നയരൂപീകരണ യോഗത്തിന് പത്മപ്രിയ എത്തില്ല; സിനിമാ കോ്ണ്‍ക്ലേവിലും സര്‍വ്വത്ര അനിശ്ചിതത്വം; സിനിമയിലെ വനിതാ കൂട്ടായ്മ എതിര്‍പ്പിലോ? കോണ്‍ക്ലേവ് ജനുവരി കഴിഞ്ഞേക്കും

കോണ്‍ക്ലേവ് വൈകുന്നത് അമ്മയിലെ അനിശ്ചിതത്വം മാറാന്‍

By :  Remesh
Update: 2024-09-07 03:07 GMT


തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവുമായി സിനിമയിലെ വനിതാ കൂട്ടായ്മ സഹകരിക്കില്ലെന്ന് സൂചന. നവംബറില്‍ കോണ്‍ക്ലേവ് നടക്കില്ല. ജനുവരിയിലേക്ക് കോണ്‍ക്ലേവ് നീളുമെന്ന് സിനിമാ നയരൂപീകരണ സമിതി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍.കരുണ്‍ അറിയിച്ചു. താര സംഘടനയായ അമ്മയിലെ അനിശ്ചിതത്വം അടക്കം കണക്കിലെടുത്താണ് നീക്കം.

കോണ്‍ക്ലേവിനു മുന്നോടിയായി സിനിമാ നയത്തിന്റെ കരട് രൂപീകരിക്കാനുള്ള ആദ്യ യോഗം ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേരും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായാണ് യോഗം. നയരൂപീകരണ സമിതി അംഗമായ നടി പത്മപ്രിയ യോഗത്തില്‍ പങ്കെടുക്കുന്നതിനു അസൗകര്യം അറിയിച്ചിട്ടുണ്ട്. ഇത് സിനിമയിലെ വനിതാ കൂട്ടായ്മയുടെ എതിര്‍പ്പ് പ്രകടനമായി ചിലര്‍ വിശദീകരിക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും മാറ്റണമെന്ന് അഷിഖ് അബുവിനെ പോലുള്ള സംവിധായകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിലുള്ള പ്രതിഷേധമാണ് പത്മപ്രിയ പ്രകടിപ്പിക്കുന്നതെന്നാണ് ഉയരുന്ന വാദം.

ഇതിനിടെയാണ് കോണ്‍ക്ലേവ് മാറ്റി വയ്ക്കുന്നത്. നവംബര്‍ 24, 25 തീയതികളിലാണ് കോണ്‍ക്ലേവ് നിശ്ചയിച്ചിരുന്നത്. നവംബര്‍ 20 മുതല്‍ 28 ഗോവ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌ഐ) നടക്കുന്നതിനാലാണ് കോണ്‍ക്ലേവ് മാറ്റുന്നത് എന്നാണ് വിശീദകരണം. നയരൂപീകരണ സമിതി കോണ്‍ക്ലേവിനായി നടത്തുന്ന മുന്നൊരുക്കങ്ങളും വിശദചര്‍ച്ചകളും പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. എന്നാല്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍ പൂര്‍ണ്ണമായും മാറ്റുന്നതിന് ശേഷമേ കോണ്‍ക്ലേവ് നടത്തൂ.

ഡിസംബറില്‍ ആദ്യവാരം തിരുവനന്തപുരത്ത് കേരളീയം നടക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തലസ്ഥാനത്ത് കേന്ദ്രീകരിക്കേണ്ടതുണ്ട്. സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി ഉദ്യോഗസ്ഥരെല്ലാം ഇതുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കും. കേരളീയത്തിനു പിന്നാലെ ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച ഐഎഫ്എഫ്‌കെയും നടക്കും. ഇക്കാരണത്താലാണ് കോണ്‍ക്ലേവ് ജനുവരിയിലേക്ക് നീട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നത്. അത് പിന്നേയും നീളാന്‍ സാധ്യത കൂടുതലാണ്.

കോണ്‍ക്ലേവില്‍ ഇതര ഇന്ത്യന്‍ ഭാഷകളിലെയും വിദേശത്തേയും പ്രതിനിധികളേയും പങ്കെടുപ്പിക്കും. മുന്നൂറോളം പേരെ പങ്കെടുപ്പിക്കാനാണ് നിലവിലെ തീരുമാനം. സിനിമാ നയം നടപ്പാക്കിയ 17 സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ക്ഷണിക്കും. സിനിമാ നയത്തിന്റെ കരടിനു പുറമെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ചര്‍ച്ച ചെയ്യും. അതേസമയം, ഐഎഫ്എഫ്‌കെയ്ക്ക് തൊട്ടുമുന്‍പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചാല്‍ വിദേശ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാമെന്നും അഭിപ്രായമുണ്ട്. എല്ലാം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

വരുന്ന ദിവസങ്ങളില്‍ ഫിലിം ചേംബര്‍, ഫെഫ്ക എന്നീ സംഘടനകളുമായി യോഗം ചേരും. ഇടഞ്ഞുനില്‍ക്കുന്ന ഡബ്ല്യുസിസിയെയും സഹകരിപ്പിക്കാനുള്ള ശ്രമം നടത്തും. നയരൂപീകരണം അന്തിമമാകുന്നതിനു മുന്നേ താരസംഘടനയായ അമ്മയില്‍ പുതിയ നേതൃത്വം എത്തിയേക്കും. ഇവരില്‍ നിന്നും അഭിപ്രായം സമിതി തേടും.

Tags:    

Similar News