പനി, ചുമ, ജലദോഷം ഇതൊക്കെ ആദ്യ ലക്ഷണം; ഗർഭിണികളും, പ്രായമായവരും സൂക്ഷിക്കണം...!; രാജ്യത്ത് ആശങ്ക ഒഴിയാതെ കോവിഡ് ഭീതി; രോഗബാധിതരുടെ എണ്ണം 3000 കടന്നു; 24 മണിക്കൂറില് ആകെ 4 മരണം റിപ്പോർട്ട് ചെയ്തു; കേരളത്തിൽ 1336 ആക്റ്റീവ് കേസുകൾ; മാസ്ക് ധരിക്കണമെന്നും നിർദ്ദേശം;അതീവ ജാഗ്രത!
ഡൽഹി: കുറച്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും രാജ്യത്ത് കോവിഡ് ഭീതി. ഓരോ ദിവസവും കഴിയുതോറും രോഗ ബാധിതരുടെ എണ്ണം ഉയരുന്നതായി ആണ് റിപ്പോർട്ടുകൾ. കുട്ടികൾക്ക് സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ അധികൃതർ വലിയ ജാഗ്രതയാണ് പുലർത്തുന്നത്. അതിനിടെ, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി.
കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകൾ ഉള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 4 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളാണിത്.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പ് നൽകി കർണാടക സർക്കാർ.
കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
എന്താണ് കൊറോണ വൈറസ്?
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ (COVID-2019) corona virus. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. രോഗപ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.