'വോട്ട്ചോരി ഡോട്ട് ഇന്‍' വെബ്‌സൈറ്റ്! മിസ് കാള്‍ അടിച്ച് പിന്തുണക്കാം; വോട്ട് കൊള്ളയുടെ തെളിവുകളും ഡൗണ്‍ലോഡ് ചെയ്യാം; വോട്ട് മോഷണം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെന്ന് രാഹുല്‍ ഗാന്ധി; 'വോട്ട് ചോരി' പോര്‍ട്ടലുമായി ദേശവ്യാപക പ്രചരണത്തിന് കോണ്‍ഗ്രസ്

'വോട്ട് ചോരി' പോര്‍ട്ടലുമായി ദേശവ്യാപക പ്രചരണത്തിന് കോണ്‍ഗ്രസ്

Update: 2025-08-10 08:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുവെന്ന ശക്തമായ ആരോപണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വീണ്ടും കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി ക്യാമ്പെയ്ന് തുടക്കമിട്ടു. ഇതിനായി 'വോട്ട്ചോരി ഡോട്ട് ഇന്‍' എന്ന പേരില്‍ വെബ്സൈറ്റിന് തുടക്കമിട്ടു.

വെബ്സൈറ്റില്‍ 'വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.

ജനങ്ങള്‍ക്കായി ഒരു സന്ദേശവും പോര്‍ട്ടലില്‍ പങ്കുവെയ്ക്കുന്നുണ്ട്. വോട്ട് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും എന്നാല്‍ നിലവില്‍ അത് അങ്ങനെയല്ലെന്നും സന്ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ ബിജെപി ഇതിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിനായി ബെംഗളൂരു സെന്‍ട്രലില്‍ മാത്രം ഒരു ലക്ഷത്തോളം വ്യാജ വോട്ടുകളാണ് പിറന്നത്. ഇത് എഴുപത് മുതല്‍ നൂറോളം സീറ്റുകളില്‍ സംഭവിച്ചതായി സങ്കല്‍പ്പിച്ച് നോക്കൂ. അത് സ്വതന്ത്രമായുള്ള തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

വോട്ടര്‍മാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഞെട്ടിച്ച വെളിപ്പെടുത്തലിനു പിന്നാലെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ തേടി 'വോട്ട് ചോരി' പോര്‍ട്ടല്‍ ആരംഭിച്ചാണ് ദേശവ്യാപക പ്രചരണത്തിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധി എന്ന വെബ്‌സൈറ്റ് ഡൊമെയ്‌ന് അനുബന്ധമായി 'വോട്ട് ചോരി' പോര്‍ട്ടല്‍ ആരംഭിച്ചാണ് ജനങ്ങള്‍ക്കിടയിലെ പ്രചാരണത്തിലേക്ക് കോണ്‍ഗ്രസ് ചുവടുവെച്ചത്.

ലോക്‌സഭ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് രാജ്യത്തെ ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പിന്തുണ നല്‍കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. https://rahulgandhi.in/awaazbharatki/votechori എന്ന വെബ്‌സൈറ്റ് വഴിയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഇതോടൊപ്പമുണ്ട്.

ഏറ്റവും വലിയ തട്ടിപ്പിനാണ് തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും നേതൃത്വം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടന്ന അട്ടിമറിയെ ഭരണഘടനക്കെതിരായ കുറ്റകൃത്യമാണെന്നും രാഹുല്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ പങ്കാളിത്തത്തോടെ ബി.ജെ.പിയുടെ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

പൊതുജനങ്ങള്‍ക്ക് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകളുടെ പകര്‍പ്പുകള്‍ കാണാനും ഡൗണ്‍ ലോഡ് ചെയ്യാനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിന് പിന്തുണ നല്‍കാനും, വോട്ട് കൊള്ള സംബന്ധിച്ച് സ്വന്തം അനുഭവങ്ങള്‍ രേഖമുലം പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

09650003420 എന്ന നമ്പറില്‍ മിസ് കാള്‍ അടിച്ച് വോട്ട് കൊള്ളക്കെതിരായ പ്രചാരണത്തില്‍ പങ്കുചേരാം. ഉടന്‍ തന്നെ നന്ദി അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശം ആ നമ്പറില്‍ ലഭിക്കും. ഇതോടനുബന്ധിച്ച് വോട്ട് കൊള്ളക്കെതിരെ പിന്തുണ അറിയിക്കുന്നതിനൊപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍കെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരുടെ ഒപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും.

വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ, സത്യവാങ് മൂലം തെളിവുകള്‍ നല്‍കിയാല്‍ പരിഗണിക്കാമെന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉറച്ചു നില്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പിന്തുണ തേടി ജനങ്ങളിലേക്കിറങ്ങുന്നത്.

രാഹുലിന് പിന്തുണയുമായി ഇന്ത്യ സഖ്യത്തിലെ കൂടുതല്‍ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒത്താശചെയ്യുകവഴി തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ഈ വിഷയമുയര്‍ത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്താനാണ് ഇന്ത്യ സഖ്യ തീരുമാനം. ഇതിന്റെഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പ്രതിപക്ഷപാര്‍ട്ടികളുടെ എം.പിമാര്‍ പ്രതിഷേധമാര്‍ച്ച് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും രാഹുല്‍ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് കഴിഞ്ഞ അഞ്ചുമാസം കൊണ്ട് ചേര്‍ത്തതായി രാഹുല്‍ ആരോപിച്ചിരുന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര മണ്ഡലമായിരുന്നു. ഇവിടെ വിശദമായ പരിശോധനയാണ് നടത്തിയതെന്നും മണ്ഡലത്തില്‍ 1,00250 വോട്ട് ബിജെപി മോഷ്ടിച്ചു എന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ മണ്ഡലത്തില്‍ ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഇവിടെ ബിജെപിക്ക് 1,14,046 വോട്ട് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിന്റെ ബലത്തിലാണ് ആ ലോക്‌സഭാ സീറ്റ് ബിജെപി പിടിച്ചത്. ഇവിടെ ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളില്‍ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടര്‍മാരാണുളളത്. ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങള്‍ 40,000 മുകളിലാണ്. പലരുടെയും അച്ഛന്റെ പേര് അക്ഷരങ്ങള്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Tags:    

Similar News