ചൈനയെ ലോകശക്തിയാക്കുന്ന വന്‍ കണ്ടെത്തല്‍! ലോകത്തെ ഏറ്റവും വലിയ സ്വര്‍ണശേഖരം ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തി; ഏഴ് ലക്ഷം കോടി രൂപ വിലവരുന്ന സ്വര്‍ണമെന്ന് കണക്കൂകൂട്ടല്‍; ഖനിയുടെ കണ്ടെത്തല്‍ രാജ്യാന്തര സ്വര്‍ണവിലയിലും സൃഷ്ടിച്ചത് വമ്പന്‍ ചലനങ്ങള്‍

ചൈനയെ ലോകശക്തിയാക്കുന്ന വന്‍ കണ്ടെത്തല്‍!

Update: 2024-11-30 05:01 GMT

ബീജിംഗ്: യുദ്ധ കലുഷിതമായ അന്തരീക്ഷത്തിലാണ് ലോകം. അതുകൊണ്ട് തന്നെ ആഗോള സാമ്പത്തിക രംഗത്തെ മുന്നോട്ടു നയിക്കുന്നതില്‍ സ്വര്‍ണത്തിന് നിര്‍ണായക റോളുള്ള കാലമാണ.് ആഗോള സാമ്പത്തിക ക്രമത്തില്‍ ചൈന ലോകത്തെ വമ്പന്‍ ശക്തിയാണ് ഇപ്പോള്‍. ഇതിനിടെയാണ് ചൈനയുടെ സാമ്പത്തിക കുതിപ്പിന് വഴിമരുന്നിടുന്ന വന്‍ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം ചൈനയില്‍ കണ്ടെത്തിയിരിക്കുന്നു എന്നതാണ് വാര്‍ത്ത.

ആയിരം മെട്രിക് ടണ്‍ എങ്കിലും (പത്ത് ലക്ഷം കിലോ ഗ്രാം) അളവ് വരുന്ന സ്വര്‍ണനിക്ഷേപമാണ് ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് അവിടത്തെ ജിയോളജിക്കല്‍ ബ്യൂറോയിലെ ഗവേഷകര്‍ പറയുന്നു. പിന്‍ജിയാങ്ങളിലെ വാങ്ഗു സ്വര്‍ണശേഖരത്തോട് ചേര്‍ന്നുതന്നെയാണ് പുതിയ ഖനിയും. ഏകദേശം 2000 മീറ്റര്‍ താഴെ 300 ടണ്ണും ആയിരം മീറ്റര്‍കൂടി കുഴിച്ചാല്‍ 700 ടണ്ണും സ്വര്‍ണം ലഭിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.

ഏകദേശം ഏഴ് ലക്ഷം കോടി രൂപ വിലവരുന്ന സ്വര്‍ണമാണിത്. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനില്‍ കണ്ടെത്തിയ 930 ടണ്ണിന്റെ സ്വര്‍ണശേഖരമാണ് നിലവിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം. ഇപ്പോള്‍ സ്വര്‍ണം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അവിടെ ഉയര്‍ന്ന സാന്ദ്രതയാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ ടണ്‍ അയിരിലും 138 ഗ്രാം ശുദ്ധ സ്വര്‍ണം അടങ്ങിയിരിക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇത്രയും അളവില്‍ സാധാരണഗതിയില്‍ സ്വര്‍ണം ലഭിക്കാറില്ല. ഈ മേഖലയില്‍ കൂടുതല്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്താനും സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 3 കിലോമീറ്റര്‍ വരെ താഴ്ചയിലായാണ് ഇവിടെ സ്വര്‍ണം കിടക്കുന്നത് എന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ലോകത്ത് മറ്റേതൊരു സ്വര്‍ണഖനിയേക്കാളും കൂടുതല്‍ സ്വര്‍ണം ഇവിടെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. രാജ്യാന്തര സ്വര്‍ണവിലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോലും ഈ സ്വര്‍ണഖനിയുടെ കണ്ടെത്തലിനു സാധിച്ചു.

സമ്പദ്വ്യവസ്ഥ ദുര്‍ബലമായതും കറന്‍സിയായ യുവാന്‍ ശക്തി ഇടിഞ്ഞതും ആഗോള വ്യാപാര പിരിമുറുക്കങ്ങളും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ചൈനയെ കാര്യമയി ബാധിച്ചിട്ടുണ്ട്. അത്തരം സമയങ്ങളില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതിനാലാണ് ചൈന സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വര്‍ഷങ്ങളായി ധാതു പര്യവേക്ഷണത്തിന് ചൈനീസ് സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണം, എണ്ണപര്യവേഷണങ്ങള്‍ക്കായി 2022-ല്‍ 110.5 ബില്യണ്‍ യുവാന്‍ (1.27 ലക്ഷം കോടി രൂപ) ചിലവാക്കിയിട്ടുണ്ട്. വിദേശ വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈനീസ് നടപടികളുടെ ഭാഗമായാണിത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യമാണ് ചൈന. ആഗോള ഉത്പാദനത്തിന്റെ 10 ശതമാനവും ഇവിടെനിന്നാണു വരുന്നത്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ചൈന സ്വര്‍ണം ഇറക്കുമതി ചെയ്യാറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അടക്കം സ്വര്‍ണഖനനം വലിയ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കിയിരുന്നു.

സ്വര്‍ണശേഖം കൊണ്ട് അതിസമ്പന്നരമായ രാജ്യങ്ങളുടെ വഴിയില്‍ അമേരിക്കയുമുണ്ട്. കലിഫോര്‍ണിയ ഗോള്‍ഡ് റഷ് എന്ന പേരില്‍ പ്രശസ്തമായ സ്വര്‍ണവേട്ടകള്‍ ശ്രദ്ധേയമായിരുന്നു. സ്വര്‍ണവേട്ടയുടെ ഇടത്താവളമായ സാന്‍ ഫ്രാന്‍സിസ്‌കോ പട്ടണം ഒരു വന്‍ നഗരമായി രൂപാന്തരം പ്രാപിച്ചു. അതേസമയം കലിഫോര്‍ണിയയുടെ പരിസ്ഥിതിയെ ഇനിയൊരു തിരിച്ചുവരവില്ലാത്ത രീതിയില്‍ ഖനനം നശിപ്പിച്ചിരുന്നു.

ഇന്ന് അമേരിക്കയുടെ വ്യാവസായിക തലസ്ഥാനമാണ് കലിഫോര്‍ണിയ. ലോസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങിയ വന്‍ നഗരങ്ങളടങ്ങുന്ന സംസ്ഥാനം. ഹോളിവുഡിന്റെ ആസ്ഥാനം. കലിഫോര്‍ണിയയെ ഇന്നു കാണുന്ന രീതിയില്‍ വളര്‍ത്തിയതില്‍ പ്രധാനപങ്കുവഹിച്ചതില്‍ സ്വര്‍ണവേട്ടക്ക് നിര്‍ണായക റോളുണ്ട്.

Tags:    

Similar News