മദ്യപിച്ച് വാഹനമോടിച്ച് യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വൈദികന്റെ അഭ്യാസം; ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച് പോസ്റ്റിലിടിച്ച് നിന്നു; എന്നെ രക്ഷിക്കണേ എന്ന നിലവിളിയും; അപകടമുണ്ടാക്കിയത് കോട്ടയം കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയിസ് നന്ദിക്കുന്നേല്‍
പെരുമ്പാവൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി ഭീതി പരത്തി കോട്ടയം കാരിത്താസ് ആശുപത്രി ഓപ്പറേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയിസ് നന്ദിക്കുന്നേല്‍. പെരുമ്പാവൂര്‍ റൂട്ടിലെ റോഡിലാണ് യാത്രക്കാരെ തന്നെ ഒന്നടങ്കം ഭീതിയിലാക്കി വൈദികന്റെ പ്രകടനം നടന്നത്. ഗ്രേ കളറിലുള്ള എര്‍ട്ടിഗ കാറിന്റെ വരവ് കണ്ട് നാട്ടുകാരെല്ലാം നിലവിളിച്ച് കൊണ്ടാണ് ഓടിയത്. കാറിന്റെ പോക്ക് കണ്ട് പന്തികേട് തോന്നിയ കുറച്ച് ചെറുപ്പക്കാര്‍ വാഹനത്തെ പിന്തുടര്‍ന്നു. ശേഷം കണ്ട കാഴ്ച്ച വളരെ ഞെട്ടിക്കുന്നതായിരുന്നു.
മുന്നിലൂടെ പോകുന്ന വണ്ടിയുടെ പോക്ക് കണ്ട് അവര്‍ പലപ്പോഴും തലയില്‍ കൈവച്ച് നിലവിളിച്ചു. തലനാരിഴയ്ക്കാണ് കാല്‍നടക്കാരും സ്‌കൂട്ടര്‍ യാത്രക്കാരും ആ കാറിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ഒടുവില്‍ ഒരു ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ നിയന്ത്രണം തെറ്റി മുന്നോട്ട് പോയി ഒരു പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്.
സ്‌കൂള്‍ വിട്ട് വന്ന കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതുപോലെ ഇലക്ട്രിക്ക് കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കാതെ നാട്ടുകാരും കാര്‍ ഡ്രൈവറും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പി സഹിതം നാട്ടുകാര്‍ കണ്ടെടുത്തിട്ടുണ്ട്. അപകടം നടന്നപ്പോള്‍ തന്നെ ഡ്രൈവര്‍ക്ക് മദ്യലഹരിയില്‍ കാല്‍ നിലത്ത് തൊടാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് അപകടം നടന്നത്.
കാറിനുള്ളില്‍ നിന്നും താനൊരു കത്തോലിക്കാ പുരോഹിതനാണെന്നും തന്നെ രക്ഷിക്കണമെന്നും അവിടെ ഓടിക്കൂടിയ നാട്ടുകാരോട് വൈദികന്‍ വിളിച്ചുപറഞ്ഞു. മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയത് കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് ഫാ.ജോയിസ് നന്ദിക്കുന്നേല്‍ ആണെന്ന് പിന്നീട് വ്യക്തമായി.
വൈദികനെ നാണം കെടാതെ നാട്ടുകാരില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കാണിച്ച് വീഡിയോ സഹിതം നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രധാന ആരോപണം. അപകടത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ഫാദറിനെ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പോലും എടുപ്പിക്കാതെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോവുകയും അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവിടുകയും ചെയ്തു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസിനെ വിളിച്ചപ്പോള്‍ വൈദികനെതിരെ വേറെ കേസ് ഒന്നും എടുത്തിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. സഭയുടെ കീഴിലുള്ള ആശുപത്രിയിലെത്തിച്ച് മദ്യം നിര്‍വീര്യം ആക്കാനുള്ള മരുന്ന് നല്‍കിയെന്നും ആരോപണമുണ്ട്.