പ്രീഡിഗ്രി ജയിച്ചത് സെക്കന്‍ഡ് ക്ലാസില്‍; ഡിഗ്രിക്ക് തേഡ് ക്ലാസ് മാത്രം; എന്നിട്ടും യുകെയിലെ ബര്‍മ്മിംഗ് ഹാമില്‍ അഡ്മിഷന്‍ കിട്ടിയത് വിവാദമാക്കിയത് ജനശക്തി; സ്വപ്ന സുരേഷും ആരോപണം ഉന്നയിച്ചു; ഇപ്പോള്‍ ലാവലിന്‍ സമന്‍സ് വിവാദവും; പിണറായിയുടെ മകന്‍ വിവേകിന് വിവാദങ്ങള്‍ പുത്തരിയല്ല!

പിണറായിയുടെ മകന്‍ വിവേകിന് വിവാദങ്ങള്‍ പുത്തരിയല്ല!

Update: 2025-10-14 17:21 GMT

കോഴിക്കോട്: ഏറെക്കാലത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ വാര്‍ത്തകളില്‍ നിറയുന്ന സമയമാണിത്. ലാവലിന്‍ കേസില്‍ 2020-ല്‍ ഇ ഡി, വിവേക് കിരണിന് സമന്‍സ് അയച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയും സിപിഎം കേന്ദ്രങ്ങളും ഇതിനെതിരെ ശക്തമായ നിലപാടാണ് എടുത്തത്. തന്റെ മകന് സെക്രട്ടറിയേറ്റില്‍ എത്ര മുറികള്‍ പോലുമുണ്ടെന്ന് അറിയില്ലെന്ന നിലപാടാണ് പിണറായി എടുത്തത്. സിപിഎം സൈബര്‍ വിങ്് ആവട്ടെ, ലാവലിന്‍ കേസ് നടക്കുന്ന സമയത്ത് വിവേക് കിരണ്‍ സ്‌കൂള്‍ കുട്ടിയാണെന്നും, യാതൊരു വിവാദത്തിലും പെടാത്ത ഒരു ചെറുപ്പക്കാരനെ വിവാദത്തില്‍ കുരുക്കാനുള്ള നീക്കമാണ് ഇതെന്നുമാണ് വിലയിരുത്തിയത്.

ഒരു വിവാദത്തിലും പൊടാത്ത ക്ലീന്‍ ഇമേജുള്ള വ്യക്തിയായാണ് ഇവര്‍ പിണറായിയുടെ മകനെ ചിത്രീകരിക്കുന്നത്. എന്നാല്‍ അത് സത്യമല്ല. നേരത്തെ വിവേക് കിരണിന്റെ വിദേശത്തെ പഠനവും, ജോലിയും അടക്കമുള്ള കാര്യങ്ങള്‍ വിവാദമായിട്ടുണ്ട്.

തേര്‍ഡ്ക്ലാസുകാരന്‍ ബര്‍മ്മിംഹാമില്‍!

2005-ല്‍ പിണറായിയുടെ മകന്‍ വിവേക് കിരണിന് ബര്‍മ്മിംഹാം യൂനിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ സമയത്ത് കേരളത്തില്‍ വന്‍ വിവാദമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാനുള്ള ലക്ഷങ്ങള്‍ വിവേകിന് എവിടെ നിന്ന് കിട്ടി എന്നത്, സിപിഎം വിമതരും വിഎസ് പക്ഷവും ജനശക്തി മാസികയും ആയുധമാക്കിയിരുന്നു. 2001 മുതല്‍ 2006വരെയുള്ള വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ സമയത്ത് ഇത് വലിയ വിവാദമായിരുന്നു. അന്ന് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു.

അന്ന് പിണറായിപക്ഷത്തെ പ്രധാന വക്താവായ അന്നത്തെ സഹകരണ മന്ത്രി ജി സുധാകരനും, എഴുത്തുകാരന്‍ ടി പത്മനാഭനും മിടുക്കനായതുകൊണ്ടാണ് വിവേകിന് അഡ്മിഷന്‍ കിട്ടിയത് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇത് തെറ്റാണെന്ന് പറയുന്ന രേഖകള്‍ വൈകാതെ പുറത്തുവന്നു. വി എസിന്റെ പരോക്ഷ പിന്തുണയോടെ തുടങ്ങിയ സിപിഎം വിമതാരുടെ മാസികയായ ജനശക്തിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിവേക് ഡിഗ്രി പാസായത് തേര്‍ഡ് ക്ലാസിലാണ്. രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് 100ല്‍ കിട്ടിയത് 17 മാര്‍ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള്‍ ആറു മാര്‍ക്കു കൂടി 23 ആയി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസില്‍. ഇതേ കോളേജില്‍ തന്നെയാണ് വിവേക് ഡിഗ്രിയ്ക്കും പഠിച്ചത്. പ്രീഡിഗ്രിയ്ക്ക് ഒന്നാം ഗ്രൂപ്പും, ഡിഗ്രിക്ക് ബികോമുമായിരുന്നു പഠിച്ചത്. ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്‌ക്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുളളതാണ് ഈ കോളേജ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളേജ് പ്രവേശനം നേടിയത് എന്നായിരുന്നു ജനശക്തി വാര്‍ത്തയില്‍ പറയുന്നത്.

ബിരുദത്തില്‍ രണ്ടാം ക്ലാസെങ്കിലും നേടിയവര്‍ക്കു മാത്രമേ ഈ കോളേജില്‍ പ്രവേശനം അനുവദിക്കുകയുളളൂവെന്നാണ് ചട്ടം. ഇവര്‍ കാറ്റ്, മാറ്റ് എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിവേക് പിണറായിയുടെ കാര്യത്തില്‍ ഈ ചട്ടം പാലിക്കപ്പെട്ടില്ല. ബികോമിന് തേര്‍ഡ് ക്ലാസ് മാത്രമുള്ള വിവേക് പിണറായിക്കും അഡ്മിഷന്‍ കിട്ടി. പ്രവേശന പരീക്ഷ നടത്തിയില്ലെന്നും, യോഗ്യതയുടെ കാര്യത്തില്‍ മാനേജ്മെന്റ് ദയാപുരസരം ഇളവ് അനുവദിക്കയായിരുന്നുവെന്നും ജനശക്തി ചൂണ്ടിക്കാട്ടി.

എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളേജില്‍ പഠിച്ചത്. വായ്പയുടെ ജാമ്യക്കാര്‍ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്. 2004ല്‍ വിവേക് സ്വന്തം ബിസിനസ് നടത്താന്‍ സിംങ്കപ്പൂരിലേയ്ക്ക് പോയി. കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാല്‍ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില്‍ പോയി. അവിടെയും ശരിപ്പെടാത്തതിനാല്‍ 2005 സെപ്തംബറില്‍ വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്. ഈ തുക വായ്പയെടുക്കാന്‍ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുളള തുക വായ്പ നല്‍കാന്‍ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുളള ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടക്കാതെ പോയി. എന്നാല്‍ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേര്‍ന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് അരക്കോടിക്ക് മേലുളള തുകയാവും ഈ കോഴ്സ് കഴിയുമ്പോള്‍ ആകെ ചെലവ്. ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യമാണ് ജനശക്തി ഉയര്‍ത്തിയത്. ഇത് ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു.

ആരോപണവുമായി സ്വപ്നയും

പണിറായിയുടെ മകന്റെ വിദേശപഠന വിവാദം ഒരുകാലത്ത് കേരളത്തില്‍ വലിയ ചര്‍ച്ചായിരുന്നു. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തില്‍, ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് പിണറായിക്ക് ലഭിച്ചത് എന്ന് ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ, സഹകരണ മന്ത്രി സുധാകരന്‍ രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിച്ചത് വിവാദമായിരുന്നു. മിടുക്കരായ കുട്ടികള്‍ സ്‌കോളര്‍ഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതില്‍ ആരും അസൂയപ്പെടേണ്ടെന്ന്, അന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറഞ്ഞു. മാര്‍ക്ക് ലിസ്റ്റില്‍ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുളളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.

അന്ന് കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകന്‍ മാര്‍ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്നതും ചര്‍ച്ചയായി. പിണറായിയുടെ മകള്‍ വീണ പഠിച്ചതുംു മാത അമൃതാനന്ദമയിയുടെ കോളജിലാണ്്. ഇതിനായി നടത്തിയ കാര്യങ്ങള്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥയില്‍ പറഞ്ഞിരുന്നു. ഇതും വിവാദമായി.

അതിനുശേഷം വിവേക് കിരണ്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വ്പ്ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്നാണ്. 'ചതിയുടെ പത്മവ്യൂഹം' എന്ന് പേരിട്ടിട്ടുള്ള സ്വപ്നയുടെ ആത്മകഥയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന ചാനലുകള്‍ക്ക് മുന്നിലും വീണ്ടും അവര്‍ത്തിച്ചു. ഇതില്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനെകൂടി സ്വപ്ന പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. മകള്‍ വീണാ വിജയന് യുഎഇയില്‍ ഐ ടി ഹബ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല ശ്രമിച്ചു എന്നും സ്വപ്ന ആരോപിച്ചു. എത്ര സ്വര്‍ണം സമ്മാനമായി കൊടുക്കാനാകും എന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചിരുന്നു എന്നും സ്വപ്ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാനാവുമെന്നാണ് സ്വപ്ന പറയുന്നത്. യുഎഇ കോണ്‍സല്‍ ജനറല്‍ ക്ലിഫ്ഹൗസില്‍ വന്നപ്പോള്‍ അന്ന് അവിടെ വിവേക് കിരണ്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

പക്ഷേ ഒരുകാര്യം വസ്തുതയാണ്. സാധാരണ പാര്‍ട്ടി നേതാക്കളുടെ മക്കളെപ്പോലെ ഒരു കാര്യത്തിലും വിവേക് ഇടപെടാറില്ല. നാട്ടില്‍ അപൂര്‍വമായി മാത്രമാണ് ഇദ്ദേഹം വരാറുള്ളത്. ഗള്‍ഫില്‍ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പില്‍ വിവേകിന് ജോലി കിട്ടിയതിനെക്കുറിച്ചെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് പ്രചരിച്ചത്. ഇപ്പോള്‍ ഇഡി ലാവലിന്‍ കേസില്‍ സമന്‍സ് അയച്ചു എന്ന വാര്‍ത്ത വന്നതോടെയാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം വിവേക് കിരണിന് ഇ ഡി സമന്‍സ് അയച്ചത് സാക്ഷി എന്ന നിലയിലാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നേരത്തെ ചോദ്യം ചെയ്തവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. വിവേക് പഠിച്ചിരുന്നത് യുകെയിലാണ്. ലാവലിന്‍ കേസില്‍ ആരോപിതനായ ദിലീപ് രാഹുലന്‍ പ്രവര്‍ത്തിച്ചിരുന്നതും യുകെ കേന്ദ്രീകരിച്ചാണ്.

പസഫിക് കണ്‍ട്രോള്‍ സ്ഥാപനത്തിന്റെ ഉടമയായ ദിലീപ് രാഹുലന്‍ ലാവലിന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇത് വെരിഫൈ ചെയ്യാനാണ് ഇ ഡി നോട്ടീസെന്നും അല്ലാതെ, ലാവലിന്‍ കേസുമായി വിവേകിന് ബന്ധമൊന്നുമില്ല എന്നതും വ്യക്തമാണ്.

Tags:    

Similar News