'ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്.. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു; യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി'; വൈകാരിക വിടവാങ്ങല്‍ പ്രസംഗവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍ഗാമി
'ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിരമിച്ചു. ഇന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കസേരയില്‍ ഡി.വൈ. ചന്ദ്രചൂഡിന്റെ അവസാന ദിവസം. വിരമിക്കുന്ന അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
അല്‍പ്പം വൈകാരികമായിരുന്നു ഡി വൈ ചന്ദ്രചൂഡിന്റെ പ്രസംഗം. തങ്ങള്‍ കോടതിയില്‍ തീര്‍ത്ഥാടകരായി പ്രവര്‍ത്തിക്കുന്നുവെന്ന് ചന്ദ്രചൂഢ് തന്റെ വൈകാരികമായ പ്രസംഗത്തില്‍ പറഞ്ഞു. അശരണരെ സേവിക്കുന്നതിനെക്കാള്‍ മഹത്തരമായ മറ്റൊന്നുമില്ല. എല്ലാ ദിവസവും കോടതിയില്‍ പുതിയ കാര്യങ്ങളാണ് പഠിച്ചുവന്നിരുന്നത്.
''ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്...ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എന്നെ യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി...''വിടവാങ്ങല്‍ പ്രസംഗത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ എത്തിയത് നിരവധി അഭിഭാഷകരാണ്.ചടങ്ങില്‍ ചന്ദ്രചൂഡിനൊപ്പം നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമുണ്ടായിരുന്നു താന്‍ പടിയിറങ്ങുന്നത് കൊണ്ട് ഒരു കുറവും സംഭവിക്കില്ല. സഞ്ജീവ് ഖന്നയെ പോലുള്ള നിയമജ്ഞര്‍ ആ പദവി അലങ്കരിക്കുമെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിന്‍ഗാമി. സ്ഥിരതയും ദൃഢതയുമുള്ള മാന്യവാനായ മനുഷ്യന്‍ എന്നാണ് ചന്ദ്രചൂഢ് സഞ്ജീവ് ഖന്നയെ വിശേഷിപ്പിച്ചത്. നീതി നിര്‍വഹണത്തില്‍ സമ്പൂര്‍ണ്ണ നിഷ്പക്ഷത പുലര്‍ത്തിയ വ്യക്തി എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യാത്രയയപ്പ് ചടങ്ങില്‍ ചന്ദ്രചൂഡിനെ കുറിച്ചു പറഞ്ഞത്. ചന്ദ്രചൂഡിനൊപ്പം ഉള്ള ഓര്‍മ്മകള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചു.
ഓസ്ട്രേലിയയില്‍ വച്ച് നടന്ന ചടങ്ങില്‍ ചന്ദ്രചൂഡിന്റെ പ്രായം തന്റെ അടുത്ത് ചോദിച്ചു വന്നവര്‍ നിരവധി പേരാണെന്ന കൗതുകം നിറഞ്ഞ ഓര്‍മ്മ നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പങ്കുവെച്ചു.ഒരു അസാധാരണ പിതാവിന്റെ അസാധാരണ പുത്രനെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പ്രശംസിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു, മുതിര്‍ന്ന അഭിഭാഷകന്‍ മുകുല്‍ റോഹ്താഗി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ആശംസകള്‍ നേര്‍ന്നു.
50ാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് 2022 നവംബര്‍ എട്ടിന് ചുമതലയേറ്റത്. 65 വയസ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിലെ നിര്‍ണ്ണായക വിധിയായിരുന്നു ചന്ദ്രചൂഡിന്റെ ഔദ്യോഗിക ദിനത്തിലെ അവസാന വിധി. 2022 നവംബര്‍ പത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്. നിര്‍ണായകമായ കോടതി വിധികള്‍ പുറപ്പെടുവിച്ചത് ഡി വൈ ചന്ദ്രചൂഢിന്റെ കാലയളവിലാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അംഗീകരിക്കുന്ന ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയ ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായിരുന്നത് ഡി വൈ ചന്ദ്രചൂഢ് ആയിരുന്നു. ഇലക്ടോറല്‍ ബോണ്ട് കേസിലും സുപ്രധാന വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ഭിന്നശേഷിക്കാര്‍ക്കായി മിറ്റി കഫേ, വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക ബാര്‍ റൂം, സുപ്രീംകോടതി പരിസരം മോടിപിടിപ്പിക്കുന്ന പദ്ധതികള്‍ തുടങ്ങി നിരവധി മാറ്റങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത് നടത്തിയത്. രണ്ട് വര്‍ഷത്തെ കാലാവധിയില്‍ സുപ്രധാനമായ നിരവധി വിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചു.
2016 മെയ് 13-നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാര്‍ച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയില്‍ ആയിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി നവംബര്‍ 11ന് ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്യും.