ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി ആസ്ഥാനത്ത്; ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യസന്ദര്‍ശനം; കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി; നയതന്ത്ര ബന്ധങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി ആസ്ഥാനത്ത്

Update: 2026-01-13 05:09 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ളള ശ്രമങ്ങള്‍ കുടുതല്‍ ഊര്‍ജ്ജിതമായി. 2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ആദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) ഉന്നതതല പ്രതിനിധി സംഘം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ച് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. തിങ്കളാഴ്ചയാണ് സി.പി.സിയുടെ ഇന്റര്‍നാഷണല്‍ ഡിപാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി ആസ്ഥാനത്തെത്തിയത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, വിദേശകാര്യ വിഭാഗം ഇന്‍-ചാര്‍ജ് വിജയ് ചൗതായ്വാലെ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ബി.ജെ.പിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്ങും സംഘത്തോടൊപ്പമുണ്ടായിരുന്നു.

2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പാര്‍ട്ടിതല സന്ദര്‍ശനം.

ചൈനയുമായുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ബന്ധത്തെച്ചൊല്ലി നേരത്തെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2018ല്‍ രാഹുല്‍ ഗാന്ധി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യ കരാറില്‍ ഒപ്പിട്ടുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. മറുവശത്ത്, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. 2020ലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം വഴിമാറുന്നതിന്റെ സൂചനയായാണ് ഉന്നതതലത്തിലുള്ള ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

ഗാല്‍വന്‍ സംഘര്‍ഷത്തിന് ഇന്ത്യയും ചൈനയും ചര്‍ച്ചകളിലൂടെ തല്‍ക്കാലം സമാധാനത്തിന്റെ പാത സ്വീകരിച്ചെങ്കിലും ചൈന ഈ അവസരം മുതലെടുത്ത് ഇന്ത്യയെ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി അടുത്തിടെ യുഎസ് രംഗത്തു വന്നിരുന്നു. ഇന്ത്യ യുഎസുമായി അടുക്കുന്നതിനെ ചെറുക്കാനുള്ള വിദ്യകളും ചൈന പയറ്റുകയാണെന്ന് പെന്റഗണ്‍ പുറത്തുവിട്ട 'മിലിട്ടറി ആന്‍ഡ് സെക്യൂരിറ്റി ഡവലപ്‌മെന്റ്‌സ് ഇന്‍വോള്‍വിങ് ദ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന - 2025' വാര്‍ഷിക റിപ്പോര്‍ട്ട് ആരോപിക്കുകയുണ്ടായി.

ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് (എല്‍ഒഎസി) സമീപം റോഡുകളും പാലങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇപ്പോഴും ചൈന പിന്മാറിയിട്ടില്ല. സമാധാന തീരുമാനം ഈ സൗകര്യങ്ങള്‍ കെട്ടിപ്പൊക്കുന്നതിനുള്ള സാവകാശമായി കാണുകയാണ് ചൈന. ഇത് തന്ത്രപരമായ നീക്കമല്ല, സമാധാനം അടവാക്കി എടുക്കുകയാണ് ചൈന.

ഇന്ത്യയും യുഎസും തമ്മില്‍ അടുക്കുന്നതിനെ ചൈന ജാഗ്രതയോടെയാണ് കാണുന്നത്. ഇന്ത്യയുമായി വീണ്ടും ബന്ധം മെച്ചപ്പെടുത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ത്യ-യുഎസ് ബന്ധത്തിന് തടയിടാനാണ് ചൈനയുടെ പരിശ്രമമെന്നും പെന്റഗണ്‍ ആരോപിച്ചു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസ്, വീസ അനുവദിക്കല്‍ തുടങ്ങിയവ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതെല്ലാം ചൈനയുടെ അടവുകളാണെന്നാണ് പെന്റഗണ്‍ പറയുന്നത്. മറുവശത്ത് ചൈന അതിര്‍ത്തിയില്‍ പഴയ നിലപാട് തന്നെ തുടരുകയാണ്.

Tags:    

Similar News