രാവിലെ വീട്ടില്‍ നിന്നും ഇന്നോവാ കാറില്‍ ഇറങ്ങി; വഴിയില്‍ നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി; പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികം; ആ കാര്‍ കൊച്ചിയില്‍ കടന്നിരുന്നുവെങ്കില്‍ ദുരന്തം കൂടുമായിരുന്നു; പ്രശ്‌നമുണ്ടാക്കിയത് അബ്ദുള്‍ റഷീദിന്റെ കാര്‍; ചെറായിയില്‍ സംഭവിച്ചത് എന്ത്?

Update: 2025-11-02 01:33 GMT

കൊച്ചി: ചെറായിയില്‍ പതിനാറുകാരന്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു സംഭവത്തില്‍ ഗൗരവമുള്ള നടപടികള്‍ക്ക് പോലീസ്. 18 കിലോമീറ്ററോളം സഞ്ചരിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പിന്നാലെ പിന്തുടര്‍ന്ന പോലീസ് കാര്‍ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് വൈപ്പിനില്‍വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി. അല്ലെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു.

പതിനാറുകാരന്റെ അച്ഛന്‍ അബ്ദുല്‍ റഷീദിനെതിരെ പോലീസ് കേസെടുത്തു. രാവിലെ വീട്ടില്‍ നിന്ന് ഇന്നോവ കാറെടുത്ത് ഇറങ്ങിയതാണ് പതിനാറുകാരന്‍. വഴിയില്‍നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി. ചെറായി ടൗണില്‍ നിന്ന് കാര്‍ തിരിച്ചെടുത്തപ്പോള്‍ ആദ്യഅപകടം. പിന്നെയും മുന്നോട്ട് പോകുന്ന വഴിയില്‍ വഴിയാത്രക്കാരിയെ ഇടിച്ചിട്ടു. മുന്നില്‍പ്പെട്ട വാഹനങ്ങളിലെല്ലാം തട്ടി. അപകടകരമായ രീതിയില്‍ വഴിമധ്യേ വീണ്ടും വാഹനം തിരിച്ചു. വിവരം ലഭിച്ച പോലസ് കാറിനെ പിന്തുടര്‍ന്നു.

തീരദേശ പാതയിലൂടെ 18 കിലോമീറ്ററോളം ഓടിയ കാര്‍ ഒടുവില്‍ കാളമുക്ക് പിന്നിട്ട് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് പോലീസ് തടഞ്ഞുനിര്‍ത്തി പിടികൂടി. ഗുതുരമായ നിയമലംഘനത്തില്‍ കാറിന്റെ ആര്‍സി ഉടമയായ കൂട്ടിയുടെ രക്ഷിതാവ് അബ്ദുള്‍ റഷീദിനെതിരെ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.

കലൂരില്‍ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ 16കാരന്‍ കാറോടിച്ച് ചെറായി ബീച്ചില്‍ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളില്‍ തട്ടുകയും ചെയ്തു. ഇതോടെ പരിഭ്രാന്തനാകുകയും പലയിടത്തും വച്ച് കാര്‍ റിവേഴ്‌സ് എടുത്ത് വെട്ടിത്തിരിച്ച് റോഡില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഒടുവില്‍ ഞാറക്കല്‍ പോലീസ് കാള മുക്കില്‍ വച്ച് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നോവ ക്രിസ്റ്റ വാഹനമാണ് 16കാരന്‍ ഓടിച്ചത്. ചെറായി, ഞാറയ്ക്കല്‍, എടവനക്കാട് എന്നിവിടങ്ങളില്‍വെച്ച് നിരവധി വാഹനങ്ങളില്‍ കാര്‍ ഇടിച്ചു. പലയിടത്ത് വെച്ചും നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോയി. കായംകുളം രജിസ്ട്രേഷനിലുള്ള വാഹനമാണിത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News