്സഭാ മണ്ഡലം നഷ്ടപ്പെട്ട രമ്യ ഹരിദാസിനെയാണ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തട്ടകത്തില്‍ പരീക്ഷിക്കുക എന്നാണ് വിവരം. ആലത്തൂര്‍ എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയാണ് രമ്യ എന്നതാണ് ഇതിന് കാരണം.
മറുവശത്ത് സിപിഎം യുആര്‍ പ്രദീപിന് ഒരു അവസരം കൂടി കൊടുക്കുമോ അതോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളെ പരീക്ഷിക്കുമോ എന്നതിലാണ് ആകാംക്ഷ. അതേസമയം മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെങ്കില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ നിര്‍ണയിച്ചേക്കും. 2021-ല്‍ 24045 വോട്ടാണ് ബിജെപിക്ക് ചേലക്കരയില്‍ നിന്ന് ലഭിച്ചത്.