അഞ്ച് ഏക്കറില്‍ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന വിശദീകരിച്ച് ഭൂഗര്‍ഭ ജല ചൂഷണ ആരോപണത്തെ തള്ളാന്‍ സിപിഎം; എലുപ്പുള്ളിയില്‍ സിപിഐയുടേത് കുടിവെള്ള പ്രശ്‌നത്തിലെ ആശങ്ക മാത്രം; ഇടതു മുന്നണിയില്‍ ജലചൂഷണം മറികടക്കാനുള്ള മാര്‍ഗ്ഗ രേഖവയ്ക്കാന്‍ സിപിഎം; ബ്രൂവറിയെ സിപിഐയ്ക്കും എതിര്‍ക്കേണ്ടി വരില്ല

Update: 2025-01-28 02:33 GMT

ആലപ്പുഴ : പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ രംഗത്തെത്തുമ്പോഴും സിപിഎമ്മിന് ആശങ്കയില്ല. കുടിവെള്ള പ്രശ്‌നം പരിഹരിക്കാതെ ബ്രൂവറി പദ്ധതി നടപ്പാക്കരുതെന്ന് മാത്രമാണ് ആലപ്പുഴയില്‍ ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം. ഇത് ബ്രൂവറി പദ്ധതിയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് സിപിഎം നിലപാട്. സര്‍ക്കാരിനോട് ഈ ആശങ്കമാറ്റാന്‍ സിപിഎം ആവശ്യപ്പെടും.

വിഷയത്തില്‍ സി.പി.ഐ നിലപാട് എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. ബ്രൂവറി അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്‌സിക്യുട്ടീവിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന എക്‌സിക്യുട്ടീവും തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് ഇതിനകം ഉയര്‍ന്നുവന്ന കുടിവെള്ള പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഭൂഗര്‍ഭ ജലമെടുക്കാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആശങ്ക തീര്‍ക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ബ്രൂവറിയില്‍ ഇടതുപക്ഷത്ത് ചര്‍ച്ച നടക്കട്ടേ എന്ന നിലപാടിലേക്ക് സിപിഐ എത്തിയത്. ഈ യോഗത്തില്‍ സര്‍ക്കാരില്‍ നിന്നും ജലചൂഷണം ഉണ്ടാകില്ലെന്ന ഉറപ്പ് സിപിഐ വാങ്ങും. അങ്ങനെ പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുകയും ചെയ്യും.

അനുമതി നല്‍കുന്നതിന് മുമ്പ് മുന്നണിയില്‍ കാര്യമായ ചര്‍ച്ച നടന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ആശങ്ക എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂഗര്‍ഭജലം എടുക്കില്ലെന്ന ഉറപ്പ് സിപിഐയ്ക്ക് സര്‍ക്കാര്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി നേരത്തെ തന്നെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. ഭൂഗര്‍ഭ ജലചൂഷണം നടത്തുന്നു എന്നാണ് പറയുന്നത്. ഒരു തുള്ളി ഭൂഗര്‍ഭ ജലം പദ്ധതിക്കായി എടുക്കില്ല. അത്തരത്തിലൊരു പ്രൊപ്പോസലിനല്ല സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ് മന്ത്രിയുടെ വാദം. പ്രൊപോസല്‍ വന്ന ഉന്‍തന്നെ ഭൂഗര്‍ഭ ജലം എടുക്കില്ലെന്ന നിഷ്‌കര്‍ഷ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന് ഒരുതുള്ളി ഭൂഗര്‍ഭ ജലം ഊറ്റില്ല, രണ്ട്: ആവശ്യമായ വെള്ളം മലമ്പുഴയില്‍ നിന്നും മഴവെള്ളത്തിലൂടെ സംഭരിക്കും .ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്ന സര്‍ക്കാര്‍ വാദം സിപിഐയ്ക്കും അംഗീകരിക്കേണ്ടി വരും. 5 ഏക്കറില്‍ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന വിശദീകരണം സിപിഐ ഉള്‍ക്കൊള്ളുമെന്നാണ് സിപിഎം പ്രതീക്ഷ.

പാലക്കാട്ട് സ്വകാര്യ ബ്രൂവറി അനുവദിക്കുന്നതിനോടു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ എതിര്‍പ്പുയര്‍ന്നു എന്നത് വസ്തുതയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ല. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് തത്വത്തില്‍ ധാരണ ഉണ്ടാവുകയും ചെയ്തു. പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റി പദ്ധതിയോട് എതിര്‍പ്പ് അറിയിച്ചതും പ്രദേശത്തിന്റെ പ്രത്യേകതകളും കൃഷിയെ ബാധിക്കുമെന്നതും കണക്കിലെടുക്കണമെന്ന വികാരമാണു യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തിനു ശേഷം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമാനമായ അഭിപ്രായം ആവര്‍ത്തിക്കുകയും ചെയ്തു. മനുഷ്യനെയും പ്രകൃതിയെയും ശുദ്ധജലത്തെയും മറക്കുന്ന വികസനത്തോട് ഇടതുപക്ഷത്തിനു യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശുദ്ധജലം, പരിസ്ഥിതി, കൃഷി എന്നിവയെ എങ്ങനെ ബാധിക്കും എന്നതാണു വികസന കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഉരകല്ല്. എന്നാല്‍, ഈ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇടത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണു ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ശുദ്ധജലവും ഭക്ഷ്യധാന്യങ്ങളും ചൂഷണം ചെയ്യുന്ന പദ്ധതിയോടുള്ള എതിര്‍പ്പ്, വിഷയം ചര്‍ച്ചയ്ക്കു വന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അറിയിച്ചിരുന്നതാണെന്നു പാര്‍ട്ടി മന്ത്രിമാര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധരിപ്പിച്ചെന്നാണു വിവരം. മദ്യം നിര്‍മിക്കാന്‍ വെള്ളവും കേടായ അരിയും പച്ചക്കറിയും ഉള്‍പ്പെടെ ഉപയോഗിക്കാമെന്ന കമ്പനിയുടെ ശുപാര്‍ശ സിപിഐ മന്ത്രിമാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍, മറിച്ചാണു പ്രചാരണമുണ്ടായതെന്നും വ്യക്തമാക്കിയെന്ന് അറിയുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയോടെയാണ് പദ്ധതിയെ മന്ത്രിസഭയില്‍ പിന്‍തുണച്ചതെന്ന് മന്ത്രിമാര്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിശദികരിച്ചു. മദ്യ നിര്‍മാണശാലക്ക് അനുമതി നല്‍കിയ മന്ത്രിസഭായോഗത്തിലെ കാര്യങ്ങളും മന്ത്രിമാര്‍ വിശദീകരിച്ചു. ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിമാരുടെ ന്യായീകരണം. പദ്ധതി വിവാദമായപ്പോള്‍ ഇക്കാര്യങ്ങള്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് സിപിഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വത്തോട് വിശദീകരിച്ചിരുന്നു.

Tags:    

Similar News