പുറമേ നിന്നു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം; 32 സെന്റ് ഭൂമിയില്‍ 9 നിലകള്‍; ഓഫിസുകളും സമ്മേളന ഹാളും മീറ്റിങ് മുറികളും സന്ദര്‍ശക മുറികളും ഉള്‍പ്പെടുന്ന മന്ദിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താമസ സൗകര്യവും; സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുറമേ നിന്നു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം

Update: 2025-03-21 11:20 GMT

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം അടുത്ത മാസം ഉദ്ഘാടനം ചെയ്യും. പുതിയ എ കെ ജി സെന്ററിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നും മന്ദിരം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.

9 നിലകള്‍ ഉള്ള കെട്ടിടമാണ് പുതിയതായി പണിതിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ രീതീയിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിംഗ് എന്നിവയ്ക്ക് പ്രത്യേക മുറികള്‍, സെക്രട്ടറിയറ്റ് അംഗങ്ങള്‍ക്കുള്ള ഓഫീസ് മുറികള്‍ തുടങ്ങിയവ പുതിയ മന്ദിരത്തില്‍ ഉണ്ടാകും. പ്രശസ്ത വാസ്തുശില്‍പി എന്‍ മഹേഷാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്തു വാങ്ങിയ 32 സെന്റില്‍ 9 നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. നിലവിലെ എകെജി സെന്റര്‍ പൂര്‍ണമായി പഠന കേന്ദ്രമായി മാറ്റാനാണു തീരുമാനം. ഓഫിസുകളും സമ്മേളന ഹാളും മീറ്റിങ് മുറികളും സന്ദര്‍ശക മുറികളും ഉള്‍പ്പെടുന്ന മന്ദിരത്തില്‍ നേതാക്കള്‍ക്കു താമസ സൗകര്യവുമുണ്ടാകും. ഭൂഗര്‍ഭ നിലയില്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്. നിര്‍മാണത്തിനായി പാര്‍ട്ടി പണപ്പിരിവ് നടത്തിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പേരില്‍ 6.5 കോടി രൂപ ചെലവില്‍ പുതിയ ആസ്ഥാനത്തിനായി സ്ഥലം വാങ്ങിയത്. 2022 ഫെബ്രുവരിയില്‍ കെട്ടിടത്തിന് തറക്കല്ലിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരളത്തിലെ മാത്രമല്ല, രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ ആസ്ഥാന മന്ദിരങ്ങളിലൊന്നാകും ഇത്. പുതിയ മന്ദിരത്തിന് ആരുടെ പേരു നല്‍കുമെന്നു തീരുമാനിച്ചിട്ടില്ല. എകെജി സെന്റര്‍ എന്ന പേര് തന്നെ പുതിയ ആസ്ഥാനത്തിനും നിലനിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിക്കു മുന്നിലുണ്ട്.

1977 ല്‍ എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്ത് എകെജി സ്മാരക സമിതിക്ക് പഠന ഗവേഷണ കേന്ദ്രത്തിനായി നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് നിലവിലെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 58,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് ബേസ്മെന്റ് ഫ്‌ളോറുകളുണ്ട്. പൂര്‍ണമായും ഹരിത കെട്ടിടം എന്ന ആശയം മുന്‍നിറുത്തിയാണ് രൂപകല്പന ചെയത്ിരിക്കുന്നത്. അറുപതിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. വൈദ്യുതി സ്വയംപര്യപ്തതയ്ക്കായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ആധുനിക വിവര സാങ്കേതിക സൗകര്യങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും പുതിയ മന്ദിരത്തിലുണ്ട്.

കെട്ടിലും മട്ടിലും ഒരു പഞ്ച നക്ഷത്ര ഹോട്ടലിന് സമാനമാണ് സിപിഎമ്മിന്‍രെ പുതിയ ആസ്ഥാന മന്ദിരം. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സര്‍വകലാശാല വളപ്പില്‍ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ല്‍ 34 സെന്റ് സ്ഥലം പതിച്ചുനല്‍കുന്നത്. പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കള്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു. എന്നാല്‍ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോര്‍ഡുപോലുമില്ല.

പുതിയതായി സ്ഥാപിക്കുന്ന കെട്ടിടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസെന്ന് പേര് വരും. പുതിയ പാര്‍ട്ടി ആസ്ഥാനത്തിന്റെ രൂപരേഖ അവസാന ഘട്ടത്തിലാണ്. ഒന്നരവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എ.കെ.ജി സെന്ററില്‍ വിശാല പുതിയ ലൈബ്രറിയും താമസസൗകര്യവും ഉള്‍പ്പടെ സജ്ഞമായ പഠനഗവേഷണ കേന്ദ്രമായും മാറും.

Tags:    

Similar News