മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു; പോലീസിനെതിരേ പരാതിയുമായി നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി; ഫേസ്ബുക്കില്‍ ഇട്ടത് പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും തന്റെ അനുഭവമാണെന്നും സജീവന്‍; തൃശ്ശൂരിലെ പോലീസ് അതിക്രമത്തിനിടെ മറ്റൊരു വിവാദം
മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു;
കൊല്ലം: പോലീസ് കയ്യേറ്റം ചെയ്തതെന്ന പരാതിയുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. കൊല്ലം കണ്ണനെല്ലൂര്‍ സിഐക്കെതിരെയാണ് നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവന്‍ ഉന്നയിക്കുന്ന പരാതി. മധ്യസ്ഥ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ പോലീസ് ഉപദ്രവിച്ചുവെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് സജീവന്‍ ആരോപിച്ചത്.
തൃശൂര്‍ കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്റേ പേരില്‍ പോലീസും ഭരണപക്ഷവും പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് ഭരണപക്ഷ പാര്‍ട്ടിയിലെ തന്നെ ലോക്കല്‍ സെക്രട്ടറിയും പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു കേസിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും ലോക്കല്‍ സെക്രട്ടറി കുറിച്ചു.
അതേസമയം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടുകയും സജീവനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. മധ്യസ്ഥ ചര്‍ച്ചയുടെ കാര്യം സംസാരിക്കാനായി സ്റ്റേഷനിലെത്തിയ തന്നെ ഒരു കാര്യവുമില്ലാതെ കണ്ണനല്ലൂര്‍ സ്റ്റേഷന്‍ സിഐ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് സജീവ് ആരോപിക്കുന്നത്.
ഈ മാസം നാലിനായിരുന്നു സംഭവമെന്നായിരുന്നു സജീവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കുടുംബ പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടത്. പെണ്‍കുട്ടിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഈ പെണ്‍കുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് സജീവ് പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെ 'എടീ' എന്നാണ് എസ്ഐ വിളിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല പൊലീസ് സ്റ്റേഷനെന്നും പെണ്‍കുട്ടിയോട് എസ്ഐ പറഞ്ഞതായി സജീവ് ആരോപിച്ചു.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാണ് പെണ്‍കുട്ടിയോട് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരി സംസാരിച്ചത്. സജീവിന്റെ വിചാരം അവന്‍ പിണറായിയേക്കാള്‍ മുകളിലാണെന്നാണ്, അവനേയും കൂട്ടിവന്നാല്‍ ഇവിടെനിന്ന് നീതികിട്ടില്ലെന്നും പൊലീസുകാരി പെണ്‍കുട്ടിയോട് പറഞ്ഞു. ഇക്കാര്യം സിഐയുടെ അടുത്ത് പറയാന്‍ എത്തിയപ്പോള്‍ ലോക്കല്‍ സെക്രട്ടറിയാണെന്ന് അറിഞ്ഞിട്ടുപോലും മര്‍ദിച്ചുവെന്ന് സജീവ് പറഞ്ഞു.